-->
ന്യൂഡല്‍ഹി: വടക്കന്‍ കേരളത്തില്‍ ദേശീയപാത തകര്‍ന്നത് പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഗതാഗത മന്ത്രാലയമാണ് വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. ഐഐടി വിദഗ്ദ്ധന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ കേരളം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് കൈമാറും. ഐഐടി പ്രൊഫസര്‍ കെ.ആര്‍. റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമായിരിക്കും പഠനം നടത്തുക.
പദ്ധതിയില്‍ വീഴ്ചയുണ്ടായോ? അത് എങ്ങിനെ പരിഹരിക്കും തുടങ്ങിയ കാര്യങ്ങള്‍ വിദഗ്ദ്ധസംഘം പരിശോധിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് കേന്ദ്രത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.
നേരത്തേ മലപ്പുറം എം.എി. ഇ.ടി. മുഹമ്മദ് ബഷീര്‍ ഗതാഗതമ്രന്തിയുമായി കൂടിക്കാഴ്ച നടത്തി വിഷയം അവതരിപ്പിച്ചിരുന്നു. ഇതിന് പുറമേ കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള എം.പി.മാരും കേന്ദ്രമന്ത്രാലയത്തിന് കത്തയച്ചിരുന്നു. നേരത്തേ മലപ്പുറം കുരിയാട് ഭാഗത്ത് ദേശീയപാത ഇടിഞ്ഞുതാണിരുന്നു. അതിന് പുറമേ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ പലയിടങ്ങളിലായി ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തുകയും ചെയ്തിരുന്നു. വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ കേന്ദ്രം നടപടിയുമായി മുമ്പോട്ട് പോകാനാണ് തീരുമാനം.
കരാറുകാരനെ ഡീബാര്‍ ചെയ്യുന്നതും പദ്ധതി ഏറ്റെടുക്കുമ്പോള്‍ കെട്ടിവെയ്ക്കുന്ന മുന്‍കൂര്‍തുക പിടിച്ചുവെയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നിടത്ത് ഇന്ന് തീരുരങ്ങാടി വേങ്ങര നിയോജകമണ്ഡലത്തിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടെയും മുഖംമൂടിയണിഞ്ഞ് വിള്ളലുള്ള ഭാഗത്ത് പശയൊഴിച്ച് വ്യത്യസ്തമായ പ്രതിഷേധമാണ് നടത്തിയത്. നേരത്തേ യൂത്ത്‌കോണ്‍ഗ്രസും പ്രതിഷേധവുമായി എത്തിയിരുന്നു.