-->
കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ പി.കെ. കുഞ്ഞനന്തന് തടവറയ്ക്കുള്ളില്‍ നീതി ലഭിച്ചില്ലെന്നും അതിന് കാരണം ജുഡീഷ്യറിയുടെ ഇടതുവിരുദ്ധ മനോഭാവമെന്നും വിവാദപ്രസ്താവന നടത്തി സിപിഎം കേന്ദ്രക്കമ്മറ്റിയംഗം ഇ.പി. ജയരാജന്‍. ഒരു ഇന്ത്യന്‍ പൗരന് കിട്ടേണ്ട നീതി കിട്ടിയില്ലെന്നും ഭരണകൂട ഭീകരതയാണ് അദ്ദേഹത്തെ ജയിലിലാക്കിയതെന്നും പറഞ്ഞു.
പാനൂര്‍ പാറോട് നടന്ന പി.കെ. കുഞ്ഞനന്തന്‍ അനുസ്മരണത്തിലാണ് പരാമര്‍ശം. വര്‍ഗ്ഗീയശക്തികളും പിന്തിരിപ്പന്‍ശക്തികളും ചേര്‍ന്നാണ് കുഞ്ഞനന്തനെ കള്ളക്കേസില്‍ കുടുക്കി. ഒരു കമ്യൂണിസ്റ്റ് വിപ്ലവകാരിയുടെ ധീരതയോടെ അദ്ദേഹം ദീര്‍ഘകാലം ജയിലില്‍ കിടന്നെന്നും പറഞ്ഞു. ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവം കുഞ്ഞനന്ദനെ ജയിലിനുള്ളില്‍ തടവുകാരനാക്കിയെന്നും പറഞ്ഞു.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പതിമൂന്നാം പ്രതിയായ പി.കെ. കുഞ്ഞനന്തന്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത്. കേസിലെ മറ്റ് പ്രതികളുമായി പാര്‍ട്ടി നേതാക്കള്‍ അകലം പാലിച്ചപ്പോഴും കുഞ്ഞനന്തനുമായി അടുപ്പം നിലനിര്‍ത്തുക തന്നെ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി പാര്‍ട്ടി നേതാക്കള്‍ എത്തിയത് വലിയ വിമര്‍ശനത്തിനും കാരണമായിരുന്നു.