-->
കൊച്ചി: തമിഴ്‌നാട്ടിലെ കുറ്റാലം കൊട്ടാരത്തിനുമേല്‍ തിരുവിതാംകൂര്‍ മുന്‍ രാജകുടുംബത്തിന് അവകാശമില്ലെന്നു മദ്രാസ് ഹൈക്കോടതി. കൊട്ടാരം കേരള സര്‍ക്കാരിന്റേതാണെന്ന തിരുനല്‍വേലി റവന്യു ഡിവിഷണല്‍ ഓഫീസറുടെ ഉത്തരവു ചോദ്യംചെയ്തു മുന്‍ രാജകുടുംബം നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളി. കുറ്റാലം കൊട്ടാരം സ്വകാര്യ സ്വത്തല്ലെന്ന കണ്ടെത്തലിലേക്കാണ് കോടതി എത്തിയത്.
കൊട്ടാരത്തിന്റെ പട്ടയം തമിഴ്‌നാട് സര്‍ക്കാര്‍ കേരള സംസ്ഥാനത്തിന്റെ പേരിലാക്കിയതു റദ്ദ് ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇതുനേരത്തെ തിരുനല്‍വേലി റവന്യു ഡിവിഷണല്‍ ഓഫീസര്‍ (ആര്‍.ഡി.ഒ) നിരാകരിച്ചിരുന്നു. ഈ ഉത്തരവിനെതിരേയാണ് തിരുവിതാംകൂര്‍ രാജകുടുംബം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. രാജഭരണം മാറി ജനാധിപത്യ ഭരണം വന്നപ്പോള്‍ തയാറാക്കിയ ഉടമ്പടികളിലൊന്നും കൊട്ടാരത്തെക്കുറിച്ചു പരാമര്‍ശിക്കുന്നില്ലെന്നും രാജകുടുംബത്തിന്റ വില്‍പത്രത്തില്‍ ഇക്കാര്യത്തില്‍ കൃത്യതയുള്ള വിവരങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പട്ടയം അനുവദിച്ചതു കൊട്ടാരം കെയര്‍ടേക്കറുടെ പേരിലാണ്.
കെയര്‍ടേക്കറെ നിയമിച്ചതു സര്‍ക്കാരായതിനാല്‍ പട്ടയത്തില്‍ രാജകുടുംബത്തിന് അവകാശമില്ല. രാജകുടുംബങ്ങള്‍ തമ്മിലുള്ള സ്വത്ത് കൈമാറ്റ രേഖകളിലും കുറ്റാലം കൊട്ടാരത്തെ കുറിച്ചു പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേരള സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, സ്‌പെഷല്‍ ഗവ. പ്ലീഡര്‍ വി. മനു എന്നിവര്‍ ഹാജരായി. 2010-ല്‍ കുറ്റാലം കൊട്ടാരത്തിന്റെ അവകാശം തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി തള്ളിയിരുന്നു. കുറ്റാലം കൊട്ടാരം, ദളവാ കൊട്ടാരം എന്നിവ സ്ഥിതി ചെയ്യുന്ന 58.68 ഏക്കര്‍ ഭൂമിയുടെയും കെട്ടിടങ്ങളുടെയും ഉടമാവകാശം കേരള സര്‍ക്കാരിനാണെന്നു തിരുനല്‍വേലി റവന്യു ഓഫീസര്‍ 2019 ല്‍ ഉത്തരവായിരുന്നു.
തിരുനല്‍വേലി ജില്ലയില്‍ തെങ്കാശി താലൂക്കിലാണു കുറ്റാലം കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1882-ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന വിശാഖം തിരുനാളാണു കുറ്റാലം വെള്ളച്ചാട്ടത്തിനുസമീപം വിശ്രമമന്ദിരമെന്നനിലയില്‍ കൊട്ടാരനിര്‍മാണത്തിനു തുടക്കമിട്ടത്. കൊട്ടാരത്തിന്റെ രൂപകല്‍പനയും നിര്‍മാണമേല്‍നോട്ടവും നിര്‍വഹിച്ചതു യൂറോപ്യന്‍ എന്‍ജിനീയര്‍മാരാണ്. ശ്രീമൂലം തിരുനാള്‍ മഹാരാജാവായിരിക്കെ പണി പൂര്‍ത്തിയാക്കി. 56.57 ഏക്കര്‍ സ്ഥലത്ത് 2639.98 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ളതാണു കൊട്ടാരസമുച്ചയം. കുറ്റാലം കൊട്ടാരം, ദളവാ കൊട്ടാരം, അമ്മച്ചി കൊട്ടാരം എന്നിങ്ങനെ ചെറുതും വലുതുമായ 11 കെട്ടിടങ്ങളിലായി 34 മുറികളാണ് ഇവിടെയുള്ളത്.