-->
വമ്പന്‍ താരനിരകളോ ബിഗ് ബജറ്റുകളോ ഇല്ലെങ്കില്‍ കൂടി ചില സിനിമകള്‍ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്താറുണ്ട്. അത്തരത്തില്‍ പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും നേടി മുന്നേറിയ പല ചിത്രങ്ങളുമുണ്ട് മലയാളത്തില്‍. അത്തരത്തില്‍ ബോക്സ് ഓഫിസ് വിജയവും നിരൂപക പ്രശംസയും നേടി കുതിക്കുകയാണ് ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഹി കബീർ രചനയും സംവിധാനവും നിർവഹിച്ച റോന്ത്. പ്രേക്ഷകര്‍ മാത്രമല്ല സിനിമാമേഖലയിലുള്ളവരും റോന്തിനെ പ്രശംസിച്ച് കമന്റുകള്‍ കുറിക്കുന്നുണ്ട്.
ഇപ്പോഴിതാ റോന്ത് എന്ന സിനിമ നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത നായാട്ട് സിനിമയുടെ രണ്ടാം ഭാഗത്തിലേക്കുള്ള പാതയാണ് എന്ന് പറയുകയാണ് സംവിധായകന്‍ ഷാഹി കബീര്‍. ഷാഹി കബീറിന്റെ തിരക്കഥയില്‍ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലേക്കുള്ള ഒരു പാതയാണ് റോന്തെന്നും നിരവധി പ്രേക്ഷകർ നായാട്ട് 2 സംഭവിക്കുമോ എന്ന് ചോദിച്ചിട്ടുണ്ടെന്നും തനിക്കും അത് ചെയ്യാൻ ആഗ്രഹമുണ്ടെന്നും ഷാഹി കബീർ പറയുന്നു..
‘‘പ്രേക്ഷകർ ആഗ്രഹിക്കുന്ന പോലെ നായാട്ട് 2 സംഭവിക്കണം എന്നത് എന്റെ ആഗ്രഹവുമാണ്. അവർ രണ്ടുപേരും കോടതിയില്‍ പോയാല്‍ എന്തായിരിക്കും എന്നൊരു തോട്ടാണ് അതിന്റെ തുടക്കം. സത്യം പറഞ്ഞാല്‍, നായാട്ട് 2 ലേക്കുള്ള പാതയാണ് റോന്ത്. ഒരേ കാലഘട്ടത്തിലാണ് രണ്ട് കഥകളും നടക്കുന്നത്. റോന്ത് ന് ഒരു ടെയില്‍ എൻഡ് ഉണ്ടായിരുന്നതാണ് സത്യം. നായാട്ടിലെ കഥാപാത്രങ്ങളെ കൂടി ഉള്‍പ്പെടുത്തി ആലോചിച്ച വണ്ണമാണ് അത്..
നായാട്ടിലെ ദലിത് വിരുദ്ധത എന്ന വിമർശനം തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്. ഭരണകൂടത്തിന്റെ നിലപാടുകളോടുള്ള നിസഹകരണമാണ് ക്ലൈമാക്സിലൂടെ പറയാൻ ശ്രമിച്ചത്. അല്ലാതെ, അതില്‍ ദലിത് വിരുദ്ധതയില്ല. സിനിമയിലെ ബിജു എന്ന കഥാപാത്രത്തെ ഞാൻ തന്നെ പല സ്റ്റേഷനുകളില്‍ കണ്ടിട്ടുണ്ട്. ഒരു ദലിത് നേതാവിനെ അറസ്റ്റ് ചെയ്താല്‍ മാത്രമല്ല, ഒരു സവർണ രാഷ്ട്രീയ നേതാവിനെയോ മറ്റ് സമുദായങ്ങളിലെ മുൻനിരക്കാരെയോ അറസ്റ്റ് ചെയ്താലും അപ്പോള്‍ തന്നെ സ്റ്റേഷനിലേക്ക് കോള്‍ വരും. പക്ഷെ, അവന് പൊലീസില്‍ നിന്നും ലഭിക്കുന്ന മോശം പെരുമാറ്റം യഥാർത്ഥത്തിലും സംഭവിച്ചേക്കാം.
വിമർശനങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വരാം. ഉദാഹരണത്തിന്, ജോസഫ് സിനിമയിലെ എഴുത്തിനെതിരെ ഉയർന്ന വിമർശനങ്ങളില്‍ ഞാൻ ഓക്കെയാണ്. പക്ഷെ, നായാട്ടില്‍ ദലിത് വിരുദ്ധതയുണ്ട് എന്ന വിമർശനങ്ങള്‍ പ്രതീക്ഷിക്കാത്തതായിരുന്നു. ആ സമയം അത് വലിയ മാനസിക സംഘർഷങ്ങള്‍ ഉണ്ടായി, അതിനെക്കുറിച്ചുള്ള മെസേജുകള്‍ വരുമ്പോള്‍ തകർന്നിട്ടുണ്ട്. സിസ്റ്റം അതിന്റെ ടൂള്‍സിനെ എത്തരത്തില്‍ ഉപയോഗപ്പെടുത്തുന്നു എന്നത് മാത്രമാണ് നായാട്ടിലൂടെ ഉദ്ദേശിച്ചത്...’’ ഷാഹി കബീര്‍ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഷാഹി കബീര്‍ മനസ്സ് തുറന്നത്.
പേര് സൂചിപ്പിക്കും പോലെ രണ്ടു പൊലീസുകാരുടെ ഒരു ദിവസത്തെ നൈറ്റ് പട്രോളിങ് ഡ്യൂട്ടിയാണ് ‘റോന്ത്. പരിചയസമ്പന്നനായ യോഹന്നാൻ എന്ന പൊലീസുകാരനായി ദിലീഷും ദിൻനാഥ് എന്ന ജൂനിയർ പൊലീസ് ഉദ്യോഗസ്ഥനായി റോഷനും സിനിമയിൽ ഗംഭീര പ്രകടനം നടത്തുന്നുണ്ട്. ഡ്യൂട്ടിക്കിടയിൽ ഇരുവരും എത്തിപ്പെടുന്ന വിവിധ ജീവിത സാഹചര്യങ്ങളും നേരിടുന്ന വെല്ലുവിളികളുമാണ് സിനിമ.