-->
തന്റെ പിതാവും ഇതിഹാസ ബാഡ്മിന്റണ്‍ കളിക്കാരനുമായ പ്രകാശ് പദുക്കോണിന്റെ എഴുപതാം ജന്മദിനത്തില്‍ അച്ഛന് സര്‍പ്രൈസ് പിറന്നാള്‍ സമ്മാനവുമായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍. പദുക്കോണ്‍ സ്‌കൂള്‍ ഓഫ് ബാഡ്മിന്റണ്‍(PSB) ആരംഭിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് താരം പങ്കുവെച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച പിതാവിനായുളള പിറന്നാള്‍ ആശംസാ പോസ്റ്റിനൊപ്പമായിരുന്നു ദീപികയുടെ ഈ സര്‍പ്രൈസ് പ്രഖ്യാപനം.
‘ബാഡ്മിന്റണ്‍ കളിച്ചു വര്‍ന്ന ഒരാളെന്ന നിലയില്‍ ഈ കായിക വിനോദം ഒരാളുടെ ജീവിതത്തെ എത്രത്തോളം ശാരീരികമായും, മാനസികമായും, വൈകാരികമായും രൂപപ്പെടുത്തുമെന്ന് ഞാന്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. പദുക്കോണ്‍ സ്‌കൂള്‍ ഓഫ് ബാഡ്മിന്റണിലൂടെ ജീവിതത്തിന്റെ എല്ലാ തുറകളിലുമുളള ആളുകളിലേക്ക് ബാഡ്മിന്റണിന്റെ സന്തോഷവും അച്ചടക്കവും എത്തിക്കാനും ആരോഗ്യമുളളതും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും സ്‌പോര്‍ട്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതുമായ ഒരു തലമുറയെ കെട്ടിപ്പടുക്കാനും കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ അച്ഛനൊപ്പമുളള ചിത്രത്തിന് അടിക്കുറിപ്പായി ദീപിക കുറിച്ചു.
പദുക്കോണ്‍ സ്‌കൂള്‍ ഓഫ് ബാഡ്മിന്റണ്‍ പ്രതിവര്‍ഷം 75 കേന്ദ്രങ്ങളിലേക്ക് വികസിപ്പിച്ച് 2027 ആകുമ്പോഴേക്കും 250 കേന്ദ്രങ്ങള്‍ എന്ന ലക്ഷ്യം പൂര്‍ത്തികരിക്കാനാണ് പദ്ധതി. എല്ലാവര്‍ക്കും ബാഡ്മിന്റണ്‍ എന്ന ആപ്തവാക്യത്തിലാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം. ബെംഗൂരു എന്‍സിആര്‍, മുംബൈ, ചെന്നൈ, ജയ്പൂര്‍, പൂനെ, നാസിക് ,മൈസൂരു, പാനിപ്പത്ത്, ഡെറാഡൂണ്‍, ഉദയ്പൂര്‍, കോയമ്പത്തൂര്‍, സാംഗ്ലി, സൂറത്ത് എന്നിവയുള്‍പ്പെടെ 18 ഇന്ത്യന്‍ നഗരങ്ങളിലായി 75 ലധികം അടിസ്ഥാന പരിശീലന കേന്ദ്രങ്ങള്‍ സ്‌കൂള്‍ സ്ഥാപിച്ചു കഴിഞ്ഞു. മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ഓള്‍-ഇംഗ്ലണ്ട് ചാമ്പ്യനുമായ പ്രകാശ് പദുകോണ്‍ പിഎസ്ബിയുടെ മുഖ്യ ഉപദേഷ്ടാവും മെന്ററുമാണ്.