-->
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ മലയാളി നഴ്‌സ് രഞ്ജിതയെ അപമാനിക്കുന്ന തരം കമന്റിട്ട ജൂനിയര്‍ സൂപ്രണ്ടിന് എതിരേ കടുത്ത നടപടിയെടുക്കാന്‍ റവന്യൂ വകുപ്പ്. ഇക്കാര്യത്തില്‍ വെള്ളരിക്കുണ്ട് ജൂണിയര്‍ സൂപ്രണ്ടായ പവിത്രന് മെമ്മോ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇയാളെ നേരത്തേ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. കൂടുതല്‍ നടപടികളിലേക്ക് കടക്കാന്‍ സമയവും സാഹചര്യവും ആവശ്യമായതിനാല്‍ മെമ്മോ നല്‍കാനാണ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്.
ഇതിന് ഇദ്ദേഹം നല്‍കുന്ന മറുപടിയെ ആശ്രയിച്ചായിരിക്കും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുക. നേരത്തേ വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിന് കീഴില്‍ ജാതിആക്ഷേപവും അശ്‌ളീലചുവയുള്ള കമന്റും ഇട്ടതിന് പിന്നാലെയാണ് പവിത്രന്‍ വിവാദത്തിലായത്്. കാര്യം വിവാദമായി മാറിയതോടെ ഇയാള്‍ കമന്റ് പിന്‍വലിച്ച് മാപ്പുപറഞ്ഞെങ്കിലും നടപടി മുമ്പോട്ട് പോകുകയായിരുന്നു. വെള്ളരിക്കുണ്ട് താലൂക്കിലെ ഡെപ്യൂട്ടി തഹസില്‍ദാറായ പവിത്രന്‍ ഇത് രണ്ടാം തവണയാണ് സമാനരീതിയില്‍ പ്രതികരിച്ചിട്ടുള്ളത്.
9 മാസം മുന്‍പും സമാന സംഭവത്തില്‍ കളക്ടര്‍ പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍, കാഞ്ഞങ്ങാട് എംഎല്‍എയും മുന്‍ മന്ത്രിയും സിപിഐ നേതാവുമായ ഇ ചന്ദ്രശേഖരെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിനാണ് പവിത്രന് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. ്. 2024 സെപ്റ്റംബര്‍ 12നാണ് ഇ ചന്ദ്രശേഖരനെ അധിക്ഷേപിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതു സംബന്ധിച്ച് ചന്ദ്രശേഖരന്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഉടന്‍ തന്നെ പോസ്റ്റ് പിന്‍വലിച്ച പവിത്രന്‍ തെറ്റ് സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് വിശദീകരണം നല്‍കി.