Wednesday, March 11, 2026 Last Updated 3 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 20 Jun 2025 11.40 AM

ഒരു പെണ്ണ് കഷ്ടപ്പെട്ട് തെറിയും ആഭാസവും ഏറ്റുവാങ്ങി രക്ഷപെട്ടാല്‍ ഉടന്‍ വരും രക്ഷകര്‍ത്താക്കളെന്ന് ശാരദക്കുട്ടി; കാര്യങ്ങള്‍ മനസ്സിലാക്കാതെ അഭിപ്രായം പറയരുതെന്ന് ദാസേട്ടന്‍ കോഴിക്കോട്

രേണു സുധിയും ദാസേട്ടന്‍ കോഴിക്കോടുമൊക്കെ റീല്‍സ് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ്. ഇപ്പോഴിതാ രേണു സുധിയെക്കുറിച്ചും ദാസേട്ടന്‍ കോഴിക്കോടിനെക്കുറിച്ചും എഴുത്തുകാരി ശാരദക്കുട്ടി കുറിച്ചതാണ് ശ്രദ്ധിക്ക​പ്പെടുന്നത്.
Renu Sudhi, Dasettan Kozhikode, writer Saradakutty
Sharadakutty on renu sudhi and dasettan kozhikkode (Image Source: Facebook)

മിമിക്രി താരവും സിനിമാനടനുമായിരുന്ന കൊല്ലം സുധിയിലൂടെയാണ് രേണു സുധിയെന്ന പേര് പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. കൊല്ലം സുധിയുടെ അകാലത്തിലുള്ള വേര്‍പാട് മലയാളസിനിമാപ്രേക്ഷരെ ഏറെ നൊമ്പരപ്പെടുത്തിയിരുന്നു. സുധിയുടെ ​ഭാര്യയായ രേണു സുധിയോട് അന്നുമുതല്‍ അനുകമ്പയും സ്നേഹവുമൊക്കെയാണ് പ്രേക്ഷകര്‍ക്കുണ്ടായിരുന്നത്.
എന്നാല്‍ പിന്നീട് റീല്‍ വീഡിയോകളിലൂടെയാണ് രേണു ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചു ഇണങ്ങാത്ത വസ്ത്രം ധരിച്ച് റീല്‍സില്‍ എത്തുന്നു എന്നതടക്കമായിരുന്നു വിമര്‍ശനങ്ങള്‍. വിവാദങ്ങളും ചര്‍ച്ചകളും നിറഞ്ഞിട്ടും രേണു സുധിയുടെ റീല്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. പലരും രേണുവിനെ വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും നെഗറ്റീവ് കമന്റുകളിട്ടും സോഷ്യല്‍ മീഡിയയില്‍ കമന്റുകളിടാറുണ്ട്.
ഇപ്പോഴിതാ രേണു സുധിയെക്കുറിച്ച് സുദീര്‍ഘമായ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുകയാണ് എഴുത്തുകാരിയായ ശാരദക്കുട്ടി. രേണു സുധിയെ ഇന്ന് കാണുന്ന രേണുസുധിയാക്കിയത് ദാസ് എന്ന ഒരു ആർട്ടിസ്റ്റാണെന്ന് അവകാശപ്പെടുന്നത് കണ്ടു. തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കള്‍ എന്നതടക്കമാണ് കുറിപ്പ്.
‘‘ചാനലുകളിലെ കോമഡി പ്രോഗ്രാം ശ്രദ്ധിക്കാത്തതു കൊണ്ടാകും കൊല്ലം സുധിയെ എനിക്കറിയുമായിരുന്നില്ല. എന്നാൽ, അദ്ദേഹത്തിന്റെ മരണദിവസം മുതൽ രേണു സുധിയെ അറിയാം. പെർഫോമർ ആയ രേണു സുധിയുടെ ഭർത്താവ് എന്ന നിലയിലല്ലാതെ കൊല്ലം സുധിയെ ഒരു പെർഫാമറായി ഞാൻ കണ്ടിട്ടേയില്ല. പിന്നോട്ടോടിപ്പോയി കാണണമെന്നൊന്നും തോന്നിയിട്ടുമില്ല.
രേണുസുധിയുടെ വീഡിയോയും റീൽസും നമ്മൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നമുക്കു കാണാതിരിക്കാൻ നിർവ്വാഹമില്ല എന്ന തരത്തിൽ തിക്കിത്തിരക്കി നമ്മളിലേക്ക് വരുന്നുമുണ്ട്.
ദാസ് എന്ന ഒരു ആർട്ടിസ്റ്റ് താനാണ് രേണു സുധിയെ ഇന്ന് കാണുന്ന രേണു സുധി ആക്കിയതെന്ന് അവകാശപ്പെടുന്നതു കണ്ടു. തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!
കൊല്ലം സുധിയും ദാസ് കോഴിക്കോടും എന്തായാലും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്. അല്ലാതെയാക്കാൻ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല. പൊട്ടിപ്പൊണ്ണെന്ന മട്ടിൽ ഒന്നാന്തരം ഗെയിമുകൾ കളിക്കാനറിയുന്ന രേണുസുധി ഇപ്പോൾ പറയുന്നതിലും മികച്ച വർത്തമാനം പറഞ്ഞുതുടങ്ങും ആളുകളിയും ആണുകളിയും മൂത്താൽ.
അവർക്കറിയാം ഹ്രസ്വകാലത്തേക്കാണെങ്കിൽ പോലും തന്റെ നിലം ഒരുക്കിയെടുക്കാൻ താൻ പെടുന്ന പാട്. കാലത്തിനൊത്ത കോലം കെട്ടാനും വേണം ഒരു സാമർഥ്യം. അതിനിടയിൽ, നമ്മുടെ ഇഷ്ടമോ ഇഷ്ടക്കേടോ വെറുപ്പോ രേണു സുധി കാര്യമാക്കുന്നില്ല. അവർ തന്റെ സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ്. അതിന് ചില്ലറ ധൈര്യമൊന്നും പോരാ...’’ എന്നാണ് ശാരദക്കുട്ടി കുറിച്ചിരിക്കുന്നത്.

എന്നാല്‍ തനിക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി കുറിക്കുകയാണ് സോഷ്യല്‍ മീഡിയ ഇൻഫ്ളൂവൻസർ ദാസേട്ടൻ കോഴിക്കോട് എന്ന പേരില്‍ അറിയപ്പെടുന്ന ഷണ്‍മുഖദാസ് രംഗത്ത് എത്തിയിരിക്കുകയാണ്. നിങ്ങളെ പോലുള്ള മുതിർന്ന ആള്‍ക്കാർ കാര്യങ്ങള്‍ മനസിലാക്കാതെ അഭിപ്രായം പറയരുതെന്ന് ഷണ്‍മുഖദാസ് ഫേസ്ബുക്കില്‍ മറുപടിയായി കുറിച്ചു.
‘‘കാര്യങ്ങള്‍ മനസിലാക്കാതെ അഭിപ്രായം പറയരുത് ബഹുമാനപ്പെട്ട ശാരദക്കുട്ടി ടീച്ചറേ. നിങ്ങളെ പോലുള്ള മുതിർന്ന ആള്‍ക്കാർ കാര്യങ്ങള്‍ മനസില്‍ ആക്കാതെ അഭിപ്രായം പറയരുത്. ഞാൻ ആരുടെയും രക്ഷിതാവ് ആണെന്ന് പറഞ്ഞിട്ടില്ല. പ്രൊഫഷണല്‍ റീല്‍സ് അവർ എത്തിയത് റീലില്‍ കൂടെ ആണെന്ന് ഞാൻ പറഞ്ഞിട്ടുള്ളു. അത് അവർ തന്നെ പല സ്ഥലങ്ങളിലും പറഞ്ഞിട്ടുണ്ട്...’’ ഷണ്‍മുഖദാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Ads by Google
Friday 20 Jun 2025 11.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW