Friday, March 13, 2026 Last Updated 22 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jun 2025 05.52 PM

നസ്ലെനെ പുറത്താക്കിയെന്ന അഭ്യൂഹങ്ങള്‍ക്ക് വിട; ഹേറ്റേഴ്‌സ് ഗോണ ഹേറ്റ് എന്ന ഹാഷ് ടാഗില്‍ ഒറ്റ പോസ്റ്റിലൂടെ ചുട്ട മറുപടി നല്‍കി ടിക്കി ടാക്ക തിരക്കഥാകൃത്ത് നിയോഗ്

വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ടിക്കി ടാക്കയില്‍ നിന്ന് നസ്ലെന്‍ പുറത്തായെന്ന അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ പരന്നിരുന്നു. ഇപ്പോഴിതാ അതിനുള്ള മറുപടി തന്റെ പോസ്റ്റിലൂടെ നല്‍കിയിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്ത്.
Nazlen, Tiki Taka movie, Script writer niyog krishna
Naslen in tiki taka movie (Image Source: Facebook)

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന യുവനായകന്മാരില്‍ മിന്നും താരമാണ് നസ്ലെന്‍. സിനിമാ പശ്ചാത്തലമോ, പാരമ്പര്യമോ ഒന്നുമില്ലാതെ ബാലതാരമായി ബിഗ് സ്ക്രീനിലെത്തി, പിന്നീട് അവിടെ നിന്നും മികച്ച അഭിനയത്തിലൂടെ ഓരോ ചവിട്ടു പടികളിലൂടെ നടന്നു കയറിയ താരം. ഇന്ന് നസ്ലെന്റെ ചിത്രങ്ങള്‍ എന്നു പറഞ്ഞാല്‍ പ്രേക്ഷകര്‍ക്കത് വിശ്വാസമാണ്. ഏറ്റവും ബാങ്കബിള്‍ ആക്ടര്‍മാരില്‍ ഒരാളായ താരം കഴിഞ്ഞ വര്‍ഷം പ്രേമലുവിലൂടെ പാന്‍ ഇന്ത്യന്‍ വിജയം കൈവരിച്ചു. ബോക്‌സ് ഓഫീസില്‍ ബിഗ് ബജറ്റ് സിനിമകള്‍ പലതും പിന്നിലാക്കിയ ചിത്രം കൂടിയായിരുന്നു ഇത്.
ഈ വര്‍ഷം തുടങ്ങിയപ്പോഴും നസ്ലെന്‍ നായകനായി എത്തിയ ‘ആലപ്പുഴ ജിംഖാന’ എന്ന ചിത്രം പ്രേക്ഷകപ്രീതി നേടി. ഭാവിയില്‍ മലയാള സിനിമയിലെ സൂപ്പര്‍ താരനിരയിലേക്ക് ഉയര്‍ന്നു വരുന്ന താരങ്ങളില്‍ ഒരാളായി നസ്ലെന്റെ പേരും പ്രേക്ഷകര്‍ പറഞ്ഞു തുടങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഒന്നിന് പിറകെ ഒന്നായി നസ്ലെനെതിരെ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നു. ഒട്ടും കാമ്പില്ലെങ്കിലും പ്ലാനോടു കൂടിയ ഒരു മാസ് ഹേറ്റ് ക്യാംപെയ്ന്‍ തന്നെയാണിതെന്ന് പറയാം. ആസിഫ് അലി ചിത്രമായ ‘ടിക്കി ടാക്ക’ എന്നതില്‍ നിന്നും നസ്ലെനെ മാറ്റിയെന്നും ഒരു ആരോപണം കേട്ടിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ എഴുത്തുകാരില്‍ ഒരാളായ നിയോഗ് കൃഷ്ണ പങ്കുവെച്ച പോസ്റ്റ് എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിടുകയാണ്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന നസ്ലെന്റെ ചിത്രം പങ്കിട്ടാണ് പോസ്റ്റ്. ‘ഗാറ്റ്സ്ബി മീറ്റ്‌സ് ഡെൻവർ’ എന്ന ക്യാപ്ഷനൊപ്പം നസ്ലെന്റെ ചിത്രവും പങ്കിട്ടാണ് നിയോഗിന്റെ പോസ്റ്റ്. ‘ഹേറ്റേഴ്‌സ് ഗോണ ഹേറ്റ്’ എന്ന ഹാഷ് ടാഗും നിയോഗ് പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ്, കള എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ടിക്കി ടാക്ക’. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ആസിഫ് അലി ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജോണ്‍ ഡെന്‍വര്‍ എന്നാണ് ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ പേര്. ഇതില്‍ നസ്ലെന്റെ കഥാപാത്രത്തിന്റെ പേര് ഗാറ്റ്സ്ബി എന്നാണെന്നാണ് സൂചന.

നസ്ലെന്‍ നായകനായ പ്രേമലുവിന്റെ രണ്ടാം ഭാഗം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അഭിമുഖങ്ങളില്‍ ചിത്രം വൈകുമെന്ന് സിനിമയുടെ നിർമാതാവായ ദിലീഷ് പോത്തൻ വ്യക്തമാക്കി. അതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ നസ്ലെനെതിരെ വലിയ വിമര്‍ശനങ്ങള്‍ വന്നത്. നസ്ലെന് തിരക്കഥ ഇഷ്ടമായില്ലെന്നും ചിത്രത്തില്‍ നിന്ന് താരം പിന്മാറിയെന്നും വരെ റിപ്പോർട്ടുകള്‍ വന്നു. നസ്ലെന്‍ കാരണമാണ് സിനിമ വെെകുന്നതെന്നതടക്കമുള്ള നിരവധി പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.
അക്കൂട്ടത്തില്‍ ടിക്ക ടാക്കയില്‍ ആസിഫ് അലിയേക്കാള്‍ പ്രതിഫലം നസ്ലെന്‍ ആവശ്യപ്പെട്ടെന്നും ഇത് മൂലം താരത്തെ സിനിമയില്‍ നിന്ന് പുറത്താക്കിയെന്നും സോഷ്യല്‍ മീഡിയയില്‍ ചർച്ചകള്‍ ഉയർന്നു വന്നു. ഇത് നസ്ലെന് എതിരെയുള്ള ക്യാംപെയിന്‍ എന്ന രീതിയിലേക്കും നീങ്ങാന്‍ തുടങ്ങി. ഇതിന് മറുപടിയെന്നോണമാണ് ഇപ്പോള്‍ നിയോഗിന്റെ പോസ്റ്റ്.
ഒരു പക്കാ മാസ് ആക്ഷൻ പടമായിരിക്കും ടിക്കി ടാക്ക എന്ന സൂചനയാണ് നേരത്തെ പുറത്തുവന്ന ടീസർ നല്‍കിയത്. ‘‘പ്രേക്ഷകർക്ക് നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് നല്‍കണമെന്ന ഉദ്ദേശത്തോടെ ഒരുക്കുന്ന സിനിമയാണ് ടിക്കി ടാക്ക, എന്റെ കെജിഎഫ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് അത്...’’ എന്നാണ് ടിക്കി ടാക്കയെക്കുറിച്ച്‌ ആസിഫ് അലി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ആണ് അവസാനമായി പുറത്തിറങ്ങിയ നസ്ലെ​ന്‍ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗണപതി, ലുക്മാൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ സിനിമ ഇപ്പോള്‍ സോണി ലിവിലൂടെയാണ് ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

Ads by Google
Saturday 14 Jun 2025 05.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW