-->
ബോളിവുഡിന്റെ പെര്‍ഫക്ഷനിസ്റ്റായി എന്നും പ്രേക്ഷകരിഷ്ടപ്പെടുന്ന താരമാണ് ആമീര്‍ ഖാന്‍. ബാലതാരമായി വെള്ളിത്തിരയിലെത്തിയ താരം ഖയാമത് സെ ഖയാമത് തക് എന്ന ചിത്രത്തിലെ കോളജ് കുമാരനായി നായകനിരയിലേക്ക് ഉയര്‍ന്ന താരം കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി ബിഗ് സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
താരം ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘താരേ സമീന്‍ പര്‍’. ഡിസ്‌ലെക്സിക് ബാധിതനായ 8 വയസ്സുള്ള ഇഷാൻ എന്ന കുട്ടിയുടെ ജീവിതവും ഭാവനയുമായിരുന്ന ചിത്രം ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി. ആ സിനിമയുടെ തുടര്‍ച്ചയായ ‘സിതാരെ സമീന്‍ പര്‍’ സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണ് താരമിപ്പോള്‍. ഒരു സ്പോർട്സ് കോമഡി ജോണറില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് മേല്‍ വലിയ പ്രതീക്ഷകളാണുള്ളത്. ചിത്രം ജൂണ്‍ 20 ന് പുറത്തിറങ്ങും.
ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റില്‍ അഭിനേതാക്കളെ കാണാനായി നടൻ ഷാരൂഖ് ഖാൻ എത്തിയ വീഡിയോ പുറത്തിവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വീഡിയോയില്‍ ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ഷാരൂഖ് അഭിനേതാക്കളുമായി സംവദിക്കുന്നതും അവരുമൊത്ത് തമാശകള്‍ പറയുന്നതും കാണാം.
ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ ഷാരൂഖ് ഖാന്റെ ഹിറ്റ് ഡയലോഗുകള്‍ പറയുന്നതും നടന്റെ ഐകോണിക് പോസ് അനുകരിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ആമിർ ഖാനും സെറ്റിലുണ്ടായിരുന്നു. ഏറെ നേരം അഭിനേതാക്കള്‍ക്കൊപ്പം ചെലവഴിച്ച ശേഷമാണ് ഷാരൂഖ് സെറ്റ് വിട്ടത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് സോഷല്‍ല്‍ മീഡിയയില്‍ നിറയുന്നത്.
ഒരു ബാസ്കറ്റ്ബോള്‍ കോച്ചിന്റെ വേഷത്തിലാണ് ആമിർ ഖാൻ സിനിമയിലെത്തുന്നത്. താരത്തിന്റെ വമ്പന്‍ തിരിച്ചുവരവും മികച്ച വിജയവും ഈ ചിത്രം നേടുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. താരേ സമീൻ പർ എന്ന സിനിമയുടെ സീക്വല്‍ ആണ് ‘സിത്താരെ സമീൻ പർ’ എന്നും ഇതൊരു സ്പാനിഷ് സിനിമയുടെ അഡാപ്റ്റേഷൻ ആണെന്നും നേരത്തെ ആമിർ ഖാൻ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തില്‍ ജെനീലിയയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ശങ്കർ - എഹ്സാൻ - ലോയ് ആണ് സംഗീതം. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തുന്ന ആമിർ ഖാൻ സിനിമയാണിത്. ലാല്‍ സിംഗ് ഛദ്ദ ആയിരുന്നു അവസാനമായി തിയേറ്ററിലെത്തിയ ആമിർ ചിത്രം.