-->
മിമിക്രി വേദികളിൽ നിന്നെത്തി പ്രേക്ഷകമനസ്സ് കീഴടക്കിയ ഒരുപാട് താരങ്ങളുണ്ട്. അക്കൂട്ടത്തിൽ മുൻപന്തിയിലാണ് ദിലീപിന്റെ സ്ഥാനം. ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ ഇഷ്‌ടതാരമായിരുന്നു ദിലീപ്. ജനപ്രിയ നായകൻ എന്നായിരുന്നു ദിലീപിനെ വിളിച്ചിരുന്നത്.അയലത്തെ പയ്യൻ ഇമേജ് ദിലീപിന് ഇക്കാലത്ത് ഉണ്ടാവുകയും സൂപ്പർതാരങ്ങളായ മോഹൻലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാള്‍ കൂടുതല്‍ ഹിറ്റുകള്‍ ഇക്കാലത്ത് നേടിയെടുക്കുകയും ചെയ്‌തിരുന്നു ദിലീപ്.
2000 കാലഘട്ടത്തിൽ വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം തന്നെ കോമഡിയും ഒക്കെ ഒത്തിണങ്ങിയ ചിത്രങ്ങളിലൂടെ ദിലീപ് പ്രേക്ഷകമനസ്സ് കീഴടക്കി.
എന്നാൽ ഇടയ്ക്ക് ജീവിതത്തിലും കരിയറിലും ദിലീപിന് വലിയ തിരിച്ചടി കിട്ടി. മോളിവുഡിലെ പ്രബല താരമായിരുന്ന ദിലീപ് 2017 ല്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേർക്കപ്പെട്ടു.
പിന്നീടിങ്ങോട്ട് ദിലീപിന് ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങളായി. താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ് അന്നുമിന്നും ദിലീപ് പറയുന്നത്. കേസിന്റെ വിചാരണ ഇതുവരെയും അവസാനിച്ചിട്ടില്ല. ഇതിനിടെ കരിയറിലും വീഴ്ച വന്നു. ദിലീപിന്റെ സ്ഥാനത്തേക്ക് മറ്റ് താരങ്ങളുമെത്തി. ഇപ്പോഴിതാ പ്രതിസന്ധി ഘട്ടത്തില്‍ തന്നെ പിന്തുണച്ചവരെക്കുറിച്ച് സംസാരിക്കുകയാണ് ദിലീപ്. മകൾ മീനാക്ഷി തനിക്ക് തന്ന സപ്പോർട്ട് ഒരിക്കലും വാക്കുകൾ കൊണ്ട് പറയാനാവില്ല എന്നും ദിലീപ് പറയുന്നു ഒപ്പം
തനിക്കും കുടുംബത്തിനും താങ്ങായി നിന്ന നിരവധി പേരുണ്ടെന്നും ദിലീപ് പറയുന്നു. "എന്റെ ബലമാണവൾ....ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ മീനാക്ഷി പ്ലസ് ടുവിന് പഠിക്കുകയാണ്. എന്റെ പ്രശ്നങ്ങള്‍ തീർന്നിട്ടില്ല. അവള്‍ പഠിച്ച് ഡോക്ടറായി. അവള്‍ എന്റെ ഏറ്റവും വലിയ ബലമാണ്. അത്രയും സപ്പോർട്ട് ചെയ്യുകയും എല്ലാത്തിനും കൂടെ നില്‍ക്കുകയും ചെയ്തു..."ദിലീപ് പറഞ്ഞു.
കാണാത്തതും കേള്‍ക്കാത്തതുമായ കാര്യങ്ങളോടാണ് ഫെെറ്റ് ചെയ്യുന്നത്. ഞാൻ ഒരാളല്ല. എന്നെ ആശ്രയിച്ച് നില്‍ക്കുന്ന ഒരുപാട് ആളുകളുണ്ട്. ഒരുപാട് കുടുംബങ്ങളുണ്ട്. കൊവിഡ് സമയത്ത് പോലും ഞാൻ ഒരു ജോലിക്കാരെയും പറഞ്ഞ് വിട്ടിട്ടില്ല. എല്ലാവർക്കും കറക്‌ട് ശമ്പളവും കിറ്റും എത്തിയിരുന്നു..." ദിലീപ് പറയുന്നു.
മന്ത്രി ഗണേശ് കുമാറിന്റെയുള്‍പ്പെടെ പേര് ദിലീപ് എടുത്ത് പറഞ്ഞിട്ടുണ്ട്. "ഗണേശേട്ടനെ എനിക്ക് മറക്കാൻ പറ്റില്ല. പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുമ്പോൾ പോലും പുള്ളി നമ്മളെ വിശ്വസിച്ച് എനിക്ക് വേണ്ടി സംസാരിച്ചു. സിദ്ദിഖ് ഇക്കയും. എന്റെ ഫാമിലിയെ പാംപർ ചെയ്ത ഒരുപാട് പേരുണ്ട്. സത്യേട്ടൻ, ജോഷി സർ, പ്രിയൻ സർ, ബി ഉണ്ണികൃഷ്ണൻ, ലാല്‍ ജോസ് തുടങ്ങി ഒരുപാട് പേരുണ്ട്.
ഞങ്ങളുടെ വീട് ഒരു തുരുത്ത് പോലെയാക്കിയപ്പോള്‍ ഞങ്ങളെ സപ്പോർട്ട് ചെയ്തവരുടെ മുകളില്‍ പോലും കേസ് വന്നു. ഇനിയാരും എന്നെ സപ്പോർട്ട് ചെയ്യാതിരിക്കാൻ വേണ്ടിയായിരുന്നു അത്. എടുത്ത് പറയാൻ ഒരുപാട് പേരുണ്ട്. അവരാരും ടിവിയുടെ മുന്നില്‍ വന്ന് ഫെെറ്റ് ചെയ്യാൻ നില്‍ക്കാത്തവരാണ്. അല്ലാത്ത എല്ലാ കാര്യങ്ങളിലും അവർ സപ്പോർട്ട് തരും.
ശ്രീനിയേട്ടനെ എടുത്ത് പറയണം. ശ്രീനിയേട്ടൻ എന്നെക്കുറിച്ച് പോസിറ്റീവായി പറഞ്ഞതിന് പുള്ളിയുടെ വീട്ടില്‍ കരി ഓയില്‍ ഒഴിക്കലുണ്ടായിരുന്നു. തന്നെ പിന്തുണച്ചതിന്റെ പേരില്‍ ബലിയാടുകളായ ഒരുപാട് പേരുണ്ട്.
എല്ലാ മേഖലയിലും എനിക്ക് വേണ്ടി സംസാരിച്ചവരെ മാറ്റി നിർത്തി. കുറച്ച് പേരുടെ അജണ്ടയാണ്. അതില്‍ ഒന്നും ചെയ്യാൻ പറ്റില്ല. എല്ലാം നിന്ന് പകച്ച് നിന്ന സമയത്ത് മേനക സുരേഷ്, സുരേഷ് കുമാർ തുടങ്ങിയവർ വന്നു. എന്റെ തിയറ്റർ അടച്ച് പൂട്ടാനുള്ള ശ്രമം നടത്തിയപ്പോള്‍ തിയറ്റർ അസോസിയേഷൻ വന്ന് ഇടപെട്ടു.
വ്യക്തിപരമായി സപ്പോർട്ട് ചെയ്ത ഒരുപാട് പേർ വേറെയുമുണ്ട്. കാരണം നമ്മളെന്താണെന്ന് അവർക്കറിയാം. അവരുടെ മുമ്പിൽ വളർന്നയാളാണ് ഞാൻ. നമ്മളോട് ഇഷ്ടമുള്ള ഒരുപാട് പേർ ഒന്നും പറയാൻ പറ്റാതെ നില്‍ക്കുകയാണ്... " ദിലീപ് പറയുന്നു. കാർത്തിക് സൂര്യയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
പ്രിൻസ് ആന്റ് ഫാമിലിയാണ് ദിലീപിന്റെ പുതിയ സിനിമ. താരത്തിന്റെ 150- മത്തെ സിനിമയാണിത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ നവാഗതനായ ബിന്റോ സ്റ്റീഫനാണ്.