-->
ന്യൂഡല്‍ഹി: മധുവിധു യാത്രയ്ക്കിടെ മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായുള്ള ബിസിനസുകാരനായ രാജ രഘുവംശിയെ കൊല്ലാന്‍ പദ്ധതി തയാറാക്കിയതു ഭാര്യ ഭാര്യ സോനവും കാമുകന്‍ രാജ് കുശ്വാഹയും ചേര്‍ന്നാണെന്നു പോലീസ്. രാജിന്റെ മൂന്നു സുഹൃത്തുക്കളെ വാടകക്കൊലയാളികളായി നിയമിച്ചു. രാജ രഘുവംശിയും സോനവും വിവാഹിതരായി അഞ്ചു ദിവസത്തിന് ശേഷം, രാജ് കുശ്വാഹ തന്റെ ബാല്യകാല സുഹൃത്തുക്കളായ ആനന്ദ് കുമ്‌റി(23), ആകാശ് രജ്പുത് (19), വിശാല്‍ സിങ് ചൗഹാന്‍ (22) എന്നിവരെ മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു കഫേയിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
ഭര്‍ത്താവായ രാജ രഘുവംശിയെ കൊലപ്പെടുത്താനായി സോനം വാടക കൊലയാളികള്‍ക്കു നാലു ലക്ഷം രൂപയാണ് ആദ്യം വാഗ്ദാനം ചെയ്തത്. പിന്നീട് അവര്‍ തുക 20 ലക്ഷം രൂപയായി ഉയര്‍ത്തി. രഘുവംശിയുടെ മൃതദേഹം മേഘാലയയിലെ ഒരു മലയിടുക്കിലേക്ക് തള്ളിയിടാന്‍ സോനം മറ്റ് പ്രതികളെ സഹായിച്ചെന്നും മേഘാലയ പോലീസ് പറഞ്ഞു. ജൂണ്‍ രണ്ടിനാണ് രഘുവംശി ഭാര്യക്കൊപ്പം മേഘാലയയില്‍ മധുവിധുവിന് എത്തിയത്. ദിവസങ്ങള്‍ക്ക് ശേഷം ഇരുവരെയും കാണാതായി. പിന്നീട് ചിറാപുഞ്ചിയിലെ ഒരു വെള്ളച്ചാട്ടത്തിനടുത്തുള്ള മലയിടുക്കില്‍ രഘുവംശിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മേയ് 20 നാണ് രഘുവംശിയും സോനവും മേഘാലയയിലേക്കു പുറപ്പെട്ടത്.
മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഇവര്‍ എടുത്തിരുന്നില്ല. വാടകക്കൊലയാളികളും ഇവരെ പിന്തുടര്‍ന്നിരുന്നു. മേയ് 20 ന് രാജ് കുശ്വാഹ തന്റെ സുഹൃത്തുക്കളെ ആദ്യം ഗുവാഹത്തിയിലേക്ക് അയച്ചു. അവിടെ അവര്‍ ഓണ്‍ലൈനായി ഒരു കോടാലി ഓര്‍ഡര്‍ ചെയ്തു. അവിടെനിന്ന് ഷില്ലോങ്ങിലേക്ക് പോയി രഘുവംശിയും സോനവും തങ്ങിയിരുന്ന ഹോംസ്‌റ്റേയ്ക്ക് സമീപമുള്ള ഒരു ഹോട്ടലില്‍ താമസിച്ചു. ഇക്കാലയളവിലെല്ലാം തങ്ങളുടെ ലൊക്കേഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കൊലയാളികള്‍ക്കു സോന അയച്ചു നല്‍കിയിരുന്നതായും പോലീസ് പറയുന്നു.
മേയ് 23 ന്, ഫോട്ടോഷൂട്ടിന്റെ പേരില്‍ രാജയെ സോനം ഒരു കുന്നിന്‍ പ്രദേശത്തേക്ക് കൊണ്ടുപോയി. മൂന്നു പ്രതികളും അവരെ പിന്തുടരുകയും രാജയോടു ഹിന്ദിയില്‍ സംസാരിക്കുകയും ചെയ്തു. ഇതിനിടെ, ക്ഷീണിതയാണെന്നു നടിച്ച സോനം ഭര്‍ത്താവിന്റെയും കൊലയാളികളുടെയും പിന്നില്‍ നടക്കാന്‍ തുടങ്ങി. വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ 'അയാളെ കൊല്ലൂ' എന്ന് കൊലയാളികളോടു വിളിച്ചുപറയുകയായിരുന്നെന്നു പോലീസ് അറിയിച്ചു. കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം മലയിടുക്കില്‍ തള്ളി.
രഘുവംശി രണ്ടു തവണ ആക്രമിക്കപ്പെട്ടതായി, തലയുടെ മുന്നിലും പിന്നിലും, പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കോടാലിയും മൃതദേഹത്തിനടുത്തുനിന്നു കണ്ടെടുത്തു. മൃതദേഹം കൊക്കയില്‍ തള്ളിയതിനു പിന്നാലെ സോനം, രാജരഘുവംശിയുടെ ഫോണില്‍നിന്ന് 'ഏഴു ജന്മത്തിലും ഒരുമിച്ച്' എന്ന് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. രഘുവംശി ആ സമയം ജീവനോടെയുണ്ടെന്നു തെറ്റിദ്ധരിപ്പിനാണിതെന്നു പോലീസ് സംശയിക്കുന്നു. സോനത്തിന്റെ കാമുകന്‍ രാജ് ഈ സമയം സംഭവസ്ഥലത്തുണ്ടായിരുന്നില്ല.
അയാള്‍ മേഘാലയയിലേക്കു പോയിരുന്നുമില്ല. എന്നാല്‍, കൊലപാതകം ആസൂത്രണം ചെയ്തത് ഇയാളാണെന്നും സോനവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിപ്പുരില്‍നിന്നാണു പിന്നീട് സോനത്തെ പിടികൂടിയത്. തനിക്കു മയക്കുമരുന്ന് നല്‍കിയെന്നു പറഞ്ഞു ഇരയായി സ്വയം അവതരിപ്പിക്കാന്‍ സോനം ശ്രമിച്ചതായി യു.പി. പോലീസ് പറഞ്ഞു.