Monday, March 16, 2026 Last Updated 2 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jun 2025 04.31 PM

'ചുറ്റും നെഗറ്റിവിറ്റി, മാര്‍ക്കോ 2 ഉപേക്ഷിച്ചു'; കാരണം വ്യക്തമാക്കി ഉണ്ണി മുകുന്ദന്‍

there, will

ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ചിത്രമാണ് മാര്‍ക്കോ. വന്‍ വിജയം നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വയലന്റ് ആയ സിനിമ എന്ന വിശേഷണത്തോടെ വന്ന സിനിമ കേരളത്തില്‍ മാത്രമല്ല ഉത്തരേന്ത്യയിലും വലിയ വിജയം നേടിയിരുന്നു.

വയലന്‍സും ആക്ഷനുമായിരുന്നു മാര്‍ക്കോയെ വ്യത്യസ്തമാക്കിയത്. ഇതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടുവെങ്കിലും ചിത്രം വലിയൊരു ആരാധകവൃന്ദത്തെ തന്നെ സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു അണിയറ പ്രവര്‍ത്തകര്‍. അതിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ നല്‍കുന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

മാര്‍ക്കോയുടെ തുടര്‍ച്ച ഉണ്ടാകില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ തന്റെ ബോഡി ട്രാന്‍സ്ഫര്‍മേഷന്‍ വീഡിയോ പങ്കുവച്ചിരുന്നു ഉണ്ണി മുകുന്ദന്‍. ഇതിന്റെ കമന്റ് ബോക്‌സില്‍ ഒരു ആരാധകന്‍ മാര്‍ക്കോ 2 എപ്പോള്‍ വരും എന്ന് ചോദിച്ചു. പിന്നാലെ മാര്‍ക്കോ 2 ഉപേക്ഷിച്ചതായി ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കുകയായിരുന്നു.

''ബ്രോ, ക്ഷമിക്കണം. ഞാന്‍ മാര്‍ക്കോ സീരീസ് തുടരാനുളള ആലോചന ഉപേക്ഷിച്ചു. ആ പ്രൊജക്ടിനെ ചുറ്റിപ്പുറ്റി ഒരുപാട് നെഗറ്റിവിറ്റിയുണ്ട്. മാര്‍ക്കോയേക്കാള്‍ മികച്ചതും വലുതുമായ എന്തെങ്കിലും കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കും. സ്‌നേഹത്തിനും പോസിറ്റിവിറ്റിയ്ക്കും നന്ദി. ചിയേഴ്‌സ്'' എന്നാണ് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി. പിന്നാലെ നിരവധി പേരാണ് ഉണ്ണി മുകുന്ദന്റെ മറുപടിയ്ക്ക് പ്രതികരണവുമായി എത്തുന്നത്. മാര്‍ക്കോയ്ക്ക് രണ്ടാം ഭാഗമുണ്ടാകില്ലെന്നത് ആരാധകരെ നിരാശപ്പെടുത്തുകയാണ്.

ഹനീഫ് അദേനിയായിരുന്നു മാര്‍ക്കോയുടെ സംവിധാനം. സിദ്ധീഖ്, കബീര്‍ ദുഹാന്‍ സിംഗ്, ആന്‍സണ്‍ പോള്‍, അഭിമന്യു ഷമ്മി തിലകന്‍, ജഗദീഷ്, യുക്തി തരേജ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. ഷരീഫ് മുഹമ്മദ് ആണ് സിനിമയുടെ നിര്‍മ്മാണം. രവി ബസൂര്‍ ആയിരുന്നു സിനിമയുടെ സംഗീത സംവിധാനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW