-->
വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന നിലയില്‍ ആദ്യം മുതലേ വന്‍ ഹൈപ്പ് കിട്ടിയ ചിത്രമാണ് ജന നായകന്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തിന്റെ പൂജ ചടങ്ങില്‍ വിജയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ മമിത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിജയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് മമിത. സൂപ്പര്‍ കൂള്‍ ആയ മനുഷ്യന്‍ എന്നാണ് നടി വിജയ്‌യെ വിശേഷിപ്പിച്ചത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമിത.
'കൃത്യനിഷ്ഠയുള്ള ആളും വളരെ കൂളായ വ്യക്തിയുമാണ് ദളപതി വിജയ്. ഒരു നല്ല കേള്‍വിക്കാരന്‍ ആണ് വിജയ് സാര്‍. ഞാന്‍ എപ്പോഴും എന്തെങ്കിലും ഒക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അദ്ദേഹം അതെല്ലാം മൂളി കൊണ്ട് കേട്ടുകൊണ്ടിരിക്കും. അത് കഴിഞ്ഞായിരിക്കും എനിക്ക് ബോധം വരുന്നത് ഇങ്ങനെ ഒന്നും പറയാന്‍ പാടില്ലല്ലോ എന്നോര്‍ത്ത്. ഒരു സൂപ്പര്‍ കൂള്‍ മനുഷ്യന്‍ ആണ് അദ്ദേഹം', -മമിത പറഞ്ഞു.
2026 ജനുവരി 9ന് ആണ് ' ജന നായകന്‍' തിയേറ്ററില്‍ എത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയ മണി തുടങ്ങി വന്‍താരനിരയാണ് ജന നായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.