-->
കൊച്ചി: സിങ്കപ്പൂര്‍ ചരക്കു കപ്പല്‍ വാന്‍ഹായ് 503 ലെ തീ ഭാഗികമായി അണഞ്ഞു. 40 ശതമാനം തീയണച്ചതായിട്ടാണ് തീര സംരക്ഷണ സേനയുടെ അറിയിപ്പ്. തീകെടുത്താന്‍ വ്യോമസേനയുടെ സഹായത്തിനു പുറമേ നാലു കപ്പലുകള്‍കൂടി ഉടന്‍ രംഗത്തുവരും. കഴിഞ്ഞ 60 മണിക്കൂറുകളായി കപ്പലിലെ തീ പൂര്‍ണമായി കെടുത്താന്‍ സാധിക്കാത്തത് ആശങ്കപ്പെടുത്തുന്നുണ്ട്. തീ പൂര്‍ണമായി കെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോസ്റ്റ്ഗാര്‍ഡ് ദൗത്യ സംഘം. വ്യോമസേനയുടെ ഹെലികോപ്ടറുകളും സജ്ജമാണ്.
രാസവസ്തുക്കള്‍ കപ്പലില്‍ വിതറിയാകും ഹെലികോപ്റ്ററുകള്‍ തീകെടുത്തുക. എന്നാല്‍, പ്രതികൂല കാലവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയായിട്ടു ണ്ടെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. ആളിക്കത്തല്‍ കുറഞ്ഞത് അല്‍പം ആശ്വാസം പകര്‍ന്നിട്ടുണ്ട്. കറുത്ത പുകച്ചുരുളുള്‍ കപ്പലിന്റെ മധ്യത്തില്‍നിന്ന് ഇപ്പോഴും ഉയരുന്നുണ്ട്. നിലവില്‍ മുന്‍ഭാഗത്തും പിന്‍ഭാഗത്തുമാണ് തീപിടിച്ചിട്ടുള്ളത്. മേഖലയില്‍ കനത്ത മഴ പെയ്തതു തീപിടരുന്നതു തടയാന്‍ സഹായി ച്ചതായി ദൗത്യസംഘം അറിയിച്ചു. കപ്പലില്‍ നിന്നുള്ള പൊട്ടിത്തെറിയും കുറഞ്ഞതായിട്ടാണ് വിവരം.
ഇന്ധന ടാങ്കിലെ രണ്ടായിരം ടണ്‍ കപ്പല്‍ ഓയിലിനു പുറമേ 240 ടണ്‍ ഡീസലുമാണ് ഏറെ ഭീഷണിയായിട്ടുള്ളത്. ഇതിലേക്കു തീപടര്‍ന്നാല്‍ കപ്പല്‍ കത്തിയമരും. വ്യാപകമായ എണ്ണച്ചോര്‍ച്ചയാകും പരിണിതഫലം. ഇതു കടല്‍ പരിസ്ഥിതിക്കു കനത്ത ആഘാതമുണ്ടാക്കും. അതിനാല്‍ കപ്പല്‍ പൂര്‍ണമായി കത്തി മുങ്ങിപ്പോകാതിരിക്കാനുള്ള തീവ്രയത്‌നമാണ് നടക്കുന്നത്. നിലവില്‍ കപ്പല്‍ മുങ്ങുന്ന സാഹചര്യത്തിലേക്ക് എത്തിയിട്ടില്ല. കഴിഞ്ഞ ദിവസത്തേതുപോലെ 15 ഡിഗ്രി ചെരിഞ്ഞുതന്നെയാണ് നിലകൊള്ളുന്നത്.
കപ്പലില്‍ ആകെ 1754 കണ്ടയ്‌നറുകളാണ് ഉള്ളത്. ഇതില്‍ 671 എണ്ണം ഡക്കിലാണ്. 157 കണ്ടയ്‌നറുകളില്‍ തീപിടിക്കാവുന്ന വസ്തുക്കളാണ്. അതി നിടെ കടലിലെ ഒഴുക്ക് തെക്കു കിഴക്കന്‍ മേഖലയിലേക്കായതുകൊണ്ട് കണ്ടയ്‌നറുകള്‍ ഈ ദിശയില്‍ ഒഴുകി കൊച്ചിക്കും കോഴിക്കോടിനും ഇടയിലെ തീരമേഖലയില്‍ അടിയാന്‍ സാധ്യതയുണ്ട്. കാറ്റിന്റെ ഗതിവേഗത്താല്‍ കേരളത്തിന്റെ തെക്കന്‍ തീരത്തേക്കും കണ്ടയ്‌നറുകള്‍ ഒഴുകിയെത്താന്‍ സാധ്യതയുണ്ട്. യാതൊരു കാരണവശാലും കണ്ടയ്‌നറുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടരുതെന്ന് മുന്നറിയിപ്പുണ്ട്.