Saturday, March 14, 2026 Last Updated 23 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 26 Dec 2025 11.00 AM

വീല്‍ച്ചെയറില്‍ നിന്നെഴുന്നേറ്റ് സിനിമാസെറ്റില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം നടക്കുന്ന ജഗതി ശ്രീകുമാര്‍; കണ്ണുനിറച്ച് മലയാള ഹാസ്യസാമ്രാട്ട്; സത്യമാകാന്‍ പ്രാര്‍ത്ഥിക്കുവെന്ന് ആരാധകര്‍

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി ആരാധകര്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ജഗതി ​‍ശ്രീകുമാര്‍ മടങ്ങിവരുന്നതിന്റെ എഐ വീഡിയോയാണ് വൈറലാകുന്നത്.
Jagathy Sreekumar
Jagathy Sreekumar AI video (Image Source: Instagram)

അന്നുമിന്നും മലയാള സിനിമയില്‍ പകരം വയ്ക്കാനാകാത്ത ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍. ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരം ഒരു അപകടത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി വീല്‍ചെയറിലാണ്. വെള്ളിത്തിരയില്‍ നിന്ന് അകന്നു ജീവിക്കുകയാണെങ്കിലും മലയാളിയുടെ ദൈംദിന ജീവിതത്തില്‍ ജഗതിയുടെ കഥാപാത്രങ്ങളെയോ സംഭാഷണങ്ങളെയോ ഓർക്കാത്ത ഒരു ദിവസം പോലുമില്ലെന്ന് പറയാം. തങ്ങളുടെ ജീവിതത്തിലേക്ക് അത്രയ്ക്കും അലിഞ്ഞു ചേര്‍ന്നതാണ് ബിഗ് സ്ക്രീനില്‍ ജഗതി നല്‍കിയ നര്‍മ്മസംഭാഷണങ്ങള്‍.
ഒരു കാലത്ത് ജഗതിയില്ലാത്ത സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടില്ല എന്നു വേണം പറയാന്‍. ഏറ്റവും കൂടുതല്‍ മലയാള സിനിമകളില്‍ അഭിനയിച്ച നടന്‍ കൂടിയാണ് ജഗതി ശ്രീകുമാര്‍. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും ജഗതിയുടെ കഥാപാത്രത്തിന് കിട്ടുന്ന കൈയടികള്‍ക്ക് ഒരു കുറവും വന്നിട്ടില്ല. സംഭാഷണങ്ങള്‍ കൊണ്ടു മാത്രമല്ല നര്‍മ്മത്തിന്റെ രസക്കൂട്ടുകള്‍ മുഖത്തു വിരിയിച്ചും ജഗതി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. നാലു ദശകങ്ങള്‍ക്കാണ് മലയാളസിനിമ ജഗതിയുടെ കഥാപാത്രങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്.
കാറിന്റെ രൂപത്തിലെത്തിയ അപ്രതീക്ഷിത ദുരന്തം ജഗതി ശ്രീകുമാറെന്ന നടന് സിനിമയില്‍ നിന്ന് താത്കാലിക വിശ്രമം നല്‍കിയെങ്കിലും ഇന്നും ആ മഹാപ്രതിഭയുടെ തിരിച്ചുവരവിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. അവിസ്മരണീയമായ കുറേയെറെ കഥാപാത്രങ്ങളിലൂടെ അമ്പിളിച്ചേട്ടന്റെ തിരിച്ചുവരവിനായി ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് പ്രകടമാക്കുന്ന ഒരു എഐ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. ഈ എഐ വീഡിയോയുടെ തുടക്കത്തില്‍ വീല്‍ ചെയറിലിരുന്ന് തന്റെ പഴയകാല സിനിമകളുടെ വീഡിയോ ജഗതി കാണുന്നത് കാണാം. തന്റെ സിനിമകള്‍ കണ്ട് താരത്തിന്റെ കണ്ണുകള്‍ ഈറനണിയുന്നുണ്ട്. എന്നാല്‍ പിന്നീട് പൂര്‍ണ്ണ ആരോഗ്യവാനായി ചിരിച്ചു കൊണ്ട് വീല്‍ ചെയർ ഉപേക്ഷിച്ച്‌ സ്വയം നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അവസാനം മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സിനിമ സെറ്റുകളില്‍ എത്തുന്ന ജഗതി ശ്രീകുമാറിനെയും വീഡിയോയില്‍ കാണാം.
‘‘അനവധി ഹാസ്യമുഹൂർത്തങ്ങളും നടന വിസ്മയങ്ങളും നമുക്ക് നഷ്ടമായെങ്കിലും പൂർവാധികം കരുത്തോടെ ഈ അതുല്യ നടന്റെ തിരിച്ചുവരവ് നിങ്ങളെ പോലെ ഞങ്ങളും ആഗ്രഹിക്കുന്നു.....ആ അവിശ്വസനീയമായ തിരിച്ചുവരവിന് നമുക്ക് കാത്തിരിക്കാം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സെൻ എഐ മീഡിയ ഈ എഐ വീഡിയോ പങ്കിട്ടിരിക്കുന്നത്. ആരാധകഹൃദയം സ്പര്‍ശിക്കുന്ന ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. നിരവധി ആരാധകരാണ് പോസ്റ്റില്‍ കമന്റുമായെത്തുന്നത്. ജഗതി ശ്രീകുമാർ എത്രയും വേഗം സുഖംപ്രാപിച്ച്‌ തിരികെ സിനിമയിലേക്ക് വരട്ടേ എന്നാണ് കമന്റ് ബോക്സില്‍ ആരാധകർ ആശംസിക്കുന്നത്.

2012 മാര്‍ച്ച്‌ 10 ന് ദേശീയ പാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവില്‍ വെച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു ജഗതി ശ്രീകുമാറിന് ഗുരുതരമായി പരിക്കുപറ്റിയത്. തുടര്‍ന്ന് ഒരു വര്‍ഷത്തോളം താരം ആശുപത്രിയിലായിരുന്നു. ആ അപകടത്തിന്റെ ബാക്കിപത്രമായി താരം ഇതുവരെ പൂര്‍ണാരോഗ്യം വീണ്ടെടുത്തിട്ടില്ല. 2022 ല്‍ പുറത്തിറങ്ങിയ ‘സിബിഐ5- ദ ബ്രെയ്ൻ’ എന്ന ചിത്രത്തിലെ നിർണായകമായ രംഗത്തില്‍ ജഗതി അഭിനയിച്ചിരുന്നു. അരുണ്‍ ചന്തുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘വല’ എന്ന ചിത്രത്തിലും ജഗതി ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്. പ്രൊഫസര്‍ അമ്പിളി അഥവാ അങ്കില്‍ ലൂണ. ആര്‍ എന്ന കഥാപാത്രമായാണ് ജഗതി ചിത്രത്തിലെത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW