-->
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായിരുന്ന പി.എസ്.സി. ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ അനുവദിച്ചു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കേരള ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണു തീരുമാനമെന്നു വിശദീകരണം. പെന്‍ഷന്‍ ആനുകൂല്യത്തിനു സര്‍ക്കാര്‍ സര്‍വീസിനൊപ്പം പി.എസ്.സി. അംഗമെന്ന നിലയിലെ സേവനകാലവും പരിഗണിക്കാമെന്നു സംസ്ഥാന പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. വെള്ളിയാഴ്ചയാണു സംസ്ഥാന പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്. മന്ത്രിസഭായോഗ തീരുമാനപ്രകാരമാണ് ഉത്തരവിട്ടിരിക്കുന്നത്.
പി.എസ്.സി. ചെയര്‍മാന്റെ ശമ്പളം 3.87 ലക്ഷമായും അംഗങ്ങളുടേതു 3.80 ലക്ഷമായും ഉയര്‍ത്തി നേരത്തേ തീരുമാനമെടുത്തിരുന്നു. ഇതു പ്രകാരം പി.എസ്.സി. ചെയര്‍മാന്റെ പെന്‍ഷന്‍ 2.50 ലക്ഷം രൂപയും അംഗങ്ങളുടേത് 2.25 ലക്ഷം രൂപയുമായി. എന്നാല്‍ പുതിയ തീരുമാനത്തോടെ പെന്‍ഷന്‍ വീണ്ടും ഉയരും. പി.എസ്.സി. അംഗങ്ങളായിരുന്ന പി. ജമീല, ഡോ. ഗ്രീഷ്മ മാത്യു, ഡോ.കെ.ഉഷ എന്നിവര്‍ നേരത്തേ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പി.എസ്.സി. അംഗങ്ങളായി എത്തിയവരായിരുന്നു. ഇവര്‍ക്ക് നേരത്തെ സര്‍ക്കാര്‍ സര്‍വീസിലെ പെന്‍ഷനായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ പി.എസ്.സി. ശമ്പളം ഉയര്‍ത്തിയപ്പോള്‍ ഉയര്‍ന്ന പെന്‍ഷന് തങ്ങള്‍ക്കും അര്‍ഹതയുണ്ടെന്ന് വ്യക്തമായതോടെ ഇവര്‍ ആ പെന്‍ഷന്‍ ആവശ്യപ്പെട്ടു.
നേരത്തേയുള്ള ചട്ടം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഈ ആവശ്യം നിരസിച്ചിരുന്നു. ഇതോടെ മൂന്ന് പേരും ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ സര്‍ക്കാര്‍ സര്‍വീസിലുണ്ടായിരുന്നവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്ന കാര്യം കോടതിയില്‍ ഇവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയം മന്ത്രിസഭായോഗത്തിന്റെ പരിഗണനയിലെത്തി. അപ്പീല്‍ നല്‍കുന്നത് കൊണ്ട് കാര്യമുണ്ടാകില്ലെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടിയതോടെ ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.