Friday, March 13, 2026 Last Updated 16 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 30 May 2025 09.10 AM

എല്‍സ മുങ്ങിയത് സംസ്ഥാനദുരന്തം : പരിസ്ഥിതി, സാമൂഹികാഘാതം കണക്കിലെടുത്ത്, ദുരന്തനിവാരണനിയമപ്രകാരം നടപടി ; കേന്ദ്രസഹായം തേടും

uploads/news/2025/05/783801/ship.jpg

തിരുവനന്തപുരം/കൊച്ചി: കൊച്ചിക്കു സമീപം ആഴക്കടലില്‍, ലൈബീരിയന്‍ ചരക്കുകപ്പല്‍ എം.എസ്‌സി. എല്‍സ-3 മുങ്ങിയത് സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. കപ്പലില്‍നിന്നുള്ള എണ്ണ കടലില്‍ കലര്‍ന്നതും കണ്ടെയ്‌നറുകളില്‍നിന്നുള്ള പ്ലാസ്റ്റിക് മാലിന്യമടക്കം തീരത്തടിഞ്ഞതും സൃഷ്ടിക്കുന്ന പാരിസ്ഥിതിക-സാമൂഹികാഘാതം കണക്കിലെടുത്താണ് നടപടി. സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്രധനസഹായവും ആവശ്യപ്പെടാന്‍ കഴിയും.

സംസ്ഥാന ദുരന്തനിവാരണനിയമപ്രകാരം റവന്യൂ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. 640 കണ്ടെയ്‌നറുകളുമായി വിഴിഞ്ഞം തുറമുഖത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ 24-ന് ചെരിഞ്ഞ കപ്പല്‍ പിറ്റേന്നാണ് കടലില്‍ മുങ്ങിയത്. തെക്കന്‍ കേരളതീരത്ത് പരിസ്ഥിതിനാശഭീഷണിയുയര്‍ത്തിയ അപകടം ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ (27 കിലോമീറ്റര്‍) മാത്രം അകലെയാണ്.

കപ്പലില്‍നിന്ന് ഒഴുകിനീങ്ങിയ 54 കണ്ടെയ്‌നറുകള്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളില്‍ അടിഞ്ഞു. ഇവയില്‍ അപകടകരമായ രാസവസ്തുക്കളില്ല. മിക്കവയും കാലിയാണ്. എന്നാല്‍, പ്ലാസ്റ്റിക് തരികള്‍ തീരത്തടിഞ്ഞിട്ടുണ്ട്. കടലില്‍ എണ്ണ കലരുകയും ചെയ്തു. ക്യാപ്റ്റനടക്കം, വിദേശികളായ 24 കപ്പല്‍ ജീവനക്കാരെ തീരസേനയും നാവികസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു.

കണ്ടെയ്‌നര്‍ കണ്ടെത്താന്‍ സോണാര്‍ പരിശോധന

കടലില്‍ മുങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താന്‍ സോണാര്‍ നിരീക്ഷണം നടത്തും. ഗുജറാത്തിലെ പോര്‍ബന്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വകര്‍മ എന്ന കമ്പനിക്കാണ് ചുമതല. പുതുച്ചേരിയില്‍നിന്ന് ഇതിനായി പ്രത്യേക കപ്പല്‍ എത്തിക്കുമെന്നു മന്ത്രി കെ. രാജന്‍ പറഞ്ഞു.
മുങ്ങിയ കണ്ടെയ്‌നറുകളില്‍ അപകടഭീതി ഉയര്‍ത്തുന്നത് കാത്സ്യം കാര്‍ബൈഡ് ഉള്‍പ്പെട്ട 12 എണ്ണവും ഒരു റബര്‍ ഓയില്‍ കണ്ടെയ്‌നറുമാണ്. അഞ്ച് കാത്സ്യം കാര്‍ബൈഡ് കണ്ടെയ്‌നറുകള്‍ കപ്പലിന്റെ മുകള്‍ഭാഗത്തും മറ്റുള്ളവ താഴത്തെ അറയ്ക്കുള്ളിലുമാണ്.
മറ്റ് കണ്ടെയ്‌നറുകളില്‍ സാധാരണ ചരക്കുകളാണ്. കപ്പല്‍ച്ചാലില്‍നിന്ന് മാറി, 50 മീറ്റര്‍ താഴ്ചയിലാണ് മുങ്ങിയ കപ്പല്‍. ചരക്കുകപ്പല്‍ ഗതാഗതത്തിന് ഇത് തടസമല്ല.

എണ്ണപ്പാട തടയാന്‍ ഓയില്‍ ബൂമുകള്‍

കടലില്‍ എണ്ണപ്പാട പരക്കുന്നതു തടയാന്‍ ഓയില്‍ ബൂമുകള്‍ (പൊങ്ങിക്കിടക്കുന്ന തടയണ) സജ്ജമാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കി. തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കംചെയ്തു തുടങ്ങി. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ഹരിതകര്‍മസേന, സിവില്‍ ഡിഫന്‍സ് സേന, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവരുള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരാണ് തീരശുചീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

മണലില്‍ കലര്‍ന്ന പ്ലാസ്റ്റിക് തരികള്‍ മാറ്റുക ശ്രമകരം

മണലില്‍ കലര്‍ന്ന പ്ലാസ്റ്റിക് തരികള്‍ വേര്‍തിരിച്ച് നീക്കംചെയ്യുക ശ്രമകരമാണെന്നു മന്ത്രി കെ. രാജന്‍ പറഞ്ഞു. കൈയുറ ധരിച്ച സന്നദ്ധപ്രവര്‍ത്തകര്‍ പ്ലാസ്റ്റിക് തരികള്‍ കലര്‍ന്ന മണല്‍ ചാക്കുകളില്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. മണല്‍ അരിച്ച് പ്ലാസ്റ്റിക് മാലിന്യം മാറ്റേണ്ടിവരും. തുമ്പ തീരത്തെ ശുചീകരണം മന്ത്രി വിലയിരുത്തി. ജില്ലാ കലക്ടറും മറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

അപകടകാരണം ടാങ്കര്‍ തകരാര്‍

കപ്പലപകടത്തിനു കാരണം ബല്ലാസ്റ്റ് ടാങ്കറിനുണ്ടായ സാങ്കേതികതകരാറെന്ന് മറൈന്‍ മര്‍ക്കന്റൈല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിഗമനം. കപ്പല്‍ ആടിയുലയുമ്പോള്‍ ഉണ്ടാകാവുന്ന അപകടം ഒഴിവാക്കാന്‍ അടിത്തട്ടില്‍ വെള്ളം സംഭരിക്കുന്ന ടാങ്കുകളാണിവ. യാത്രയ്ക്കിടെ വലതുവശത്തെ ടാങ്കുകളില്‍ ഒന്നിലേക്ക് കൂടുതല്‍ വെള്ളം നിറഞ്ഞ് കപ്പല്‍ ചെരിയുകയായിരുന്നു. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിന് മോശം കാലാവസ്ഥ തടസമായി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW