-->
മലയാളസിനിമാപ്രേക്ഷകരെയും താരങ്ങളെയും ഒരുപോലെ നൊമ്പരപ്പെടുത്തിയ ഒരു വാര്‍ത്തയായിരുന്നു കാറപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്‍ മരിച്ചത്. കുടുംബത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം ഷൈനിന്റെ പിതാവ് സി.പി ചാക്കോയുടെ സംസ്‌കാര ചടങ്ങുകളും നടന്നു.
അപകടത്തിലേറ്റ പരുക്കുമായി പിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ സങ്കടം കടിച്ചമർത്തി നില്‍ക്കുന്ന ഷൈനിന്റെ മുഖം കണ്ടു നിന്ന ആരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. ആ കാഴ്ച കണ്ടുനിന്നവരുടെ മനസ്സില്‍ നിന്നും അത്ര പെട്ടെന്ന് മായില്ല. എല്ലാ പ്രതിസന്ധികളിലും കൂടെ നില്‍ക്കുകയും ലോകം മുഴുവൻ കല്ലെറിഞ്ഞപ്പോഴും ചേർത്തു പിടിച്ച തന്റെ അച്ഛന് അന്ത്യചുംബനം നല്‍കിയപ്പോള്‍ ഷൈനിനു കരച്ചിലടക്കാനായില്ല.
ഇപ്പോഴിതാ ഷൈനിന്റെയും കുടുംബത്തിന്റെയും ദുഖത്തില്‍ പങ്കുചേരാനും ആശ്വസിപ്പിക്കാനുമായി എത്തിയ നടൻ റോണി ഡേവിഡ് രാജിനോട് ഷൈൻ പറഞ്ഞ വാക്കുകളാണ് പ്രേക്ഷകരെ നൊമ്പരപ്പെടുത്തുന്നത്.
‘‘മിനിയാന്ന് രാത്രി ഞാൻ ആശുപത്രിയില്‍ പോയി ഷൈനിനെ കണ്ടിരുന്നു. ഷൈനിന്റെ ഇടതുകൈയുടെ എല്ല് ഒടിഞ്ഞിരിക്കുകയാണ്. കടുത്ത വേദനയുണ്ട് അയാള്‍ക്ക്. ഷൈൻ ആദ്യം സംസാരിച്ചപ്പോള്‍, അങ്കിള്‍ പോയ കാര്യം ഷൈൻ അറിഞ്ഞില്ലെന്നാണ് എനിക്കാദ്യം തോന്നിയത്. പിന്നെ പറഞ്ഞു, ‘ഞാൻ കണ്ണു തുറക്കുമ്പോഴേക്കും അപ്പന്റെ കാതില്‍ ചോരയായിരുന്നു’ എന്ന്. അതു കഴിഞ്ഞ് ഷൈൻ ചിരിച്ചോണ്ട് പറഞ്ഞു, ‘എന്റെ പുറകെ നടന്ന് നടന്ന് അപ്പൻ പോയെടോ’ എന്ന്.
ഇതില്‍ കൂടുതല്‍ മെസേജോ ഒരു കഥയോ നിങ്ങള്‍ക്ക് വേണമെന്ന് എനിക്കു തോന്നുന്നില്ല. ഇങ്ങനെയാണ് എന്തുതരം ഡ്രഗ്സ് ഉപയോഗിക്കുന്നവരുടെയും വീട്ടില്‍. അവിടെയും മാതാപിതാക്കളുണ്ട്...’’ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാർത്ഥികളോട് സംസാരിക്കുമ്പോഴാണ് റോണി ഡേവിഡ് രാജ് ഈ അനുഭവം പങ്കിട്ടത്.
ജൂണ്‍ 6 വെള്ളിയാഴ്ച, കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ തമിഴ്‌നാട് സേലം ധർമപുരിയിലുണ്ടായ വാഹനാപകടത്തിലാണ് സിപി ചാക്കോ മരിച്ചത്. ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. ആ യാത്രയ്ക്കിടയിലാണ് ഷൈനും കുടുംബവും സഞ്ചരിച്ച കാർ, ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഷൈനിനൊപ്പം പിതാവ് ചാക്കോ, അമ്മ മരിയ, സഹോദരൻ ജോ ജോണ്‍, ഡ്രൈവർ അനീഷ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
അപകടത്തില്‍, ഷൈനിന്റെ ഇടതു തോളിനു താഴെയും നട്ടെലിനും നേരിയ പൊട്ടലുണ്ട്. പിതാവിന്റെ സംസ്കാര ചടങ്ങുകള്‍ പൂർത്തിയായ ശേഷം ഷൈനിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കാനിരിക്കുകയാണ് ഡോക്ടർമാർ. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാവുമെങ്കിലും കുറഞ്ഞത് ആറാഴ്ചത്തെ വിശ്രമം വേണ്ടിവരും എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തല്‍. ഷൈനിന്റെ അമ്മ മരിയയ്ക്ക് ഇടുപ്പെല്ലിനു ഗുരുതര പരുക്ക് ഏറ്റിട്ടുണ്ട്.