Saturday, March 14, 2026 Last Updated 52 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jun 2025 01.08 PM

‘സീൻ 24 ജോർജ്കുട്ടിയുടെ വീട്...നെക്സ്റ്റ്...’;ദൃശ്യം 3 ന്റെ അപ്ഡേറ്റ് നല്‍കി സംവിധായകന്‍ ജീത്തു ജോസഫ്; പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തത് എന്തിനെന്ന് ആരാധകര്‍

uploads/news/2025/06/786141/Untitled-2.jpg
Drishyam 3 update from jeethu joseph (Image Source: Instagram)

മോഹന്‍ലാലി​ന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ഈ കുടുംബചിത്രത്തിന്റെ ആദ്യ ഭാഗത്തേക്കാള്‍ ആവേശത്തോടെയാണ് രണ്ടാം ഭാഗം ആരാധകര്‍ ഏറ്റെടുത്തത്. അന്നുമുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ്-മോഹൻലാല്‍ ടീമിന്റെ ദൃശ്യം 3. ഹിന്ദിയിലും തെലുങ്കിലും കൊറിയൻ, ചൈനീസ് ഭാഷകളിലും ഉള്‍പ്പടെ റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം എന്ന് ആരംഭിക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകർ.
ഇപ്പോഴിതാ മലയാള സിനിമയുടെ പെരുമ ദേശീയ, അന്തർദേശീയ അന്തർദേശീയ തലത്തില്‍ എത്തിച്ച ദൃശ്യ സിനിമ പരമ്പരയിലെ മൂന്നാം ചിത്രം അണിയറയിലൊരുങ്ങുന്നുവെന്ന സൂചന നല്‍കുകയാണ് ജീത്തു ജോസഫ്. ജീത്തു ജോസഫ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് ചർച്ചകള്‍ക്ക് വഴിവെച്ചത്. കോഫി ടൈം എന്ന ക്യാപ്ഷനില്‍ കോഫി കുടിക്കുന്ന ചിത്രമാണ് ജീത്തു പങ്കുവെച്ചത്. ഒപ്പം ജോർജ് കുട്ടിയുടെ വീട് എന്ന് എഴുതിയിരിക്കുന്ന പേപ്പറും കാണാം.
ഒരു കോഫി കപ്പിനൊപ്പം തിരക്കഥയുടെ പേപ്പറിന്റെ ചെറിയൊരു ഭാഗവും ഉള്‍പ്പെടുന്ന ചിത്രമാണത്. പാതി കട്ടായി പോയ തരത്തിലുള്ള പേപ്പറില്‍ ‘സീൻ 24 ജോർജ്കുട്ടിയുടെ വീട്... നെക്സ്റ്റ്...’’ എന്നെഴുതിയിരിക്കുന്നത് കാണാം. എന്നാല്‍ സംവിധായകൻ ഇത് പിന്നീട് ഡിലീറ്റ് ചെയ്തു. തിരക്കഥാരചനയില്‍ ആണ് രംഗം നടക്കുന്ന സ്ഥലം ഇങ്ങനെ പൊതുവെ എഴുതിവെക്കാറുള്ളത്. ഇതോടെയാണ് മലയാളം ദൃശ്യം 3 യുടെ ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.

നേരത്തെ ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ ഷൂട്ടിംഗ് ആദ്യ തുടങ്ങുമെന്ന് വാർത്തകള്‍ വന്നിരുന്നു. ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഈ വർഷം ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന് നേരത്തെ പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തിരുന്നു. അജയ് ദേവ്ഗണ്‍ ഇപ്പോള്‍ ദേ ദേ പ്യാർ ദേ 2, ധമാല്‍ 4, റേഞ്ചർ എന്നെ സിനിമകളുടെ പണിപ്പുരയിലാണ്. ഈ സിനിമകള്‍ പൂർത്തിയാക്കിയ ശേഷമായിരിക്കും ദൃശ്യം 3 ആരംഭിക്കുക എന്നായിരുന്നു റിപ്പോർട്ട്.
‘‘ദൃശ്യം 3 ഉറപ്പായും വരും. അണിയറയില്‍ സിനിമ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്ക്രിപ്റ്റ് ഏറെക്കുറെ റെഡി ആണ്. ഫൈനല്‍ ആയിട്ടില്ല ജിത്തു ആണ് ബാക്കി കാര്യങ്ങള്‍ പറയേണ്ടത്. എന്തായാലും ദൃശ്യം 3 വരും. ഒരുപാട് പേർ സിനിമയെക്കുറിച്ച്‌ ചോദിക്കുന്നുണ്ട്. വർക്കുകള്‍ പുരോഗമിക്കുന്നുണ്ട്...’’ എന്നാണ് മൂന്നാം ഭാഗത്തിനെക്കുറിച്ച്‌ നേരത്തെ മോഹൻലാല്‍ പറഞ്ഞത്.
ലോകത്തെമ്ബാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിർത്തിച്ച രണ്ട് പതിപ്പുകള്‍ക്ക് ശേഷമാണ് ദൃശ്യം 3 എത്തുന്നത്. ജീത്തു ജോസഫ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ദൃശ്യം മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു. 2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ദൃശ്യം അന്നുവരെയുള്ള എല്ലാ റെക്കോർഡുകളും തകർത്തെറിഞ്ഞിരുന്നു. 2021ല്‍ പുറത്തിറങ്ങിയ രണ്ടാം പതിപ്പും ബോക്സോഫില്‍ തരംഗമായിരുന്നു.
ഒറിജിനല്‍ ദൃശ്യത്തിനും മുൻപേ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുമെന്ന പ്രതീക്ഷയില്‍ ആരാധകർ ഇരിക്കുമ്പോഴാണ് മലയാളം ഒപ്പത്തിനൊപ്പം ഉണ്ടെന്ന സൂചന സംവിധായകൻ വെളിപ്പെടുത്തുന്നത്. ദൃശ്യം 3 ഒരു വർഷം അണിയറയിലുണ്ടെന്ന വിവരം ഒരു വർഷം മുൻപേ മോഹൻലാലടക്കം സൂചിപ്പിച്ചിരുന്നുവെങ്കിലും മോഹൻലാലിന്റെ വരാനിരിക്കുന്ന ലൈനപ്പുകളിലൊന്നും തന്നെ ചിത്രം ഉള്‍പ്പെടുത്തി കണ്ടിരുന്നില്ല.

Ads by Google
Saturday 14 Jun 2025 01.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW