Friday, March 13, 2026 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
ഷാലു മാത്യു
Saturday 24 May 2025 01.42 PM

കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ രൂപീകരണം കേരള കോണ്‍ഗ്രസുകളെ ലക്ഷ്യമാക്കി; പരുക്ക് എല്‍.ഡി.എഫിനോ യു.ഡി.എഫിനോ?

uploads/news/2025/05/782734/farmers-ferdaration.jpg

കോട്ടയം: കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്റെ മറവില്‍ പാര്‍ട്ടി രൂപീകരണവുമായി മുന്നോട്ട് പോകാനുള്ള ജോര്‍ജ് ജെ. മാത്യുവിന്റെ ലക്ഷ്യം കേരള കോണ്‍ഗ്രസുകള്‍. ഇടത്, വലതു മുന്നണികളില്‍ അസ്വസ്ഥരായ കേരള കോണ്‍ഗ്രസ് നേതാക്കളെയാണ് ജോര്‍ജ് ജെ. മാത്യൂവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ലക്ഷ്യമിടുന്നത്.

കര്‍ഷക സംഘടനയെന്ന നിലയിലാണ് കര്‍ഷക സംഗമം വിളിച്ചുചേര്‍ത്തതെങ്കിലും സംഘടനയുടെ ലക്ഷ്യം രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് വ്യക്തമായതോടെ കേരള ഫാര്‍മേഴ്‌സ് സംഘടനയുടെ രൂപീകരണത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന ഡിജോ കാപ്പന്‍ അടക്കമുള്ള നേതാക്കള്‍ പിന്നാക്കം പോകുകയായിരുന്നു. ഇന്നലെ നടത്തിയ കര്‍ഷക സംഗമത്തില്‍ ജോര്‍ജ് ജെ. മാത്യു അടക്കമുള്ള നേതാക്കളെല്ലാം യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയുമാണ് അതിരൂക്ഷമായി വിമര്‍ശിച്ചത്.

കര്‍ഷകരുടെ ക്ഷേമത്തിനായി ഇടതു-വലതു സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്നായിരുന്നു നേതാക്കളുടെ പരാമര്‍ശം. വന്യമൃഗങ്ങളുടെ ശല്യം ഇത്രയും രൂക്ഷമായ ഒരു കാലഘട്ടം ഉണ്ടായിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തിയാണെന്നുമായിരുന്നു നേതാക്കളുടെ പരിഹാസം. കര്‍ഷകരുടെ ക്ഷേമത്തിനായി രൂപം കൊണ്ട കേരള കോണ്‍ഗ്രസുകള്‍ കര്‍ഷകര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.

ഇടതിനെയും വലതിനെയും കണക്കറ്റ് പരിഹസിച്ച നേതാക്കളെല്ലാവരും ബി.ജെ.പിയുടെ നിലപാടിനെ പരോക്ഷമായി പിന്തുണയ്ക്കുന്ന സമീപനമെടുത്തതും ശ്രദ്ധേയമാണ്. കര്‍ഷകസംഗമം ഉദ്ഘാടനം ചെയ്ത ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി 'നസ്രാണി മുതല്‍ നായാടി വരെയുള്ളവരുടെ ഐക്യമാണ് ലഷ്യമിടുന്നതെന്ന് പറഞ്ഞതും വരുംകാല രാഷ്ട്രീയ സമീപനത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഫെഡറേഷന്‍ കര്‍ഷക സംഘടനായി നിന്നാല്‍ പോരെന്നും രാഷ്ട്രീയ പാര്‍ട്ടിയാകണമെന്നും എന്‍.ഡി.എ. കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രസംഗത്തില്‍ പറഞ്ഞു.

കര്‍ഷകസംഗമത്തില്‍നിന്ന് കത്തോലിക്ക ബിഷപ്പുമാര്‍ വിട്ടുനിന്നെങ്കിലും ജോര്‍ജ് ജെ. മാത്യു ഇന്നു രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. അതേസമയം, ബി.ജെ.പി. പിന്തുണ എന്ന വാദത്തെ നിഷേധിച്ച ജോര്‍ജ് ജെ. മാത്യു ആ വാര്‍ത്തകളില്‍ വസ്തുതയില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കര്‍ഷകര്‍ ഒന്നിച്ചതുകൊണ്ടുമാത്രം കാര്യമില്ല. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ 25 ശതമാനം കര്‍ഷകരെങ്കിലും നിയമസഭയില്‍ വേണം. രാഷ്ട്രീയമായ തിരിച്ചടി ഭയന്നെങ്കിലും കാര്യങ്ങള്‍ ചെയ്തുതരും. കര്‍ഷകരെ പിന്തുണക്കാന്‍ ആരുമില്ല. രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചാല്‍തന്നെ എന്താണ് തെറ്റെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച അദ്ദേഹം ചോദിച്ചു.

ബി.ജെ.പി മുന്നണിയുടെ ഭാഗമാകുക എന്ന ലക്ഷ്യത്തോടെ 2023 ല്‍ ജോര്‍ജ് ജെ. മാത്യു നാഷണല്‍ പ്രോഗ്രസിവ് പാര്‍ട്ടി രൂപീകരിച്ചിരുന്നു. കാത്തലിക്ക് ട്രസ്റ്റിന്റെ പഴയ കാല നേതാവ് വി.വി. അഗസ്റ്റിന്‍ ചെയര്‍മാനും ജോണി നെല്ലൂര്‍ വര്‍ക്കിങ് ചെയര്‍മാനും മാത്യു സ്റ്റീഫന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. എന്നാല്‍ പാര്‍ട്ടി അധികനാള്‍ മുന്നോട്ടുപോയില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW