-->
തിരുവനന്തപുരം: അനേകം വിമര്‍ശനങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഇടയില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ വിപുലമായ ആഘോഷ പരിപാടികളുമായി അഞ്ചാം വാര്‍ഷികം ആഘോഷിക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റൊരു വിജയം കൂടി നേടി മൂന്നാം ടേമിലേക്ക് കടക്കാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്.
രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലോഞ്ചില്‍ കേക്കു മുറിച്ച് അഞ്ചാം പിറന്നാള്‍ ആഘോഷിക്കും. ഏപ്രില്‍ 21ന് തുടങ്ങിയ ജില്ലാതല വാര്‍ഷികാഘോഷം മെയ് 30 വരെ വിപുലമായ പരിപാടികളോടെ നടക്കും. അതേസമയം നിയോജകമണ്ഡങ്ങള്‍ വീതം അടിസ്ഥാനമാക്കി ഇന്ന് യുഡിഎഫ് കരിദിനം ആചരിക്കും.
കരിങ്കൊടി ഉയര്‍ത്തിയാണ് പ്രതിഷേധിക്കുക. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മലപ്പുറത്ത് പ്രതിഷേധത്തിന്റെ ഭാഗമാകും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തിരുവനന്തപുരത്തും കരിദിനാചരണത്തിന്റെ ഭാഗമായി പങ്കെടുക്കും. പത്തു വര്‍ഷം കൈവിട്ടു പോയ ഭരണം തിരിച്ചു പിടിക്കാന്‍ പ്രതിപക്ഷവും ഒരുങ്ങുമ്പോള്‍ ബിജെപിയും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മാറ്റിപ്പിടിച്ച് ഇറങ്ങിയിരിക്കുകയാണ്.
മോഹന്‍ലാലിന്റെ തുടരും സിനിമയുടെ പേര് കടമെടുത്താണ് സിപിഎമ്മിന്റെ സൈബര്‍ വിഭാഗം സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്നത്. സിപിഎം സമ്മേളനങ്ങളിലും തുടര്‍ഭരണമാണ് ചര്‍ച്ച. ഭരണതുടര്‍ച്ചയാണ് ഇടതു മുന്നണി ലക്ഷ്യം. പത്തു വര്‍ഷം കൈവിട്ടു പോയ ഭരണം തിരിച്ചു പിടിക്കാന്‍ പ്രതിപക്ഷവും ഒരുങ്ങുന്നു. കേരളരാഷ്ട്രീയത്തിലെ മാറിമറിയലുകളിലാണ് ബിജെപി പ്രതീക്ഷ വെച്ചിരിക്കുന്നത്.