-->
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും പിന്നാലെ ഭീകരതയ്‌ക്കെതിരായ രാജ്യത്തിന്റെ സന്ദേശവുമായുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങള്‍ ഇന്ന് യാത്ര തിരിക്കും. ഓപ്പറേഷന്‍ സിന്ദൂറിന്റെ സാഹചര്യം വിശദീകരിക്കുകയും അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്താനെ ഒറ്റപ്പെടുത്തുകയും ആണ് ഇന്ത്യയുടെ ലക്ഷ്യം.
കോണ്‍ഗ്രസ് എം പി ശശി തരൂര്‍ നയിക്കുന്ന പ്രതിനിധി സംഘത്തെ ശനിയാഴ്ചയാണ് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രാലയം പ്രഖ്യാപിച്ചത്. ബിജെപി നേതാക്കളായ ശവി ശങ്കര്‍ പ്രസാദ്, ബൈജയന്ത് ജയ് പാണ്ഡ, ജെഡിയു നേതാവ് സഞ്ജയാ ഝാ, ഡിഎംകെ നേതാവ് കനിമൊഴി, എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാവ് സുപ്രിയ സുലേ, ശിവസേന നേതാവ് ശ്രീകാന്ത് ഷിന്‍ഡെ എന്നിവരാണ് സംഘതലവന്മാര്‍.
ഇന്തോനീഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍, സിങ്കപ്പുര്‍ എന്നീ രാജ്യങ്ങളിലാണ് സംഘം സന്ദര്‍ശിക്കുക. ബി.ജെ.പി നേതാക്കളായ ബ്രിജ്‌ലാല്‍, പ്രഥാന്‍ ബറുവ, ഹേമങ് ജോഷി, സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ്, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, നയതന്ത്രജ്ഞന്‍ മോഹന്‍ കുമാര്‍ തുടങ്ങിയവരാണ് ഈ സംഘത്തിലുള്ളത്.
ഏഴ് പ്രതിനിധി സംഘങ്ങളിലെ ആദ്യ മൂന്ന് ടീമാണ് ഇന്ന് പുറപ്പെടുക. ജനതാദള്‍ നേതാവ് സഞ്ജയ് ഝാ നയിക്കുന്ന മൂന്നാമത്തെ സംഘം, ശിവസേന നേതാവ് ശ്രീകാന്ത് ഷിന്‍ഡെ നയിക്കുന്ന നാലാം സംഘം, ഡിഎംകെ എംപി കനിമൊഴി നയിക്കുന്ന ആറാമത്തെ സംഘം എന്നിവരാണ് ഇന്ന് യാത്ര തിരിക്കുകയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.
പ്രതിനിധി സംഘങ്ങള്‍ അതത് രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍, മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങള്‍ വിശദീകരിക്കും. ചൈനയിലേക്ക് പോകില്ല. ഇതിനു പുറമേ കാനഡയെയും തുര്‍ക്കിയെയും ഈ ഘട്ടത്തില്‍ ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. പാകിസ്താനുമായുള്ള തീവ്ര സൗഹൃദമാണ് ചൈനയും തുര്‍ക്കിയും ഒഴിവാക്കാനുള്ള കാരണം. ഇന്ത്യാ വിരുദ്ധ നിലപാടുയര്‍ത്തി ഖലിസ്ഥാന്‍ വിഘടന വാദത്തെ പിന്തുണക്കുന്നതിനാലാണ് കാനഡക്കെതിരായ നിലപാട്.
ഏഴംഗ സംഘങ്ങളില്‍ ഷിന്‍ഡെയാണ് പ്രായം കുറഞ്ഞ സംഘത്തലവന്‍. മുസ്ലിം ലീഗ് എം പി ഇ ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടുന്നതാണ് സംഘം. ശിവസേന നേതാവ് ശ്രീകാന്ത് ഷിന്‍ഡയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തുക യുഎഇയിലാണ്. ശേഷം ലിബേറിയ, കോംഗോ, പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയേറാ ലിയോണ്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഇന്തോനേഷ്യാ, മലേഷ്യ, ദക്ഷിണ കൊറിയ, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ സഞ്ജയ് ഝാ നയിക്കുന്ന സംഘം സന്ദര്‍ശിക്കും. കനിമൊഴി നയിക്കുന്ന സംഘം സ്പെയിന്‍, ഗ്രീസ്, സ്ലോവേനിയ, റഷ്യ, ലാത്വിയ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക.