Friday, March 20, 2026 Last Updated 13 Min 7 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 16 Jun 2025 12.47 AM

വീണ്ടും മഴക്കെടുതി; 11 ജില്ലകളിലും രണ്ട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

uploads/news/2025/06/786366/Rain5.jpg

സംസ്‌ഥാനത്ത്‌ വീണ്ടും മഴക്കെടുതി. പലയിടങ്ങളിലും മരംകടപുഴകി വീണ്‌ നാശനഷ്‌ടം. താഴ്‌ന്നപ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട്‌ ഗതാഗത തടസമുണ്ടായി. വടക്കന്‍ കേരളത്തില്‍ ഇന്നും അതിതീവ്രമഴയ്‌ക്ക് സാധ്യതയുണ്ട്‌. സംസ്‌ഥാനത്ത്‌ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ്‌ മുന്നറിയിപ്പ്‌.

കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി പത്തനംതിട്ട ജില്ലയിലാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്. കാസർകോട്, വയനാട്, കണ്ണൂർ, തൃശൂർ, മലപ്പുറം, ഇടുക്കി, കോഴിക്കോട്, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അവധിയില്ല.

ആലപ്പുഴയിലും കോഴിക്കോടും കണ്ണൂരിലും ഭാ​ഗികമായാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴയിൽ കുട്ടനാട് താലൂക്കിൽ മാത്രമാണ് അവധി. എന്നാൽ ഇവിടെ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കണ്ണൂരിൽ മാത്രം പ്രൊഫഷണൽ കോളേജുകള്‍ ഒഴികെയുള്ള സ്കൂളുകള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു നാലു ജില്ലകളിൽ പ്രൊഫഷണൽ കോളേജുകള്‍ക്കും അവധി ബാധകമാണ്.

ഇതിനിടെ മൂന്നു ചക്രവാതച്ചുഴികളുടെ സാന്നിധ്യമുള്ളതിനാല്‍ അടുത്ത അഞ്ചുദിവസം കേരളത്തില്‍ വ്യാപകമഴയ്‌ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. ഇന്ന്‌ മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ റെഡ്‌ അലെര്‍ട്ട്‌ പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌ ജില്ലകളില്‍ ഓറഞ്ച്‌ അലെര്‍ട്ടാണ്‌. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെലോ അലെര്‍ട്ട്‌. കേരളം, കര്‍ണാടക,ലക്ഷദ്വീപ്‌ തീരങ്ങളില്‍ 19 വരെ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന നിലമ്പൂരിലും ഇന്നലെ രാവിലെ മുതല്‍ കനത്ത മഴയാണു പെയ്‌തത്‌. ഇത്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തെയടക്കം ബാധിച്ചിട്ടുണ്ട്‌.

കൊല്ലം ഇരവിപുരം പോളയത്തോട്‌ റെയില്‍വേ ട്രാക്കിന്‌ കുറുകെ മരം വീണു. ട്രാക്കിലെ ഇലക്‌ട്രിക്‌ ലൈനില്‍ തട്ടി മരത്തിന്‌ തീപിടിക്കുകയും ചെയ്‌തു.
ഇതിന്‌ പിന്നാലെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിലച്ചു. എറണാകുളത്തേക്കുള്ള നിരവധി ട്രെയിനുകള്‍ പിടിച്ചിട്ടു. രാത്രി ഒന്‍പതോടെ മരം മുറിച്ചു മാറ്റി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW