Friday, March 13, 2026 Last Updated 7 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 26 May 2025 01.49 PM

ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങള്‍ ഹൃദയാഘാതത്തിന്റെയാകാം ; ഇക്കാര്യങ്ങള്‍ ഒരിയ്ക്കലും അവഗണിയ്ക്കരുത്

heart-attack

തിരക്കു പിടിച്ച ജീവിതം മൂലം പലപ്പോഴും സ്വയം ശ്രദ്ധിയ്ക്കാന്‍ സമയം കിട്ടാതെ പോകുന്ന ആളുകളാണ് കൂടുതലും. പല രോഗങ്ങളും നമ്മളെ പിടികൂടി കഴിഞ്ഞായിരിയ്ക്കും നമ്മള്‍ അവയെ തിരിച്ചറിയുന്നത്. അപ്പോഴേയ്ക്കും ഏറെ വൈകിയിരിയ്ക്കും. ഹൃദയത്തിനുണ്ടാകുന്ന ഏതു പ്രശ്‌നവും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഹൃദയാഘാത സാധ്യത കുറയ്ക്കാനുള്ള ഒരു മാര്‍ഗം നേരത്തെയുള്ള രോഗനിര്‍ണയമാണ്. നെഞ്ചിനുണ്ടാകുന്ന അസ്വസ്ഥത, ശ്വാസമെടുക്കാന്‍ പ്രയാസം, ക്ഷീണം, കൈകള്‍, കഴുത്ത്, താടിയെല്ല്, പുറം എന്നിവിടങ്ങളില്‍ വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവ അവഗണിക്കരുത്.

ചിലപ്പോള്‍ ചെറിയ തോതിലേ ഇവ പ്രകടമാവൂ, പ്രത്യേകിച്ച് സ്ത്രീകളില്‍ ദഹനക്കേടോ ക്ഷീണവും തളര്‍ച്ചയുമായോ ഇവ തെറ്റിദ്ധരിക്കപ്പെടാം. ഹൃദയാരോഗ്യത്തെപ്പറ്റി അവബോധം ഉണ്ടാകേണ്ടതും പതിവായി പരിശോധനകള്‍ നടത്തേണ്ടതും കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഹൃദ്രോഗം ഉണ്ടെങ്കില്‍ പ്രത്യേകിച്ചും പ്രധാനമാണ്. ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങള്‍ ഹൃദയാഘാതത്തിന്റെയാകാം. ഇവയെ കുറിച്ച് മനസിലാക്കാം.....

* പ്രമേഹം - 140 ദശലക്ഷത്തിലധികം പേരെ ബാധിച്ച പ്രമേഹം ഇന്ത്യയിലെ ഒരു പ്രധാന പൊതുജനാരോഗ്യപ്രശ്‌നമാണ്. പ്രമേഹം ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കും. പതിവായി പ്രമേഹം പരിശോധിക്കേണ്ടതും ഒപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതും ഹൃദയാരോഗ്യത്തിന് പ്രധാനമാണ്.

* പൊണ്ണത്തടി - അമിതമായ ശരീരഭാരം ഹൃദയത്തിന് ആയാസമുണ്ടാക്കും. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ അമിതവണ്ണം ഉള്ള ആളാണെങ്കില്‍ ഒരു ആരോഗ്യവിദഗ്ധനെ കണ്ട് ശരീരഭാരം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ പിന്തുടരേണ്ടതാണ്.

* നെഞ്ചിന് കനം, നെഞ്ചെരിച്ചില്‍ - നെഞ്ചിന് കനമോ മുറുക്കമോ നെഞ്ചെരിച്ചിലോ ഉണ്ടെങ്കില്‍ അത് ഹൃദയപ്രശ്‌നങ്ങളുടെ സൂചനയാകാം. അസിഡിറ്റിയായോ ദഹനക്കേടായോ ഈ അസ്വസ്ഥതകളെ പലപ്പോഴും തെറ്റിദ്ധരിക്കാം. ഈ ലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍ ഉടനടി വൈദ്യസഹായം തേടണം.

* ഉയര്‍ന്ന കൊളസ്‌ട്രോള്‍- ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഉയരുന്നത് ഹൃദയധമനികളില്‍ പ്ലേക്ക് രൂപപ്പെടാനും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടാനും കാരണമാകും. എല്ലാ ആറുമാസം കൂടുമ്പോഴും കൊളസ്‌ട്രോള്‍ പരിശോധിക്കണം. ഭക്ഷണത്തിലും ജീവിതശൈലിയിലും ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തുകയും വേണം.

* ശ്വാസതടസ്സം - നെഞ്ചിന് വേദന ഇല്ലാതെ തന്നെ ശ്വാസമെടുക്കാന്‍ പ്രയാസം അനുഭവപ്പെടുന്നത് ഹൃദ്രോഗത്തിന്റെ ആദ്യ സൂചനയാകാം. പതിവുള്ള ജോലികള്‍ ചെയ്യുമ്പോഴോ വിശ്രമിക്കുമ്പോഴോ ശ്വസിക്കാന്‍ പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ അവഗണിക്കരുത്. ഹൃദയാഘാതം തടയാന്‍ വൈദ്യസഹായം തേടാം.

* വിട്ടുമാറാത്ത ക്ഷീണം - വിശ്രമിച്ചാലും മാറാത്ത വിട്ടുമാറാത്ത ക്ഷീണം ഹൃദയം ശരിയായി പ്രവര്‍ത്തിക്കാത്തതിന്റെ സൂചനയാകാം. വിവിധ കാരണങ്ങള്‍ കൊണ്ട് ക്ഷീണം ഉണ്ടാകാം. എങ്കിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നറിയാന്‍ വൈദ്യപരിശോധന നടത്തണം.

* ഉയര്‍ന്ന രക്തസമ്മര്‍ദം - പലപ്പോഴും 'നിശ്ശബ്ദ കൊലയാളി' എന്നു വിളിക്കപ്പെടുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം ഗുരുതരമാകും വരെ പലപ്പോഴും ശ്രദ്ധിക്കാതെ വിടാറാണ് പതിവ്. രക്തസമ്മര്‍ദം പതിവായി പരിശോധിക്കേണ്ടത് പ്രധാനമാണ്. ബിപി അഥവാ രക്തസമ്മര്‍ദം അനിയന്ത്രിതമായി കൂടുന്നത് ഹൃദയത്തിന് ആയാസം ഉണ്ടാക്കുകയും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഉള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW