-->
തിരുവനന്തപുരം: 2005 ലെ ദേശീയ ദുരന്ത നിവാരണ നിയമത്തില്‍ നിന്നും 13-ാം വകുപ്പ് ഒഴിവാക്കിയുള്ള നിയമ ഭേദഗതി ( പിന്‍വലിക്കണമെന്ന് കേരളം. ദേശീയ ദുരന്ത നിവാരണ നിയമത്തില്‍ 2025 മാര്‍ച്ചില്‍ വരുത്തിയ ഭേദഗതി ചൂണ്ടിക്കാട്ടി മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ രേഖാമൂലം അറിയിച്ച സാഹചര്യത്തിലാണ് കേരളം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ സഹായകമാവുന്ന ദേശീയ ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്ത് ഒഴിവാക്കിയത്. ഗുരുതര സ്വഭാവമുള്ള പ്രകൃതി ദുരന്തങ്ങളില്‍ ദുരന്തബാധിതര്‍ക്ക് വായ്പാ തിരിച്ചടവില്‍ ഇളവുകള്‍ നല്‍കാനും ലളിതമായ വ്യവസ്ഥകളോടെ പുതിയ വായ്പകള്‍ അനുവദിക്കാനും ദേശീയ അതോറിറ്റിക്ക് ശുപാര്‍ശ ചെയ്യാന്‍ അധികാരം നല്‍കുന്നതാണ് 13-ാം വകുപ്പ്. മാനുഷികപരമായ പരിഗണനയോടെ നിയമത്തില്‍ ഉള്‍പ്പെടുത്തിയ ഈ വകുപ്പ് നീക്കം ചെയ്യുന്നത് പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരയായവരെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.