-->
ഇന്ത്യന്‍ ജനതയെ മുഴുവന്‍ നൊമ്പരത്തിലാഴ്ത്തിയാണ് സാധാരണക്കാരായ വിനോദസഞ്ചാരികളെ കാശ്മീരിലെ പഹല്‍ഗാമില്‍ വച്ച് പാകിസ്താനി ഭീകരര്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഭീകരാക്രമണത്തിലൂടെ നിഷ്കൂരമായി പുരുഷന്മാരെ കൊന്ന് തള്ളിയതിനു ശേഷം ഭീകരര്‍ പറഞ്ഞത്, ‘നിങ്ങളോട് എന്താണ് ഞങ്ങൾ ചെയ്തതെന്ന് നിങ്ങളുടെ സർക്കാരിനോട് പറയണമെന്നാണ്’ എന്നാണ്.
അതിനുള്ള തിരിച്ചടിയാണ് കഴിഞ്ഞ ദിവസം ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ നടപ്പിലാക്കിയത്. പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ ഭീകരർ കണ്ണീർകയത്തിലേക്ക് തള്ളിവിട്ട ഭാര്യമാർക്ക് നീതി നല്‍കുകയാണ് ഇന്ത്യന്‍ സൈന്യം ചെയ്തത്. പതിറ്റാണ്ടുകളായി ഇന്ത്യയെ ലക്ഷ്യമാക്കി ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്ന വിവിധ തീവ്രവാദ സംഘടകളുടെ സുപ്രധാനമായ പരിശീലന കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയത്.
ഈ തിരിച്ചടിയെ ഇന്ത്യന്‍ ജനതയിലെ ഭൂരിഭാഗം പേര്‍ പിന്തുണയ്ക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുമ്പോള്‍ ഒരു കൂട്ടര്‍ ഇത് വേണ്ടിയിരുന്നില്ല എന്നും പറയുന്നുണ്ട്. ഇന്ത്യയിലുള്ള പാക് അഭിനേതാക്കള്‍ പോലും ഇതിനെതിരെ വിമര്‍ശിക്കുന്നുണ്ട്. ചില ഇന്ത്യക്കാരും വിമര്‍ശനക്കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്.
ഇപ്പോഴിതാ ഓപ്പറേഷന്‍ ‘സിന്ദൂര്‍’നെ വിമര്‍ശിക്കുകയാണ് എഴുത്തുകാരിയായ എസ്.ശാരദക്കുട്ടി. തിരിച്ചടി നല്‍കിയത് ശരിയായില്ലെന്നും പാക് ഭീകരർക്ക് നല്ല ബുദ്ധി ലഭിക്കാൻ പ്രാർഥിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നുമാണ് ശാരദക്കുട്ടിയുടെ അഭിപ്രായം. രാജ്യമെന്നു കേട്ടാലല്ല മനുഷ്യൻ എന്ന് കേട്ടാലാണ് അന്തരംഗം അഭിമാന പൂരിതമാകുന്നതെന്നും അവർ ഫേസ്ബുക്കില്‍ കുറിച്ചു.
‘‘വ്യക്തിപരമായ പ്രതികാരവാഞ്ഛകളില്ലാത്ത ഒരാൾക്ക്, അതേ ശക്തിയിൽ തിരിച്ചടിച്ചു എന്നൊക്കെ കേട്ടാൽ ആവേശമോ അഭിമാനമോ തോന്നില്ല....പകരത്തിനു പകരമെന്നത് ജീവിതത്തിലെന്നെങ്കിലും തോന്നിയിരുന്നെങ്കിൽ ഇന്നനുഭവിക്കുന്ന സമാധാനം എനിക്കുണ്ടാകുമായിരുന്നില്ല എന്നുറച്ചു വിശ്വസിക്കുന്നു...എന്റെ വീടിനൊരാൾ കല്ലെറിഞ്ഞിട്ടു പോയാൽ തിരിച്ചയാളുടെ വീടിന് കല്ലെറിയാനായിരിക്കില്ല ഞാൻ ആലോചിക്കുക.
രാജ്യമെന്നു കേട്ടാലല്ല, മനുഷ്യനെന്നു കേട്ടാൽ മാത്രമാണ് എന്റെ അന്തരംഗം അഭിമാന പൂരിതമാവുക. ദേശമെന്നു കേട്ടാലല്ല, മനുഷ്യനെന്നു കേട്ടാൽ മാത്രമാണ് എന്റെ സിരകളിൽ ചോര പതയ്ക്കുക...വേദനിച്ചാൽ എന്റെ കുഞ്ഞുങ്ങൾ കരയുന്ന അതേ ശബ്ദത്തിലാകും ലോകത്തിലെ ഏതു കുഞ്ഞും കരയുക എന്നതോർക്കുമ്പോൾ ഒരു വേദന എന്റെ ഗർഭപാത്രത്തെ പിളർക്കുന്നുണ്ട്.
സമാധാനത്തോളം വലുതല്ല മറ്റൊന്നും. അത് മറ്റൊരാളെ തിരിച്ചു തല്ലിയാൽ കിട്ടുന്നതല്ല. അവർക്ക് നല്ല ബുദ്ധിക്കായി പ്രാർഥിക്കുമ്പോൾ മാത്രം ലഭിക്കുന്നതാണ്. അശക്തരെയും കുഞ്ഞുങ്ങളെയും കാത്തു കൊള്ളണേ എന്നതിലും വലിയ പ്രാർഥനയില്ല.
എസ്. ശാരദക്കുട്ടി...’’ എന്നാണ് ശാരദക്കുട്ടി കുറിച്ചത്.
ശാരദക്കുട്ടിയുടെ പോസ്റ്റിന് കടുത്ത വിമർശനങ്ങള്‍ പലരും കുറിക്കുന്നുണ്ട്. ‘സ്വന്തം മകളുടെ ഭർത്താവിനെയാണ് ഭീകരർ കൊന്നതെങ്കിലും ഇങ്ങനെതന്നെ പറയുമോ?, സ്വന്തം മുറിയില്‍ സ്വസ്ഥമായിരുന്ന് നമുക്കിങ്ങനെയൊക്കെ മൊഴിയാം. കുടുംബത്തിനൊപ്പം ടൂറടിച്ച് തിരിച്ചു പോരുമ്പോള്‍ കൂടപ്പിറപ്പുകളെ വെള്ളയില്‍ പൊതിഞ്ഞു കൊണ്ടുവരേണ്ട അവസ്ഥയെപ്പറ്റിയൊന്നും നന്മമരം ചമയുന്നവർക്ക് ചിന്തിക്കേണ്ട കാര്യമില്ല. സുരക്ഷയും സമാധാനവും സ്വസ്ഥതയുമൊന്നും ‘പ്രാർത്ഥിച്ച് ഉണ്ടാക്കാൻ’ പറ്റുന്ന കാര്യങ്ങളല്ല. ലോകത്ത് ഒരിടത്തും അങ്ങനെ ഉണ്ടായിട്ടുമില്ല...’ എന്നതടക്കമാണ് വിമര്‍ശനങ്ങള്‍.