-->
തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്ന കാര്യം ആവര്‍ത്തിച്ച് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. വരുന്നയാഴ്ചകളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അറിയിപ്പുകളും ഉണ്ടായേക്കും. ലാറ്റിനമേരിക്കന്‍ ടീം മാനേജ്‌മെന്റ് ഇതിന്റെ ഭാഗമായി കേരളത്തില്‍ എത്തുകയും കൂടുതല്‍ വിവരങ്ങള്‍ അന്ന് പുറത്തുവിടുകയും ചെയ്യുമെന്നാണ് വിവരം.
ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെന്ന് കായിക വകുപ്പ് മന്ത്രി വ്യക്തമാക്കി. സ്‌റ്റേഡിയം അടക്കം മെസി വരുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തികരിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. റിപ്പോര്‍ട്ടര്‍ കമ്പനിയാണ് അര്‍ജന്റീന ടീമുമായി കരാറിലൊപ്പിട്ടതെന്നും ടീമുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊച്ചിയും തിരുവന്തപുരവുമാണ് നിലവില്‍ പരിഗണനയിലുള്ളതെന്നും അതില്‍ തിരുവനന്തപുരം സ്റ്റേഡിയത്തിന്റെ പരിശോധന പൂര്‍ത്തിയായിട്ടുണ്ടെന്നും, കൊച്ചി ജിസിഡിഎയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഒക്ടോബറില്‍ തന്നെ ടീമിനെ കേരളത്തില്‍ എത്തിക്കാനാണ് ശ്രമം. ബെംഗളുരു ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷയടക്കം എല്ലാ ക്രമീകരണങ്ങളും സര്‍ക്കാര്‍ വേണ്ടവിധത്തില്‍ ഒരുക്കുമെന്നും പറഞ്ഞു. ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്നു എന്ന് ഇന്നലെ മന്ത്രി ഔദ്യോഗികമായി ഫേസ്ബുക്കിലൂടെ ഇന്നലെ അറിയിച്ചിരുന്നു.