Saturday, March 14, 2026 Last Updated 57 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 31 May 2025 12.56 PM

അന്‍വറിന് യുഡിഎഫിനൊപ്പം നില്‍ക്കുകയല്ലാതെ തരമില്ല ; ബിജെപി മത്സരിക്കാത്തത് വോട്ടുമറിക്കാനെന്ന് മുരളീധരന്‍

uploads/news/2025/05/783968/k-muraleedharan-close.gif

മലപ്പുറം: മത്സരിക്കില്ലെന്ന അന്‍വറിന്റെ തീരുമാനം നല്ലതാണ്. പിണറായിസത്തിനെതിരേ സംസാരിക്കുന്ന അന്‍വറിന് യുഡിഎഫിനൊപ്പം നിലക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പ്രതിപക്ഷ നേതാവ് യുഡിഎഫ് ചെയര്‍മാനാണ്. അദ്ദേഹം കൂടിയാലോചിച്ചാണ് തീരുമാനം എടുത്തത്. അതിന് അദ്ദേഹത്തെ വിമര്‍ശിക്കുന്നത് ശരിയല്ല.

ഇനി നിലമ്പൂരില്‍ ജയിക്കേണ്ടത് യുഡിഎഫിന്റെ ആവശ്യമാണെന്നും പറഞ്ഞു. അസോസിയേറ്റ് അംഗമായി യുഡിഎഫില്‍ അന്‍വറിനെ നിര്‍ത്താന്‍ തീരുമാനിച്ചത് അദ്ദേഹം ടിഎംസിയിലേക്ക് പോയത് കൊണ്ടാണ്. അന്‍വര്‍ തനിച്ച് പാര്‍ട്ടി ഉണ്ടാക്കിയിരുന്നെങ്കില്‍ പോലും യുഡിഎഫില്‍ എടുത്തേനെ. ഇന്ത്യാ സഖ്യത്തിലുള്ളവരാണെങ്കിലും ടിഎംസി നിരന്തരം കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന പാര്‍ട്ടിയാണ്.

ദേശീയരംഗത്ത് കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിക്കുന്നയാളാണ് മമതാബാനര്‍ജി. അവര്‍ ബംഗാളില്‍ കോണ്‍ഗ്രസ്-ഇടതു സഖ്യത്തെ നിരന്തരം എതിര്‍ക്കുകയും ചെയ്യുന്നു. അങ്ങിനെയുള്ള ഒരു പാര്‍ട്ടിയെ എങ്ങിനെയാണ് തങ്ങളുടെ ഘടകകക്ഷിയാക്കുക. അതുകൊണ്ടാണ് അന്‍വറിനെ അസോസിയേറ്റ് ആക്കാമെന്ന് പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസിനെ തങ്ങള്‍ക്ക് സ്വീകരിക്കാനാകില്ലെന്നും പറഞ്ഞു.

അന്‍വറിന്റെ മുന്നണി പ്രവേശ കാര്യത്തില്‍ തീരുമാനം താമസിച്ചത് ഇന്ത്യാ പാക് സംഘര്‍ഷവും പിന്നാലെ വന്ന കാലവര്‍ഷവുമൊക്കെയാണ്. ഇരു രാജ്യങ്ങളും യുദ്ധത്തിലേക്ക് പോകുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണ് കരുതിയത്. എന്നാല്‍ അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ഒപ്പം കാലവര്‍ഷം ശക്തമാകുകയുമൊക്കെ ചെയ്ത സാഹചര്യമാണ് തീരുമാനം നീണ്ടുപോയത്.

അതേസമയം അദ്ദേഹത്തെ അസോസിയേറ്റ് അംഗമായി നിലനിര്‍ത്തുന്ന കാര്യത്തില്‍ ഇനി മാറ്റം വരുത്താനാകില്ലെന്നും പറഞ്ഞു. അസോസിയേറ്റ് അംഗമാകാന്‍ അന്‍വറും സമ്മതിച്ചിരുന്നതാണ്്. യുഡിഎഫ് ആരുടേയും മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും സഹകരിക്കേണ്ടവര്‍ക്ക് സഹകരിക്കാമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മത്സരിക്കുന്നത് എല്‍ഡിഎഫ്-ബിജെപി സഖ്യത്തോടാണെന്നും പിണറായിസത്തിനും പോലീസിലെ ആര്‍എസ്എസ് വല്‍ക്കരണത്തിനുമെതിരേയുള്ള പോരാട്ടമാണ് ഇത്തവണ നിലമ്പൂരില്‍ യുഡിഎഫ് നടത്തുന്നതെന്നും പറഞ്ഞു.

ഈ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മാറി നില്‍ക്കുന്നതിന്റെ അര്‍ത്ഥം വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് മറിക്കാനാണെന്നും ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് എം സ്വരാജിനെയാണ്്. വന്യമൃഗപ്രശ്‌നവും വെള്ളപ്പൊക്കവും വന്നപ്പോള്‍ തിരിഞ്ഞുനോക്കിയയാളല്ല എം സ്വരാജെന്ന അന്‍വറിന്റെ നിലപാട് യുഡിഎഫിനെ അദ്ദേഹം പിന്തുണയ്ക്കുന്നു എന്നതാണ് കാണിക്കുന്നത്.

പ്രതിപക്ഷ നേതാവിനെതിരേയും നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിയെക്കുറിച്ചും നടത്തിയ പ്രസ്താവന തിരുത്തണമെന്ന് അന്‍വറിനോട് ആവശ്യപ്പെട്ടു. തന്നെപ്പറ്റി പറഞ്ഞതിന് ക്ഷമ ചോദിക്കേണ്ട, എന്നാല്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് നടത്തിയ പ്രസ്താവനയ്ക്ക മാപ്പു പറയണമെന്നാണ് വി.ഡി. സതീശനും പറഞ്ഞത്. ഇനി അതും പറ്റിയില്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടും അദ്ദേഹം തിരുത്തിയില്ലെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW