-->
മലയാളസിനിമയിലെ ഹാസ്യസാമ്രാട്ട് എന്ന് വിളിപ്പേര് അന്വര്‍ത്ഥമാക്കിയ കലാകാരനാണ് ജഗതി ശ്രീകുമാര്‍. ചിരിപ്പിച്ച, ചിന്തിപ്പിച്ച, നൊമ്പരപ്പെടുത്തിയ ഒരുപാട് കഥാപാത്രങ്ങള്‍ ജഗതി വെള്ളിത്തിരയിലൂടെ അനശ്വരമാക്കിയിട്ടുണ്ട്. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടൻമാരിൽ ഒരാളായ ജഗതി ശ്രീകുമാര്‍ അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്മയിപ്പിച്ചിട്ടുണ്ട്. ജഗതിയുടെ കഥാപാത്രങ്ങളെ ഒരിക്കലും മലയാളി മറക്കില്ല.
കഴിഞ്ഞ കുറെ നാളുകളായി ഒരു അപകടത്തെത്തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. മലയാളി പ്രേക്ഷകരെ എന്നും പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള താരം മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ജഗതിയുടെ ചില രീതികള്‍ തെറ്റാണെന്ന് പറയുകയാണ് നടൻ ലാല്‍. ഒട്ടും പ്രതീക്ഷിക്കാതെ പറയുന്ന ചില ഡയലോഗുകള്‍ അമ്പിളി ചേട്ടന്‍ പറയാറുണ്ടെന്നും അത് പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നുമാണ് ലാല്‍ പറയുന്നത്.
‘‘അമ്പിളി ചേട്ടനെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ പറയുന്ന കാര്യമാണ് പുള്ളി ഷോട്ട് എടുക്കുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോഗ് പറയും. ചില മൂവ്മെന്റസ് ഇടും എന്ന്. അത് ഒട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണ്. അങ്ങനെ ചെയ്യാനേ പാടില്ല. ചെയ്താല്‍ പറഞ്ഞിട്ട് ചെയ്യണമായിരുന്നു എന്ന് സംവിധായകൻ നിർബന്ധമായും പറയണം. അല്ലെങ്കില്‍ നന്നായിരുന്നെന്ന് പറയുകയോ വേണ്ടെന്ന് പറഞ്ഞ് മാറ്റുകയോ ചെയ്യണം. അതൊരു കഴിവായും മിടുക്കായും വെക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല. ഏത് വലിയ നടനാണെങ്കിലും.
സീനിനെ ഹർട്ട് ചെയ്യുമോ എന്നതിലുപരി കൂടെ നില്‍ക്കുന്ന ആർട്ടിസ്റ്റുകളുണ്ട്. നമ്മള്‍ ഒരു കാര്യം തീരുമാനിച്ച് ഉറപ്പിച്ചാണ് പോകുന്നത്. ഇയാള്‍ പറഞ്ഞ് നിർത്തുന്ന ഡയലോഗിലെ അവസാന വാക്ക് കണക്‌ട് ചെയ്തിട്ടായിരിക്കും ഞാൻ ഡയലോഗ് പറയേണ്ടത്. കണക്ഷൻ നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ നമുക്ക് പറയാൻ ബുദ്ധിമുട്ട് വരും. ചിലപ്പോള്‍ നമ്മള്‍ പറഞ്ഞൊപ്പിക്കുമായിരിക്കും. പക്ഷെ അത് നമ്മുടെ പറഞ്ഞൊപ്പിക്കല്‍ ആവും. അപ്പൊ വീക്ക് ആകുന്നത് ഈ നടനാണ്. അദ്ദേഹം അവിടെ ജയിക്കുമ്പോള്‍ ഇവിടെയാെരാള്‍ പരാജയപ്പെടുകയാണ്. സ്വന്തമായി ഡയലോഗില്‍ കൂട്ടിച്ചേർക്കല്‍ നടത്തുന്നത് ഒട്ടും നല്ല ലക്ഷണമല്ല...’’ ലാല്‍ തുറന്നു പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ഇത് പറഞ്ഞത്.
എന്നാല്‍ ലാലിന്റെ ഈ തുറന്നു പറച്ചില്‍ മിക്ക ആരാധകരെയും ചൊടിപ്പിച്ചിട്ടുണ്ട്. പലരും ഈ അഭിപ്രായത്തെ എതിര്‍ത്ത് കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ജഗതി സർ അനങ്ങനെയൊക്കെ ചെയ്തത് കൊണ്ട് നമുക്ക് ചിരിക്കാൻ വകക്ക് ഒരുപാട് ഉണ്ടായി. ഹാസ്യം എഴുതി വെക്കാം ഉണ്ടാക്കി ഫലിപ്പിക്കാൻ പാടാണ്. ഒരു സ്ക്രിപ്റ്റ് ഡയലോഗ് പച്ചവെള്ളം പഠിച്ചു അങ്ങോട്ടും ഇങ്ങോട്ടും നോക്കി പറഞ്ഞാൽ അത് ശുദ്ധ ബോർ ആയിരിക്കും. അതൊഴിവാക്കാൻ ഇത്തരം ഇംപ്രൊവൈസേഷന്‍ ആവശ്യമാണ്. ജഗതി ചേട്ടന്റെ കൂടെ അഭിനയിക്കുമ്പോൾ പുള്ളി കൈയീന്ന് ഇടും എന്ന് മനസ്സിലാക്കി നിക്കേണ്ടത് ഇവരുടെയൊക്കെ ഉത്തരവാദിത്തമാണ്. അല്ലാതെ അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ലാൽ സാറിനോട് വിയോജിക്കുന്നു’, ‘ഭാവങ്ങളും ശരീര ചലനങ്ങളും കൊണ്ടാണ് ജഗതി നമ്പറിടുന്നത്. അതു കൊണ്ട് തന്നെയാണ് അദ്ദേഹത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി മലയാളികൾ അംഗീകരിച്ചത്. ലാൽ എല്ലാ സിനിമയിലും ഒരേ പോലെയാണ്. പക്ഷേ ഒരു സിനിമയിലെ ജഗതി മറ്റൊരു സിനിമയിൽ ഉണ്ടാവില്ല, ‘അത് ജഗതിയുടെ മിടുക്ക്, കണ്ടറിഞ്ഞു നിൽക്കുക എന്നതാണ് സ്പൊണ്ടേനിറ്റി...കുറ്റം പറയേണ്ട കാര്യമൊന്നുമില്ല...’ എന്നതടക്കമാണ് കമന്റുകള്‍.