-->
സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ബോബന്‍ ആലുംമൂടന്‍. അന്തരിച്ച നടന്‍ ആലുംമൂടന്റെ മകനാണ് ബോബന്‍. കുഞ്ചാക്കോ ബോബനും ശാലിനിയും പ്രധാന വേഷങ്ങളിലെത്തിയ നിറം എന്ന സിനിമയിലെ പ്രകാശ് മാത്യു എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. ഈ സിനിമയില്‍ അദ്ദേഹം അഭിനയിച്ച ' പ്രായം നമ്മില്‍' എന്ന ഗാനം ഇപ്പോഴും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്.
ഇപ്പോള്‍ ഈ ഗാനത്തിന് റീല്‍ ചെയ്ത് സമൂഹമാധ്യമങ്ങളില്‍ വീണ്ടും കയ്യടി നേടുകയാണ് നടന്‍. നടി ഗൗതമി കൗറിനും കുട്ടികള്‍ക്കുമൊപ്പമാണ് ബോബന്‍ ആലുംമൂടന്‍ പാട്ട് പാടി അഭിനയിക്കുന്നത്. ഗൗതമി തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
' നിറത്തിലെ പ്രകാശ് മാത്യു റിപ്പോര്‍ട്ടിങ്. ഞാന്‍ ജനിക്കുന്നതിനു മുന്‍പ് അഭിനയം തുടങ്ങിയ ഒരാള്‍ക്ക് വേണ്ടി. എന്നെക്കാള്‍ ഒരുപാട് ശാന്തനാണ് അദ്ദേഹം. ഷൂട്ടിങ് ലൊക്കേഷനിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം. അങ്ങയുടെ എനര്‍ജി ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. നിര്‍മല ഹൃദയമുളള ഒരാളായതിനു നന്ദി' , എന്ന അടിക്കുറിപ്പോടെയാണ് നടി വീഡിയോ പങ്കുവെച്ചത്.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങള്‍ അറിയിച്ചിരിക്കുന്നത്. ബോബന്‍ ഇപ്പോഴും പഴയ പോലെ തന്നെ ഇരിക്കുന്നു എന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ' ഇയാള്‍ക്കു പ്രായം ആകില്ലേ', ' ഈ ഒരൊറ്റ പാട്ട് മതി നിങ്ങളെ ഓര്‍മിക്കാന്‍', എന്നിങ്ങനെയാണ് കമന്റുകള്‍.