-->
തിരുവനന്തപുരം: മന്ത്രിസഭയുടെ ശിപാര്‍ശമാത്രം അടിസ്ഥാനമാക്കി തടവുപുള്ളികള്‍ക്കു ശിക്ഷാ ഇളവു നല്‍കുന്നതിനോടു വിയോജിച്ചു ഗവര്‍ണര്‍. അഞ്ചുപേര്‍ക്കു ശിക്ഷാ ഇളവ് ശിപാര്‍ശ ചെയ്തു സര്‍ക്കാര്‍ അയച്ച ഫയലുകള്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തിരിച്ചയച്ചു. കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ മോചനഫയലും ഇതില്‍പ്പെടും. ശിക്ഷാ ഇളവിനു പരിഗണിക്കാനായി 12 ഇന മാര്‍ഗരേഖയും രാജ്ഭവന്‍ തയാറാക്കി. അഞ്ചുപേരുടെയും ജയില്‍മോചനത്തിനായി രാജ്ഭവന്‍ നിര്‍ദേശിച്ച മാതൃകയില്‍ സര്‍ക്കാര്‍ വീണ്ടും ശിപാര്‍ശ നല്‍കേണ്ടിവരും.
ശിക്ഷാ ഇളവ് നല്‍കേണ്ട പ്രതി ചെയ്ത കുറ്റം, ലഭിച്ച ശിക്ഷ, ശിക്ഷാ കാലയളവില്‍ എത്രവട്ടം പരോള്‍ ലഭിച്ചെന്നതിന്റെ വിശദാംശങ്ങള്‍, ജയിലിലെ പെരുമാറ്റവും മറ്റും പരിശോധിച്ച ജയില്‍ ഉപദേശകസമിതിയുടെ റിപ്പോര്‍ട്ട്, മോചനം ലഭിച്ച് പ്രതി പുറത്തിറങ്ങിയാല്‍ വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെടാനുള്ള സാധ്യത പരിശോധിക്കുന്ന സാമൂഹികാഘാത റിപ്പോര്‍ട്ട് എന്നിവയുടെയൊക്കെ സംക്ഷിപ്തം ചാര്‍ട്ടായി നല്‍കണം. പ്രതിക്ക് മുന്‍വൈരാഗ്യമുള്ളവര്‍ നാട്ടിലുണ്ടെങ്കില്‍ അവര്‍ നേരിേട്ടക്കാവുന്ന ഭീഷണി സംബന്ധിച്ചുള്ള വിവരങ്ങളും കണക്കിലെടുക്കും.
സാധാരണനിലയില്‍ മന്ത്രിസഭാതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ശിക്ഷയിളവിനുള്ള ശിപാര്‍ശ അംഗീകരിക്കുകയാണ് പതിവ്. എന്നാല്‍, ജയിലില്‍ കുറ്റകൃത്യം ചെയ്തവര്‍ക്കുവരെ ഇളവിനായി ശിപാര്‍ശചെയ്ത സംഭവങ്ങളുണ്ടായി. ചിലര്‍ക്കു കൂടുതല്‍ തവണയും കൂടുതല്‍ ദിവസങ്ങളും പരോള്‍ ലഭിക്കുന്നുമുണ്ട്. കാരണവര്‍ വധക്കേസില്‍ കൂടുതല്‍ പരോള്‍ ആനുകൂല്യം ലഭിച്ച ഷെറിന് ശിക്ഷാ ഇളവിനായി മന്ത്രിസഭ ശിപാര്‍ശ ചെയ്തപ്പോള്‍ അവരെക്കാള്‍ കൂടുതല്‍ കാലം ജയില്‍ശിക്ഷ അനുഭവിച്ചവര്‍ക്കു സമാന ആനുകൂല്യം ലഭിച്ചില്ല. രാഷ്ട്രീയപരിഗണനയുടെപേരിലും ഇളവ് ശിപാര്‍ശചെയ്യാറുണ്ട്. ഇത്തരം വിഷയങ്ങളില്‍ സുതാര്യത ഉറപ്പാക്കാനാണു രാജ്ഭവന്‍ മാര്‍ഗരേഖ തയാറാക്കിയത്.