-->
മലയാളികള്‍ക്ക് മോഹന്‍ലാല്‍ എന്നുമൊരു വികാരമാണ്. തോള്‍ ചരിച്ചും, മുണ്ട് മടക്കിക്കുത്തിയും, മീശ പിരിച്ചും മോഹന്‍ലാല്‍ സ്ക്രീനിലെത്തുമ്പോള്‍ മലയാളികള്‍ക്കത് എങ്ങുമില്ലാത്ത ആവേശമായി മാറും. മലയാളിയെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു നടൻ ഇല്ലെന്നു തന്നെ പറയാം. ആരാധകരുടെ മുന്നില്‍ താരത്തിളക്കുമായി പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന മോഹന്‍ലാലിന്റെ 65-ാം പിറന്നാളാണിന്ന്. സിനിമയ്ക്കുള്ളിലും പുറത്തുമുള്ള എല്ലാ മോഹന്‍ലാല്‍ ആരാധകരും താരത്തിന് ആശംസകള്‍ നേരുന്നുണ്ട്.
ഏതൊരു മലയാളിയുടെയും ഉള്ളില്‍ ഒരു ലാലേട്ടൻ ആരാധകൻ ഉണ്ടാകും. അതില്‍ അഭിനേതാക്കളെന്നോ സാധാരക്കാരെന്നോ യാതൊരു വ്യത്യാസവുമില്ല. എല്ലാവരും താരത്തിന് ആശംസകള്‍ നേരുന്നത് ഒരു മത്സരമെന്ന പോലെയാണ്.
എന്നാല്‍ ഇപ്പോഴിതാ തന്റെ ജന്മദിനത്തില്‍ ഒരു സന്തോഷമാണ് മോഹന്‍ലാല്‍ ആരാധകരുമായി പങ്കിട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് മോഹന്‍ലാല്‍ പങ്കിട്ടിരിക്കുന്നത്. ‘‘ഉള്ളിന്റെ ഉള്ളില്‍ നിന്നും, എനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. മോഹന്‍ലാലും മാളവിക മോഹനനും സംഗീത് പ്രതാപുമാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. പോസ്റ്ററില്‍ ‘മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന് ജന്മദിനാശംസകള്‍’ എന്നും കുറിച്ചിട്ടുണ്ട്. കയ്യെഴുത്ത് എന്ന തോന്നിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ടൈറ്റില്‍. പോസ്റ്റര്‍ തന്നെ പക്കാ ഫീല്‍ ഗുഡ് ഫീല്‍ നല്‍കുന്നു എന്നാണ് കമന്റുകള്‍.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്ന് അണിയറപ്രവര്‍ത്തകര്‍ അപ്ഡേറ്റ് നല്‍കിയിരുന്നു. ‘ഇനി ബിഗ് സ്‌ക്രീനില്‍ കാണാം’ എന്ന തലക്കെട്ടോടെ സിനിമയുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രം മോഹന്‍ലാലും പങ്കുവെച്ചിരുന്നു. ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂര്‍വ്വം തിയേറ്ററിലെത്തും.
‘‘ഹൃദയപൂര്‍വ്വം ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും. എന്നാല്‍ സത്യേട്ടന്റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം...’’ എന്നാണ് സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വ്വം. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്.
സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റാണ്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം.
തരുണ്‍ മൂര്‍ത്തി ചിത്രമായ ‘തുടരും’ എന്ന മോഹന്‍ലാല്‍ സിനിമ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ഈ സന്തോഷവും ആരാധകര്‍ക്ക് മുന്നിലെത്തുന്നത്.