-->
കോട്ടയം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് കരുതുന്ന പാര്‍ട്ടി അണികളെ പാര്‍ട്ടി നേതാക്കള്‍ തന്നെ പരാജയപ്പെടുത്തരുതെന്ന് ദീപികാദിനപ്പത്രം. തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ കാരണം സംഘടനാ ദൗര്‍ബല്യമാണെങ്കില്‍ ശത്രു പുറത്തല്ല, അകത്താണെന്ന് കരുതേണ്ടി വരുമെന്നും അടുത്ത തവണ ഭരണത്തിലെത്തുമെന്ന് തോന്നിയപ്പോള്‍ കോണ്‍ഗ്രസില്‍ തുടങ്ങിയ ആഭ്യന്തര കലാപമാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തിലെത്തി നില്‍ക്കുന്നതെന്നും പത്രം വിലയിരുത്തുന്നു.
കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഒരു പാര്‍ട്ടി അധികാരത്തിലെത്തുന്നത് അവരുടെ കഴിവുകൊണ്ടുമാത്രമല്ല, എതിരാളിയുടെ കഴിവുകേടുകൊണ്ടുകൂടിയാണെന്നും ബിജെപി രാജ്യമൊട്ടാകെ ആ സാധ്യത ഉപയോഗിച്ചവരാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. കേരളത്തില്‍ അടുത്ത തവണയും അത് ഉപയോഗിക്കാനാകുമെന്നാണ് സിപിഐഎം ചിന്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയിലെ അന്തഃഛിദ്രങ്ങളും അധികാരക്കൊതിയും പരിഹരിക്കാന്‍ പ്രാപ്തിയുള്ളയാളാണ് അദ്ധ്യക്ഷസ്ഥാനത്ത് എത്തേണ്ടതെന്നും പറയുന്നു.
കോണ്‍ഗ്രസിലെ ചിന്ത പാര്‍ട്ടിയെന്ന നിലയിലല്ല, മറിച്ച് നേതാക്കള്‍ എന്ന നിലയില്‍ ആണ്. അടുത്ത തവണ ഭരണത്തിലെത്തുമെന്ന് തോന്നിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസില്‍ തുടങ്ങിയ ആഭ്യന്തര കലാപമാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തിലെത്തിയിരിക്കുന്നത്. പാര്‍ട്ടി തര്‍ക്കത്തില്‍ മതനേതാക്കള്‍ക്ക് എന്ത് പങ്കാണുള്ളതെന്ന് അറിയില്ലെന്നും എത്ര മന്ത്രി വേണം, കെപിസിസി അധ്യക്ഷന്‍ വേണം എന്നെല്ലാം പറയാന്‍ കത്തോലിക്ക സഭ ഉദ്ദേശിക്കുന്നില്ലെന്നും 'അധ്യക്ഷന്റെ മതമല്ല, മതേതരത്വമാണ് മുഖ്യം' എന്ന എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നു.