-->
നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം പ്രഖ്യാപിച്ചുകൊണ്ട് പി.വി. അന്‍വര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ എത്തിയാണ് അന്‍വര്‍ പത്രിക സമര്‍പ്പിച്ചത്. രാ്ഷ്ട്രീയനേതാക്കള്‍ക്ക് പകരം കാര്‍ഷിക, തൊഴില്‍മേഖല എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അന്‍വര്‍ പത്രിക നല്‍കിയത്. നിലമ്പൂരിലെ ജനത തനിക്ക് വോട്ടുചെയ്യുമെന്ന പ്രതീക്ഷയിലാണ് അന്‍വര്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തേ കര്‍ഷകരെയും തൊഴിലാളികളെയും ഉള്‍പ്പെടുത്തി റോഡ്‌ഷോയായിട്ടാണ് എത്തിയത്.
ഈ ഉപതെരഞ്ഞെടുപ്പില്‍ അന്‍വറിന്റെ ഇടപെടല്‍ ഏതുമുന്നണിയുടെ വോട്ടുകളെയാണ് ബാധിക്കുക എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ഭീഷണി. ഇടതു-വലതു മുന്നണികള്‍ക്ക് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം. ഭരണവിരുദ്ധവികാരം പ്രതീക്ഷിക്കുന്ന യുഡിഎഫിന് അന്‍വറിന്റെ വരവ് തങ്ങളുടെ വോട്ട് വിഘടിപ്പിക്കുമോ എന്നതാണ് പ്രധാന ആശംസ. എന്നിരുന്നാലും അന്‍വര്‍ നേരത്തേ ആരുടെ ഭാഗമായിട്ട് നിന്നാണ് മത്സരിച്ചത് അവരുടെ വോട്ടുകളാകും നഷ്ടപ്പെടുക എന്നാണ് യുഡിഎഫ് കരുതുന്നത്. മറുവശത്ത് ഇടതുപക്ഷത്ത് നിലമ്പൂരില്‍ കാര്യമായ വോട്ടുകള്‍ ഇല്ലാത്ത മണ്ഡലമാണ്. ശക്തമായ അനുഭാവമുള്ള വോട്ടുകള്‍ക്കൊപ്പം മറ്റുള്ളവരുടെ വോട്ടുകള്‍ കൂടിയുണ്ടെങ്കില്‍ മാത്രമായിരിക്കും ഇടതുപക്ഷത്തിന് നേരിയ വിജയമെങ്കിലും സാധ്യമാകുക.
നിലവിലെ സാഹചര്യത്തില്‍ പി.വി. അന്‍വര്‍ നഷ്ടമാക്കുന്ന വോട്ടുകള്‍ അവര്‍ക്ക് വലിയ ഭീഷണിയായി മാറും. പിണറായിസത്തിനെതിരേയാണ് തന്റെ പോരാട്ടമെന്ന് പറഞ്ഞാണ പി.വി. അന്‍വര്‍ മത്സരത്തിനിറങ്ങിയത്. അതേസമയം തന്നെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേയും രൂക്ഷ വിമര്‍ശനമാണ് അന്‍വര്‍ ഉയര്‍ത്തിയത്. നിലമ്പൂരിലെ രാഷ്ട്രീയസാഹചര്യം തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായുള്ള ഒരു ട്രെന്റ് മനസ്സിലാക്കാനുള്ള തെരഞ്ഞെടുപ്പ് ഫലമായിട്ടാകും ഇരു മുന്നണികളും വിലയിരുത്തുക. തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെയുള്ള വോട്ടുകള്‍ പാളയത്തിലേക്ക് എത്തിക്കുക ലക്ഷ്യമിട്ട് പുതിയൊരു മുന്നണി രൂപീകരിച്ചുകൊണ്ടാണ് അന്‍വര്‍ മത്സരത്തിനായി ഇറങ്ങുന്നത്.
നിരവധി ചെറിയ സംഘടനകള്‍ മുന്നണിയുടെ ഭാഗമായേക്കും. കാര്‍ഷിക, തൊഴില്‍, വ്യാപാര, സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ താല്‍പര്യപ്രകാരമാണ് മുന്നണിയുടെ കീഴില്‍ മത്സരിക്കുകയെന്ന തീരുമാനം എടുത്തതെന്ന് പി വി അന്‍വര്‍ പറഞ്ഞു.