-->
ന്യൂഡല്‍ഹി: ഹ്യുണ്ടായ് അല്‍കസാര്‍ വാഹനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്ന് നിയമപരമായ പ്രശ്‌നങ്ങളില്‍ പെട്ട് ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുകോണും. കുഴപ്പമുള്ള ഉല്‍പ്പന്നത്തിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട് ഷാരൂഖും ദീപികയും ഉപഭോക്താക്കളെ കബളിപ്പിക്കലിന് ഇരയാക്കാന്‍ പ്രലോഭിപ്പിച്ചു എന്നാണ് കേസ്.
ഹ്യുണ്ടായ് അല്‍കസാര്‍ കാര്‍ വാങ്ങിയ ഭരത്പൂര്‍ സ്വദേശി നല്‍കി വഞ്ചനാക്കുറ്റ പരാതിയെ തുടര്‍ന്നാണ് അഭിനേതാക്കള്‍ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ കേസെടുത്തത്. ബ്രാന്‍ഡിന്റെ പരസ്യമോഡലുകളാണ് ഷാരൂഖ് ഖാനും ദീപികയും. പരസ്യം കണ്ട് പ്രലോഭിതനായി 24 ലക്ഷം രൂപയ്ക്ക് വാങ്ങിയ കാറിന് വാങ്ങി കുറഞ്ഞ കാലംകൊണ്ടു സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായെന്നാണ് കീര്‍ത്തി സിംഗിന്റെ പരാതി.
2022 ജൂണില്‍ കാര്‍ വാങ്ങിയ കീര്‍ത്തി സിംഗ്, 'പഠാന്‍' താരങ്ങള്‍ക്കും ഹ്യുണ്ടായിയുമായി ബന്ധപ്പെട്ട മറ്റ് ആറ് പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കാര്‍ വാങ്ങി കുറഞ്ഞ കാലംകൊണ്ടുതന്നെ സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയെന്നും, ഡീലറെ സമീപിച്ചപ്പോള്‍ അത് നിര്‍മ്മാണത്തിലെ തകരാറാണെന്നും അത് ശരിയാക്കാന്‍ കഴിയില്ലെന്നും അറിയിച്ചതായി പരാതിയില്‍ പറയുന്നു.
കാര്‍ 6-7 മാസം ഓടിച്ചതിന് ശേഷം സാങ്കേതിക തകരാറുകള്‍ കണ്ടുതുടങ്ങി. ഉയര്‍ന്ന വേഗതയില്‍ ഓടിക്കുമ്പോള്‍ ശബ്ദമുണ്ടാക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. എഞ്ചിന്‍ മാനേജ്മെന്റ് സിസ്റ്റത്തില്‍ കാര്‍ തകരാറുകള്‍ കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സിംഗ് കോടതിയെ സമീപിച്ചു, അതിനെത്തുടര്‍ന്ന് സെക്ഷന്‍ 420 പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ മഥുര ഗേറ്റ് പോലീസ് സ്റ്റേഷന് കോടതി നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ ഇതുവരെ ഷാരൂഖോ ദീപികയോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഷാരൂഖ് പതിറ്റാണ്ടുകളായി ഹ്യുണ്ടായിയുടെ ബ്രാന്‍ഡ് അംബാസഡറാണ്. അദ്ദേഹത്തിന്റെ സഹതാരം 2023-ലാണ് ബ്രാന്‍ഡ് അംബാസഡറായത്. ഇരുവരും കഴിഞ്ഞ വര്‍ഷം ഒരുമിച്ച് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച്, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ കാര്യത്തില്‍ പരസ്യം ചെയ്യുന്നവര്‍ക്കെതിരെയും കേസെടുക്കാവുന്നതാണ്.