Tuesday, March 24, 2026 Last Updated 3 Min 40 Sec ago English Edition
Todays E paper
Ads by Google
സനില്‍ അടൂര്‍
Monday 19 May 2025 02.27 PM

കാലുകുത്താന്‍ ഇടമില്ലാതെ കൊല്ലം - എറണാകുളം മെമു ; ബോഗികള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യം ; 8 കമ്പാര്‍ട്ട്‌മെന്റില്‍ ഒരു വനിതാ കമ്പാര്‍ട്ട്‌മെന്റ്

uploads/news/2025/05/781848/memu.jpg

അടൂര്‍: കൊല്ലം-കോട്ടയം-എറണാകുളം മെമുവില്‍ നില്‍ക്കാന്‍പോലും ഇടമില്ലാതെ യാത്രക്കാര്‍ വലയുന്ന സാഹചര്യത്തില്‍ ബോഗികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യം. പുലര്‍ച്ചെ 5.55-ന് കൊല്ലത്തുനിന്നു പുറപ്പെടുന്ന മെമു കരുനാഗപ്പള്ളിയില്‍ എത്തുമ്പോഴേക്കും തിങ്ങിനിറയും. തിങ്കളാഴ്ചകളില്‍ കൊല്ലത്തുനിന്നു പുറപ്പെടുന്നതുതന്നെ ബോഗികള്‍ നിറഞ്ഞാകും. പൊതുഅവധി ദിവസം കഴിഞ്ഞുള്ള പ്രവൃത്തിദിവസങ്ങളിലും സ്ഥിതി ഇതുതന്നെ.

മെമുവില്‍ എട്ട് കോച്ചുകളാണ് ഇപ്പോഴുള്ളത്. ഒന്ന് വനിതാ കമ്പാര്‍ട്ട്‌മെന്റാണ്. എറണാകുളത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഓഫീസ് സമയത്ത് എത്താന്‍ കഴിയുന്ന സമയക്രമമായതിനാല്‍ യാത്രക്കാരുടെ തിരക്ക് ഏറെയാണ്. തൃപ്പൂണിത്തുറയില്‍ ഇറങ്ങി മെട്രോയില്‍ കയറി എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജോലിക്കു പോകുന്നവരും നിരവധി.

വേണാട് എക്‌സ്പ്രസിലെ തിരക്ക് കുറയ്ക്കാനാണ് കഴിഞ്ഞ ഒക്‌ടോബറില്‍ മെമു കൊല്ലത്തുനിന്ന് ഓടിത്തുടങ്ങിയത്. തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ കൂടുതല്‍ മെമു അനുവദിച്ചാല്‍ യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരമാകും. വേണാടിന്റെ തിരക്ക് കുറയ്ക്കാനുമാകും. മറ്റ് ട്രെയിനുകള്‍ കടന്നുപോകുന്നതിനായി മിക്കപ്പോഴും എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനു മുന്‍പ് മെമു ഏറെനേരം പിടിച്ചിടുന്നതും യാത്രക്കാരെ വലയ്ക്കുന്നു. ഇതുമൂലം പലര്‍ക്കും ഓഫീസുകളില്‍ ഉള്‍പ്പെടെ കൃത്യസമയത്ത് എത്താന്‍ കഴിയുന്നില്ല.

മെമുവില്‍ കോച്ചുകള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫ്രണ്ട്‌സ് ഓണ്‍ വീല്‍സ് ജോയിന്റ് സെക്രട്ടറി ശാന്ത്‌ലാല്‍ കൈലാസം റെയില്‍വേ അധികൃതര്‍ക്കു നിവേദനം നല്‍കി. 2024 മേയ് മുതല്‍ വേണാട് എറണാകുളം സൗത്ത് സ്‌റ്റേഷന്‍ ഒഴിവാക്കി, നോര്‍ത്ത് വഴിയാണ് പോകുന്നത്. കൊച്ചിയിലെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് റോഡിലെ തിരക്ക് മൂലം വേണാട് എത്തുന്ന നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ കൃത്യസമയത്ത് എത്താന്‍ കഴിയുന്നില്ല. ട്രെയിന്‍ പുറപ്പെടുന്ന സമയം 5.20 എന്നത് 5.30 ആക്കിയാല്‍ ഇവര്‍ക്കു പ്രയോജനമാകും.

Ads by Google
സനില്‍ അടൂര്‍
Monday 19 May 2025 02.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW