-->
ഭോപ്പാല്‍: കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിധ്വേഷ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് മന്ത്രി കന്‍വര്‍ വിജയ് ഷായോട് രാജി ആവശ്യപ്പെടേണ്ടതില്ലെന്ന് ബിജെപി തീരുമാനം. കോടതി മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനാല്‍ തങ്ങളും രാജി ആവശ്യപ്പെടേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് പാര്‍ട്ടി. നിലവില്‍ കേസെടുക്കാനും പരസ്യമായി മാപ്പ് പറയാനുമാണ് കോടതി നിര്‍ദ്ദേശിച്ചിരുക്കുന്നതെന്നും പറഞ്ഞു.
ഈ വിഷയം അങ്ങനെത്തന്നെ തീരുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മദ്ധ്യപ്രദേശിലെ പാര്‍ട്ടി നേതാക്കള്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷമാണ് മന്ത്രിയുടെ ഒപ്പം നില്‍ക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. വിജയ്ഷാ രാജിവെക്കണം എന്നാവശ്യപ്പെടാന്‍ കോണ്‍ഗ്രസിന് അവകാശമില്ല. മിക്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും കേസുകളുണ്ട്. കേസുള്ള അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ചവരാണ് കോണ്‍ഗ്രസ്. വിജയ് ഷായുടെ രാജിക്കായി മുറവിളി കൂട്ടുന്ന കോണ്‍ഗ്രസ് ആദ്യം ചോദിക്കേണ്ടത് സിദ്ദരാമയ്യയുടെ രാജിയാണ്.
കേണല്‍ സോഫിയാ ഖുറേഷിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയതിന് പിന്നലെ വ്യാപക പ്രതിഷേധമാണ് വിജയ് ഷായ്ക്ക് എതിരേ ഉയര്‍ന്നു വന്നിരിക്കുന്നത്. മധ്യപ്രദേശ് ഹൈക്കോടതിയാണ് മന്ത്രിക്കെതിരെ കേസ് എടുക്കാന്‍ ഉത്തരവിട്ടത്. പ്രഥമദൃഷ്ട്യാ വിജയ് ഷാ നടത്തിയ പരാമര്‍ശം കുറ്റകരമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കേസെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും പറഞ്ഞിരുന്നു.
കേണല്‍ സോണിയ ഖുറേഷിയെ 'ഭീകരരുടെ സഹോദരി' എന്നായിരുന്നു മധ്യപ്രദേശ് മന്ത്രി വിജയ് ഷാ വിളിച്ചത്. ഏപ്രില്‍ 22-ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി അതേ സമുദായത്തില്‍ നിന്നുള്ള സഹോദരിയെ പാകിസ്താനിലേക്ക് അയച്ചു എന്നായിരുന്നു വിജയ് ഷായുടെ വിവാദ പരാമര്‍ശം. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവരുടെ സഹോദരിയെ പാകിസ്താനിലേക്ക് അയച്ചത്. നമ്മുടെ പെണ്‍മക്കളെ വിധവകളാക്കിയവരെ ഒരു പാഠം പഠിപ്പിക്കാനാണ് പ്രധാനമന്ത്രി അങ്ങനെ ചെയ്തതെന്നും ഷാ പറഞ്ഞു.