-->
ഹൈദരാബാദിലെ പ്രശസ്തമായ രാമോജി ഫിലിം സിറ്റിയെക്കുറിച്ച് നടി കജോള്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ മായുടെ പ്രചാരണത്തിനിടെ നല്‍കിയ അഭിമുഖത്തിലാണ് നടി രാമോജി ഫിലിം സിറ്റിയെ 'ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളില്‍ ഒന്ന്' എന്ന് വിശേഷിപ്പിച്ചത്. ഈ പ്രസ്താവന പലര്‍ക്കും, പ്രത്യേകിച്ച് ഹൈദരാബാദുകാര്‍ക്ക്, അത്ര രസിച്ചിട്ടില്ല.
'' എനിക്ക് അസ്വസ്ഥത തോന്നിയ സ്ഥലങ്ങളില്‍ ഞാന്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ലോകത്തിലെ ഏറ്റവും പ്രേതബാധയുളള സ്ഥലങ്ങളില്‍ ഒന്നായിട്ടാണ് എനിക്ക് രാമോജി ഫിലിം സിറ്റി അനുഭവെപ്പട്ടത്. വ്യക്തിപരമായി താന്‍ അവിടെ പ്രേതങ്ങളെ കണ്ടിട്ടില്ലെങ്കിലും, ഭയാനകമായ ഒരുതരം ഊര്‍ജ്ജം അനുഭവപ്പെട്ടു,'' കജോള്‍ പറഞ്ഞു.
പലവിധ പ്രതികരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് വരുന്നത്. നിരവധി പേര്‍ കജോളിന്റെ പ്രസ്താവന അടിസ്ഥാനരഹിതം ആണെന്നാണ് അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് വളരെക്കാലമായി അഭിമാനകരമായ ഒരു സ്ഥലത്തോട് നടി അനാദരവ് നടത്തിയെന്നും പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്.
രാമോജിയിലെ പ്രേതാനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്ന ആദ്യത്തെ സെലിബ്രിറ്റിയല്ല കജോള്‍. മുന്‍പ് തപ്‌സി പന്നു, ചലച്ചിത്രകാരന്‍ രവി ബാബു, രാഷി ഖന്ന, സംവിധായകന്‍ സുന്ദര്‍ സി തുടങ്ങിയവര്‍ ഈ സ്ഥലത്തെക്കുറിച്ചുളള തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു. ഈ മാസം 27-നാണ് കജോള്‍ മുഖ്യവേഷത്തിലെത്തുന്ന മാ എന്ന ഹൊറര്‍ ചിത്രം പുറത്തിറങ്ങുന്നത്.