-->
തിരുവനന്തപുരം: തലസ്ഥാനത്തെ സ്മാര്‍ട് സിറ്റി റോഡ് നിര്‍മാണത്തിന്റെ ക്രെഡിറ്റിനെച്ചൊല്ലി മന്ത്രിമാര്‍ക്കിടയില്‍ ഭിന്നത. പണം മുടക്കിയ തദ്ദേശവകുപ്പിനെ വെട്ടി ഉദ്ഘാടനവേളയില്‍ പൊതുമരാമത്ത് വകുപ്പും മന്ത്രി പി.എ. മുഹമ്മദ് റിയാസും ക്രെഡിറ്റ് അപ്പാടെ തട്ടിയെടുക്കാന്‍ നീക്കം നടത്തിയെന്ന ആക്ഷേപം ഭരണതലത്തില്‍ ഒരു വിഭാഗം ചര്‍ച്ചയാക്കി. തദ്ദേശ, മരാമത്ത് മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതോടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനച്ചടങ്ങില്‍നിന്നു വിട്ടുനിന്നതെന്നു വാര്‍ത്തകളും പ്രചരിച്ചതോടെ ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പ് ഇറക്കി.
200 കോടിയോളം രൂപ ചെലവഴിച്ചാണ് തലസ്ഥാനത്തെ സ്മാര്‍ട് റോഡുകള്‍ നിര്‍മിച്ചത്. കേന്ദ്രവിഹിതത്തിനു പുറമേ 80 കോടി രൂപ തദ്ദേശഭരണ വകുപ്പാണ് നല്‍കിയത്. 40 കോടി രൂപ തിരുവനന്തപുരം കോര്‍പ്പറേഷനും ചെലവഴിച്ചു. എന്നാല്‍, ഉദ്ഘാടനപരിപാടിയില്‍നിന്ന് തദ്ദേശവകുപ്പ് മന്ത്രിയെ ഉള്‍പ്പെടെ പൂര്‍ണമായി ഒഴിവാക്കിയെന്നാണു വിമര്‍ശനം. പരസ്യങ്ങളിലും ഫ്‌ളക്‌സുകളിലുമെല്ലാം നിറഞ്ഞുനിന്നത് മുഖ്യമന്ത്രിയുടെയും മുഹമ്മദ് റിയാസിന്റെയും ചിത്രങ്ങളായിരുന്നു. 20-നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മന്ത്രി എം.ബി. രാജേഷ് ഇതിലുള്ള അമര്‍ഷം ചൂണ്ടിക്കാട്ടിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തലസ്ഥാനത്തെ എല്ലാ എം.എല്‍.എമാരും പങ്കെടുത്ത ഉദ്ഘാടനചടങ്ങില്‍, സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിന്റെ പേരില്‍ മന്ത്രി റിയാസിനോടു കൊമ്പുകോര്‍ത്ത കടകംപള്ളി സുരേന്ദ്രന്റെ അസാന്നിധ്യവും ചര്‍ച്ചയായി.
ആരോഗ്യകാരണങ്ങളാലാണ് സ്മാര്‍ട്ട് റോഡ് ഉദ്ഘാടനത്തില്‍നിന്ന് വിട്ടുനിന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍ ഉദ്ഘാടന ദിവസം ഉച്ചവരെയും പിറ്റേന്ന് രാവിലെ നടന്ന പൊതുപരിപാടികളിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി വിശദീകരിച്ചിട്ടും മന്ത്രി രാജേഷ് മൗനം തുടര്‍ന്നതും വിവാദത്തിനു പുതിയ തലം നല്‍കി. മണിക്കൂറുകള്‍ക്കുശേഷം സി.പി.എം നേതൃത്വം വിഷയത്തില്‍ ഇടപെട്ടു. ഇതോടെ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ലെന്നും വസ്തുതാ വിരുദ്ധമായ വാര്‍ത്തയാണ് പുറത്തുവരുന്നതെന്നും മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചു. മന്ത്രിസഭയില്‍ ഭിന്നതയില്ലെന്നും മറ്റൊരു യോഗത്തിലായിരുന്നതിനാലാണ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നതെന്നും എം.ബി രാജേഷ് പറഞ്ഞു.
തന്റെ മണ്ഡലത്തില്‍ സ്മാര്‍ട്ട് സിറ്റി റോഡിന്റെ തുറന്നു കൊടുക്കലുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നു കടകംപള്ളിയും മറുപടി നല്‍കി. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മന്ത്രി തയാറായില്ല. നിങ്ങളുടെ ഉദ്ദേശം നടക്കില്ലെന്ന് മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ട് ചോദ്യങ്ങളില്‍നിന്ന് മന്ത്രി ഒഴിഞ്ഞുമാറുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിയുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡിനായിരുന്നു സ്മാര്‍ട് റോഡുകളുടെ നിര്‍മാണ മേല്‍നോട്ട ചുമതല. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കിയതിനെതിരേ ബി.ജെ.പി രംഗത്തുവന്നിരുന്നു. യു.ഡി.എഫ് പ്രതിനിധികളും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തില്ല.