-->
പത്തനംതിട്ട: കഞ്ചാവ് വലിച്ചതിന്റെ പേരില്‍ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചയാള്‍ ദൂരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം മരവിച്ചു. പോലീസ് മര്‍ദനത്തില്‍ മനംനൊന്താണ് ദളിത് സമുദായാംഗമായ കോയിപ്രം വരയന്നൂര്‍ മുട്ടപ്പള്ളിയില്‍ കോളനി വാലുപറമ്പില്‍ വീട്ടില്‍ കെ.എം. സുരേഷ് (58) ജീവനൊടുക്കിയതെന്ന സൂചനകള്‍ നിലനില്‍ക്കേ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. അന്വേഷണം കഴിഞ്ഞ 22 ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എ. വിദ്യാധരന്റെ നേതൃത്വത്തില്‍ 14 അംഗ സംഘത്തിന് കൈമാറിയിരുന്നു.
നിലവില്‍ കേസ് അന്വേഷിച്ചിരുന്ന കോന്നി ഇന്‍സ്‌പെക്ടര്‍ പി. ശ്രീജിത്ത് 26 ന് ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തലവനായ ഡിവൈ.എസ്.പിക്ക് നല്‍കാന്‍ ചെന്നെങ്കിലും അദ്ദേഹം ഏറ്റുവാങ്ങിയില്ല. ഫയല്‍ കോന്നിയില്‍ തന്നെ ഇരിക്കട്ടെയെന്ന് എസ്.പി. വാക്കാല്‍ നിര്‍ദേശം നല്‍കിയതാണ് ഏറ്റുവാങ്ങാത്തതിനു കാരണമെന്ന് അറിയുന്നു.
എസ്.പി. അടക്കമുള്ളവര്‍ക്കെതിരേ നടപടി വരുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ വലിയ അട്ടിമറി നീക്കമാണ് ഈ കേസില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 16 ന് വൈകിട്ട് 6.45 നാണ് ബോട്ട് എന്നറിയപ്പെടുന്ന സുരേഷിനെ കഞ്ചാവ് വലിച്ചെന്ന കുറ്റത്തിന് കോയിപ്രം പോലീസ് സ്‌റ്റേഷനിലെ രണ്ടു പോലീസുകാര്‍ കസ്റ്റഡിയില്‍ എടുത്തത്. സ്‌റ്റേഷനില്‍ എത്തിച്ച് എന്‍.ഡി.പി.എസ്. വകുപ്പ് പ്രകാരം കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. 19 ന് സുരേഷിനെ വീണ്ടും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു.
അതിനുശേഷം സുരേഷിനെ കാണുന്നത് 22 ന് രാവിലെ കോന്നി ഇളകൊള്ളൂരിലെ മാങ്കോസ്റ്റിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ചനിലയിലാണ്. കോന്നി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞതും ചൂരല്‍കൊണ്ട് മര്‍ദനമേറ്റതും വ്യക്തമായിരുന്നു. കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ സുരേഷിന് പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനമേറ്റെന്നതിന്റെ സൂചനകളാണ് ലഭിച്ചത്. സുരേഷ് ഓടിക്കുന്ന വാഹനത്തിന്റെ ഉടമയായ വീട്ടമ്മ ഇതുസംബന്ധിച്ച് കോന്നി പോലീസിനു മൊഴി നല്‍കിയിരുന്നു. തന്നെ ഇനി ഒന്നിനും കൊള്ളാത്ത വിധം പോലീസ് മര്‍ദിച്ചെന്നാണ് സുരേഷ് ഇവരോട് പറഞ്ഞത്.
സുരേഷിന് ചികില്‍സയ്ക്കു താന്‍ പണം നല്‍കിയെന്നും വീട്ടമ്മ മൊഴി നല്‍കി. ഈ വിവരങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിച്ച് കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടി ഒന്നുമുണ്ടായില്ല. സുരേഷിന് അതിക്രൂരമായ മര്‍ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സാഹചര്യത്തെളിവുകളും മര്‍ദനത്തിലേക്കു വിരല്‍ ചൂണ്ടുന്ന സാക്ഷിമൊഴികളും അടക്കമായിരുന്നു കോന്നി ഇന്‍സ്‌പെക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ട് പൂഴ്ത്തി കേസ് അട്ടിമറിച്ചെന്ന് മേയ് 20 ന് മംഗളം വാര്‍ത്ത നല്‍കി. റേഞ്ച് ഡി.ഐ.ജി. അജിതാ ബീഗം പത്തനംതിട്ട അഡീഷണല്‍ എസ്.പി. ആര്‍. ബിനുവിനോട് പ്രാഥമികമായി അന്വേഷിക്കാന്‍ ഉത്തരവിട്ടു. വിശദമായ അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിക്കാനും നിര്‍ദേശിച്ചു. അവധിയിലായിരുന്ന പത്തനംതിട്ട എസ്.പിക്കു പകരം ചുമതലയുണ്ടായിരുന്ന കൊട്ടാരക്കര റൂറല്‍ എസ്.പി. എം. സാബു മാത്യു 14 അംഗം സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പ്രാഥമികാന്വേഷണം നടത്തിയ അഡീഷണല്‍ എസ്.പി. ആര്‍. ബിനു സുരേഷിന്റേത് ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ടും നല്‍കി.
പക്ഷേ, സുരേഷിന്റെ ശരീരത്തില്‍ ഏറ്റ മാരകമായ പരുക്കുകള്‍ക്ക് കാരണം പോലീസ് മര്‍ദനം ആണോയെന്ന് അന്വേഷിക്കുകയായിരുന്നു പ്രത്യേക സംഘത്തിന്റെ ചുമതല. മേയ് 22 ന് പ്രത്യേക സംഘം നിലവില്‍ വന്നു. ഇതിനിടെ തിരിച്ചെത്തിയ പത്തനംതിട്ട എസ്.പി. അന്വേഷണത്തില്‍ ഇടപെടുകയായിരുന്നു. സുരേഷിനെ മര്‍ദിച്ചതിന് അരീഷ് എന്നൊരാള്‍ക്കെതിരേ 23 ന് പുലര്‍ച്ചെ 2.43 ന് ഒരു എഫ്.ഐ.ആര്‍. ഇട്ടു.
മൂന്നു മാസം മുമ്പ്് നടന്നുവെന്ന് പറയുന്ന സംഭവത്തിന് തിരക്കിട്ട് ഒരു എഫ്.ഐ.ആര്‍. തട്ടിക്കൂട്ടിയത് പോലീസിനെ പ്രതിക്കൂട്ടിലാക്കി. ഇതിനു പിന്നാലെയാണ് വാക്കാല്‍ ഉത്തരവിലൂടെ പ്രത്യേകസംഘത്തിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചിരിക്കുന്നത്. ദളിത് സമുദായാംഗത്തിന് പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ സമുദായ സംഘടനകളും രംഗത്തുണ്ട്.