Saturday, March 14, 2026 Last Updated 47 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 23 Jun 2025 12.30 PM

‘‘സഹതാരങ്ങളുടെ പരാജയം ആഗ്രഹിക്കുന്ന ആളല്ല ജഗതി;1000ത്തിലധികം പടങ്ങളില്‍ അഭിനയിച്ച അസുഖബാധിതനായ ജഗതിയോട് ലാല്‍ ഉന്നയിച്ചത് ശരിയായില്ല...’’ ആലപ്പി അഷ്റഫ്

മലയാളത്തിന്റെ ഹാസ്യസാമ്രാട്ടായ ജഗതിയുടെ അഭിനയത്തെക്കുറിച്ച് നടനും സംവിധായകനുമായ ലാല്‍ പറഞ്ഞത് വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറയുകയാണ് സംവിധായകനായ ആലപ്പി അഷ്റഫ്.
Jagathy Sreekumar,  Aleppey Ashraf , Director Lal
Alappey Ashraf on lal comments aganist jagathy sreekumar (Image Source: Youtube)

മലയാളത്തിന്റെ ഹാസ്യസാമ്രാട്ടായി വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് ജഗതി ശ്രീകുമാര്‍. ഡയലോഗുകള്‍ കൊണ്ട് മാത്രമല്ല മുഖഭാവങ്ങള്‍ കൊണ്ടും വെള്ളിത്തിരയില്‍ നര്‍മ്മരസം കലര്‍ന്ന കഥാപാത്രങ്ങളെ ജഗതിയോളം പകര്‍ന്നാടിയ അഭിനേതാക്കള്‍ ഇല്ലെന്നു തന്നെ പറയാം. ഒരു ആക്സിഡന്റില്‍ പെട്ട് വെള്ളിത്തിരയില്‍ നിന്ന് ദീര്‍ഘകാലമായി ഇടവേളയെടുത്തിയിരിക്കുന്ന ജഗതിയുടെ തിരിച്ചുവരവിനായി ഇന്നും മലയാളികള്‍ കാത്തിരിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ദിവസം സംവിധായകനും നടനുമായ ലാല്‍ കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാറിനെതിരെ ഉയർത്തിയ വിമർശനം വലിയ ചർച്ചയായി മാറിയിരുന്നു. സംവിധാകനെ മുന്‍കൂട്ടി അറിയിക്കാതെ സ്വന്തം കൈയില്‍ നിന്നിട്ട് അഭിനയിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയാത്ത കാര്യമാണെന്നാണ് ലാല്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഈ അഭിമുഖ വീഡിയോയ്ക്ക് താഴെ ലാലിനെ വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും ഒരുപാട് ആരാധകര്‍ കമന്റുകളില്‍ കുറിച്ചിരുന്നു.
ഇപ്പോഴിതാ ലാലിന്റെ ഈ വിമർശനങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. ആയിരത്തിലധികം പടങ്ങളില്‍ അഭിനയിച്ച ജഗതിയോട് ഒരു നടനും സംവിധായകനും പറയാത്ത കാര്യമാണ് അസുഖബാധിതനായി ഇരിക്കുന്ന ജഗതിയുടെ നേർക്ക് ലാല്‍ ഉന്നയിച്ചിരിക്കുന്നതെന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.
‘‘സഹതാരങ്ങളുടെ പരാജയം ആഗ്രഹിക്കുന്ന ആള്‍ അല്ല ജഗതി. ആയിരത്തിലധികം പടങ്ങളില്‍ അഭിനയിച്ച ജഗതിയോട് ഒരു നടനും സംവിധായകനും പറയാത്ത കാര്യമാണ് അസുഖബാധിതനായി ഇരിക്കുന്ന ജഗതിയുടെ നേർക്ക് ലാല്‍ ഉന്നയിച്ചിരിക്കുന്നത്. ഇപ്പോഴുള്ള നടൻമാർക്ക് ഇട്ടുള്ള കൊട്ടാകാനും സാധ്യത ഉണ്ട്.
ആരുടെ മുന്നിലും കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാൻ ആർജവമുള്ള നടനായിരുന്നു ജഗതി. അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി കാര്യങ്ങള്‍ മറയില്ലാതെ പറയുന്നത് കാരണം എനിക്ക് ശത്രുക്കള്‍ കൂടുതലാണെന്ന്. ജഗതിയുടെ ഇത്തരം സ്വഭാവത്തെ കുറിച്ച്‌ പറയു​മ്പോള്‍ എനിക്ക് ഓർമ വരുന്ന ഒരു കാര്യമുണ്ട്.
മലയാളത്തില്‍ ആദ്യമായി ഫാൻസ് അസോസിയേഷൻ ഉണ്ടാകുന്നത് സുകുമാരനാണ്. ബാലചന്ദ്രമേനോന്റെ അണിയാത്ത വളകള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടക്കുമ്പോഴായിരുന്നു ആ അസോസിയേഷന്റെ ഉദ്ഘാടനം. ആ ചിത്രത്തില്‍ ഞാനും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഫാൻസ് അസോസിയേഷന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച പ്രോഗ്രാമിനിടയില്‍ മിമിക്രി അവതരിപ്പിക്കുവാനായി ഞാനും അവിടെ എത്തിയിരുന്നു. വേദിയില്‍ സുകുമാരനെ കൂടാതെ ബാലചന്ദ്ര മേനോനും ജഗതിയും മറ്റ് വിശിഷ്ടാതിഥികളും ഉണ്ടായിരുന്നു. ഓഡിറ്റോറിയം നിറഞ്ഞ് കവിഞ്ഞ ജനസാഗരവും.
ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള സുകുമാരന്റെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു, ‘ആരുടെ പേരിലുള്ള ഫാൻസ് അസോസിയേഷൻ ആണെങ്കിലും നല്ല കാര്യം ചെയ്യുക എന്നുള്ളതാണ് പ്രധാനം. നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് ഗുണകരമായ കാര്യങ്ങള്‍ നാം ചെയ്യണം എന്നൊക്കെ’യായിരുന്നു സുകുമാരൻ പ്രസംഗം. അടുത്ത ഊഴം ജഗതി ശ്രീകുമാറിന്റേതായിരുന്നു.
ജഗതി പറഞ്ഞു സുകുമാരൻ ഇവിടെ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. സുകുമാരൻ മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്ന ആളാണ്. എന്റെ ജീവിതത്തില്‍ അദ്ദേഹം എനിക്ക് വലിയൊരു ഉപകാരം ചെയ്ത് തന്നിട്ടുണ്ട്. അത് കേട്ട് ഓഡിറ്റോറിയത്തില്‍ ഇരുന്നവർ ആകെ ഇളകി മറിഞ്ഞു. കൂക്കിവിളികളും കയ്യടികളും അവിടെ ഉയർന്നു.
സുകുമാരന്റെ മുഖം വിളറി വെളുത്തു. ഞങ്ങളൊക്കെ ആകെ വിഷമിച്ചു. ജഗതി യാതൊരു കൂസലും ഇല്ലാതെ പ്രസംഗം കഴിഞ്ഞ് വേദി വിട്ടിറങ്ങുകയും ചെയ്തു. സുകുമാരൻ പിറ്റേദിവസം അതേക്കുറിച്ച്‌ എന്നോട് പറഞ്ഞത് ‘എന്നെ മോശക്കാരനാക്കുന്നതിന് വേണ്ടി അയാളുടെ അസൂയയില്‍ നിന്നും ഉടലെടുത്ത വാക്കുകളായിരുന്നു അതെന്ന്’.
എന്നാല്‍ പിന്നീടൊരിക്കല്‍ തിരുവനന്തപുരത്ത് തന്നെയുള്ള മറ്റൊരു വേദിയില്‍ വെച്ച്‌ ജഗതിക്ക് കയ്പ്പേറിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ജഗതിയെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദൻ പൊന്നാട അണിയിക്കുന്ന ഒരു സദസായിരുന്നു അത്. ഇതിനിടെ വിഎസിനോട് ആരോ പറഞ്ഞു കൊടുത്തു ജഗതി സ്ത്രീ പീഡനക്കേസില്‍ പ്രതിയാണെന്ന്. ‌വിഎസ് ജഗതിയെ പൊന്നാട അണിയിക്കാൻ കൂട്ടാക്കിയില്ല. ഈ സംഭവം ജഗതിക്ക് വലിയൊരു അവമതിപ്പുണ്ടാക്കി പത്രങ്ങളിലെല്ലാം വാർത്തയുമായി.
പിറ്റേദിവസം രാവിലെ ആലപ്പുഴയില്‍ ഉണ്ടായിരുന്ന എനിക്ക് വിഎസിന്റെ മകൻ അരുണിന്റെ ഫോണ്‍ വന്നു. ജഗതി ശ്രീകുമാർ എവിടെ ഉണ്ട്, അദ്ദേഹത്തിന്റെ ഫോണ്‍ നമ്പർ നല്‍കുമോ ,അച്ഛനെ ആരോ തെറ്റിദ്ധരിപ്പിച്ച സംഭവമാണ് ഇന്നലെ ഉണ്ടായത്, എനിക്ക് അദ്ദേഹത്തോട് എനിക്ക് സംസാരിക്കണമെന്ന്. ഞാൻ ജഗതിയുള്ള ലൊക്കേഷനിലെ പ്രൊഡക്ഷൻ മാനേജറെ വിളിച്ച്‌ ജഗതിയോട് ഈ വിവരം പറഞ്ഞു, അതേഫോണില്‍ തന്നെ വിഎസിന്റെ മകൻ വിളിച്ച്‌ ജഗതിയോട് സംസാരിച്ചു, അദ്ദേഹത്തെ ആശ്വസിപ്പിച്ചു...’’ അഷ്റഫ് പറഞ്ഞു. തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച്‌ വീഡിയോയിലൂടെയാണ് അഷ്റഫ് ഈ സംഭവങ്ങള്‍ പറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW