-->
നടിയും അവതാരകയുമായ ആര്യയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിന്റെയും വിവാഹനിശ്ചയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. ഇപ്പോഴിതാ വിവാഹ നിശ്ചയത്തില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇരുവരും.
'ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസം' എന്ന കുറിപ്പോടെയാണ് ആര്യ ചിത്രങ്ങള്‍ പങ്കുവച്ചത്. 'ഞങ്ങളും ഞങ്ങളുടെ മകളും ഞങ്ങളുടെ പ്രിയപ്പെട്ടവരുമെല്ലാം ആകാംക്ഷയോടെ കാത്തിരുന്ന ദിവസം. ഈ ദിവസത്തെക്കുറിച്ചുള്ള വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ വാക്കുകള്‍ മാതിയാകില്ല. മരിക്കുന്നതുവരെ ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മയായിരിക്കും ഇത്,' ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആര്യ കുറിച്ചു.
'നല്ല സുഹൃത്തുക്കളില്‍ നിന്നും ജീവിതപങ്കാളിയിലേക്ക്...' എന്ന കുറിപ്പിനൊപ്പമായിരുന്നു വിവാഹിതരാകുന്നു എന്ന വിവരം ആര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 'ഒരു ലളിതമായ ചോദ്യത്തിലൂടെയും ജീവിതത്തില്‍ ഇതുവരെ ഞാനെടുത്ത ഏറ്റവും വേഗതയേറിയ തീരുമാനത്തിലൂടെയും ജീവിതം ഏറ്റവും അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിലെത്തി. നിസ്സംശയമായും എനിക്ക് സംഭവിച്ച ഏറ്റവും മികച്ച, ഒട്ടും ആസൂത്രണം ചെയ്യാത്ത കാര്യമാണിത്... ഇത്രയും കാലം ഞങ്ങള്‍ രണ്ടുപേരും പരസ്പരം ഉണ്ടായിരുന്നു, കഷ്ടപ്പാടുകളിലും ബുദ്ധിമുട്ടുകളിലും... നല്ലതിലും ചീത്തതിലും.
പക്ഷേ ജീവിതകാലം മുഴുവന്‍ നമ്മള്‍ പരസ്പരം ഒന്നിച്ചു ജീവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല! എന്റെ ഏറ്റവും വലിയ പിന്തുണയായതിന് നന്ദി, എന്റെ എല്ലാ കുഴപ്പങ്ങളിലും ശാന്തത പാലിച്ചതിന്, ഞാന്‍ സമാധാനപരമായി ചാരി നില്‍ക്കുന്ന തോളായി മാറിയതിന്.. ഞങ്ങളുടെ മകള്‍ക്ക് ഏറ്റവും നല്ല അച്ഛനായതിന്.. എനിക്കും ഖുഷിക്കും ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളായതിന്.. ഞങ്ങളുടെ മുഴുവന്‍ കുടുംബത്തിനും വേണ്ടി കല്ലുപോലെ നിന്നതിന്.. ഒടുവില്‍ എനിക്ക് പൂര്‍ണ്ണത തോന്നുന്നു.. എന്റെ ഹൃദയവും മനസ്സും ഒടുവില്‍ സമാധാനത്തില്‍ ആയിരിക്കുന്നതിന്റെ ആനന്ദം കണ്ടെത്തി.. നിങ്ങളുടെ കൈകളില്‍ ഞാന്‍ എന്റെ വീട് കണ്ടെത്തി,' ആര്യ കുറിച്ചു.