-->
തിരുവനന്തപുരം : പെരുമഴയില്‍ തണുത്തുറഞ്ഞ ഞായര്‍ പ്രഭാതത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി കേരളം. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കെ ഇനി ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നു കരുതിയിരിക്കവേയാണു നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം എത്തിയത്. ആറു മാസത്തിനു ശേഷം എത്തുന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് മൂന്നു മുന്നണികളും ശ്രദ്ധ കേന്ദ്രികരിച്ചിരിക്കെയാണ് ഉപതെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ നിലമ്പൂരിലേതു ക്വാര്‍ട്ടര്‍ ഫൈനല്‍ ആകും.
പി.വി അന്‍വറിന്റെ പിന്തുണയും ഭരണ വിരുദ്ധ വികാരവും തങ്ങള്‍ക്ക് അനുകൂലമാണെന്ന ഉറച്ച വിശ്വാസമാണു യു.ഡി.എഫിന്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ഭരണത്തിന് ഒരുങ്ങുന്ന എല്‍.ഡി.എഫിന് ജയത്തില്‍ കുറഞ്ഞു ഒന്നും ചിന്തിക്കാനേ കഴിയില്ല. നിലമ്പുരിലെ വിജയം പാതിവഴിയില്‍ തങ്ങളെ ഉപേക്ഷിച്ചു പോയ അന്‍വറിനുള്ള മറുപടിയായി നല്‍കാനുള്ള ഒരുക്കത്തിലാണ് ഇടതുപക്ഷം. രാജീവ് ചന്ദ്രശേഖരിലൂടെ പ്രതിക്ഷകള്‍ വാനോളം ഉയര്‍ന്ന ബി.ജെ.പിയും എന്‍.ഡി.എയും നിലമ്പുരില്‍ അത്ഭുതം കാണിക്കാമെന്ന ആത്മ വിശ്വാസത്തിലാണ്.
ഇടതു സ്വതന്ത്രനായ പി.വി. അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവച്ച് ഇടതു മുന്നണി വിട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആര്യാടന്‍ മുഹമ്മദിന്റെ കുത്തകയായിരുന്ന മണ്ഡലം അന്‍വറിലൂടെയാണ് രണ്ടു തവണ സി.പി.എം പിടിച്ചെടുത്തത്. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വെല്ലുവിളിച്ചാണ് അന്‍വര്‍ മുന്നണി വിട്ടതെന്നതിനാല്‍ ജയം സി.പി.എമ്മിന് അനിവാര്യമാണ്. മത്സരിക്കാനില്ലെന്ന് അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായ അന്‍വര്‍ യു.ഡി.എഫിനു പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, മണ്ഡലം തിരിച്ചു പിടിക്കേണ്ടത് യു.ഡി.എഫിന്റെ രാഷ്ട്രീയ ആവശ്യമാണ്. കെ.പി.സി.സി. പ്രസിഡന്റായി സണ്ണി ജോസഫ് തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ക്കുശേഷമെത്തുന്ന സുപ്രധാന ദൗത്യമാണു കോണ്‍ഗ്രസിന് ഈ മത്സരം. ഉപതെരഞ്ഞെടുപ്പിലെ ജയം തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനത്തിന് ഊര്‍ജം പകരും. മറിച്ചായാല്‍, മൂന്നാം വട്ടം തുടര്‍ഭരണമെന്ന സി.പി.എം അവകാശവാദത്തിന് മുന്‍തൂക്കം ലഭിക്കാം. സ്ഥാനാര്‍ഥിയായി ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയെയും ആര്യാടന്‍ ഷൗക്കത്തിനെയുമാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് കെ.പി.സി.സി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ പ്രാരംഭ ചര്‍ച്ചകളും നടന്നിരുന്നു.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്നലെ കണ്ണൂരിലായിരുന്നു പ്രതിപക്ഷ നേതാവ് കൊച്ചിയിലും. അത് കൊണ്ടു തന്നെ ഇന്ന് പ്രഖ്യാപനമുണ്ടാകാനുള്ള സാധ്യതയാണുള്ളതെന്നു നേതാക്കള്‍ പറയുന്നു. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് പല അനുകൂലഘടകങ്ങളുണ്ടായിരുന്നു. സിറ്റിങ് സീറ്റല്ലാത്ത മണ്ഡലത്തിലാണ് ഇത്തവണ പോരാട്ടം.
അതേ സമയം പാര്‍ട്ടി ചിഹ്‌നത്തില്‍ സ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള സാധ്യതകളാണ് സി.പി.എം തേടുന്നത്.എം.സ്വരാജ് മത്സരിക്കുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. പാര്‍ട്ടി നേതൃയോഗങ്ങള്‍ ജൂണ്‍ ആദ്യയാഴ്ചയാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്നോ നാളെയോ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായേക്കും. പാര്‍ട്ടി, മുന്നണി നേതൃത്വങ്ങള്‍ കൂടിയാലോചിച്ച് എത്രയും വേഗം തീരുമാനമെടുക്കുമെന്ന് മുന്നണി കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. 1982ല്‍ ടി.കെ.ഹംസ മണ്ഡലം പിടിച്ചശേഷം പിന്നീട് സി.പി.എം വിജയിക്കുന്നത് 2016ലാണ്, അന്‍വറിലൂടെ. അതുവരെ എല്ലാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ മുഹമ്മദാണ് വിജയിച്ചത്. വോട്ടുകള്‍ക്കൊപ്പം അന്‍വറിന്റെ ജനകീയതയും എല്‍.ഡി.എഫിനെ സഹായിച്ചിരുന്നു.
കേരളം കാത്തിരുന്ന ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനമാണ് വന്നിരിക്കുന്നതെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത്. എല്‍.ഡി.എഫ്. ഏത് സ്ഥാനാര്‍ത്ഥിയെ ഇറക്കിയാലും പ്രമുഖരായിരിക്കുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാനാണ് പ്രഖ്യാപനം സി.പി.എം നീട്ടുന്നത്. ഇതു കൂടി പരിഗണിച്ചാകും അന്തിമ നിലപാട് എടുക്കുക. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല നേരത്തെ എ.പി. അനില്‍കുമാറിന് നല്‍കിയിരുന്നു. സി.പി.എമ്മിന്റെ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല എം. സ്വരാജിനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 8595 വോട്ടുകള്‍ മാത്രം നേടാന്‍ ആയ ബി.ജെ.പിക്ക് മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലെങ്കിലും രാജീവ് ചന്ദ്രശേഖറിന്റെ വ്യക്തി പ്രഭാവവും കേന്ദ്ര സര്‍ക്കാരിനുള്ള സ്വീകര്യതയും എന്‍. ഡി. എയ്ക്ക് പ്രതിക്ഷ നല്‍കുന്നു.
ആരു ജയിച്ചാലും പി. വി അന്‍വറിന്റെ രാഷ്ട്രീയ ഭാവികൂടിയാണ് മാറ്റുരയ്ക്കപ്പെടുന്നത്. വിജയിച്ചാല്‍ സി.പി.എമ്മിനെതിരേ തന്റെ വാദങ്ങള്‍ ശരിയായിരുന്നു എന്ന് അന്‍വറിന് വാദിക്കാം. യു.ഡി.എഫിലെ സ്ഥാനം ഉറപ്പിക്കാം. മറിച്ചായാല്‍ അന്‍വറിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടും. നിലമ്പൂരില്‍ 2016ല്‍ 11504 വോട്ടിനാണ് അന്‍വര്‍ ജയിച്ചത്. ആര്യാടന്‍ ഷൗക്കത്തായിരുന്നു എതിരാളി. കഴിഞ്ഞ തവണ 2700 വോട്ടിനാണ് അന്‍വര്‍ വിജയിച്ചത്. വി.വി. പ്രകാശായിരുന്നു എതിരാളി. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്ത്, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെയും ഉപതെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്.