-->
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി അഞ്ച് പതിറ്റാണ്ടിലധികമായി വ്യത്യസ്തമായ കാമ്പുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ്. മലയാളത്തില്‍ മാത്രമല്ല മിക്ക തെന്നിന്ത്യന്‍ ഭാഷകളിലടക്കം താരം തിളങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ സമ്പത്തായ മമ്മൂട്ടി, പുത്തൻ പരീക്ഷണങ്ങളിലൂടെ മലയാളികളെ എന്നും വിസ്മയിപ്പിക്കുന്ന നടന്‍ കൂടിയാണ്. താരം പങ്കിടുന്ന ചിത്രങ്ങള്‍ ആരാധകര്‍ വലിയ രീതിയില്‍ ഏറ്റെടുക്കാറുണ്ട്.
അഭിനയം എന്ന പോലെ ഡിജിറ്റല്‍ ഗാഡ്ജെറ്റുകളുടെ കാര്യത്തിലും ക്യാമറയിലൂടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതുമൊക്കെ മമ്മൂട്ടിയുടെ പാഷനുകളില്‍ പെടുന്നതാണ്. ചിത്രങ്ങൾ കാമറയിൽ പകർത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ ആരാധകർക്കിടയിൽ പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടി പങ്കിടുന്ന ചിത്രങ്ങള്‍ ചുള്ളന്‍ ചെക്കന്റെ കലക്കന്‍ സ്റ്റൈല്‍ എന്ന തലത്തിലേക്കാണ് എത്തിപ്പെടാറുള്ളത്.
ഇപ്പോഴിതാ നിർമാതാവ് ജോർജ് ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ഒരു മമ്മൂട്ടി ചിത്രം വൈറലാകുകയാണ്. അടുത്തിടെ ചികിത്സയുടെ ഭാഗമായി സിനിമയില്‍നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയായിരുന്നു മമ്മൂട്ടി. ചികിത്സ കഴിഞ്ഞ് താരം തിരികെയെത്തുന്നതിന്റെ വീഡിയോ നേരത്തേ പ്രചരിച്ചിരുന്നു. സിനിമയുടെ തിരക്കുകളില്‍ നിന്നെല്ലാം മാറി വിശ്രമത്തിലായിരുന്നു താരം. സോഷ്യല്‍ മീഡിയയിലും താരം സജീവമായിരുന്നില്ല. അതിനിടെയാണ് ആരാധകർക്ക് സർപ്രൈസ് ആയി ജോർജ് മമ്മൂട്ടിയുടെ ചിത്രം പുറത്തുവിട്ടത്.
ലേറ്റസ്റ്റ് ചിത്രത്തില്‍ കടലിനെ ഫോക്കസ് ചെയ്ത് വൈഡ് ലെന്‍സ് ക്യാമറയുമായി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം. ‘‘സർവജ്ഞൻ...’’ എന്ന ക്യാപ്ഷനൊപ്പമാണ് ജോർജ് ചിത്രം പങ്കിട്ടിരിക്കുന്നത്. ഒരു കിരീടചിഹ്നവും ഒപ്പം ചേർത്തിട്ടുണ്ട്. വിദൂരതയിലേക്ക് ക്യാമറക്കണ്ണിലൂടെ നോക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
പതിവു പോലെ പ്രേക്ഷകരുടെ സ്വന്തം മമ്മൂക്കയുടെ ചിത്രത്തിന് താഴെ ആരാധകരുടെയും സഹതാരങ്ങളുടെയും കിടിലന്‍ കമന്റുകളും നിറയുന്നുണ്ട്. ഹാര്‍ട്ടും തീയുടെയും ഇമോജി നല്‍കിയാണ് അഭിനേത്രിയായ രജിഷ വിജയന്‍ തന്റെ സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. ‘തിരുമ്പി വാ തലേ, അയാൾ വലിയൊരു സിഗ്നല്‍ നൽകിയിട്ടുണ്ട്, ഒരു ബാക്ക്‌ഷോട്ടിന് ഇത്രയും പ്രതികരണം ലഭിച്ചാൽ, അത് പൂർണ്ണ സ്‌ക്രീനിൽ വരുമ്പോൾ എന്ത് സംഭവിക്കുമെന്ന് സങ്കൽപ്പിക്കുക, നിങ്ങൾ ഇറങ്ങണം എന്നാലേ വല്ലതും നടക്കൂ..’ എന്നതടക്കമാണ് ആരാധകരുടെ കമന്റുകള്‍.
നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. വിനായകനാണ് മറ്റൊരു പ്രധാനവേഷത്തില്‍. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന മോഹൻലാലിനൊപ്പമുള്ള ബിഗ് ബജറ്റ് ചിത്രവും മമ്മൂട്ടിയുടേതായി വരുന്നുണ്ട്.
മഹേഷ് നാരായണൻ ചിത്രത്തിലേക്ക് വീണ്ടും മമ്മൂട്ടി എത്തുന്നു എന്നാണ് സൂചന. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ രംഗങ്ങളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. മമ്മൂട്ടി എത്തുന്നതിനു മുൻപ് അടുത്ത ആഴ്ച മോഹൻലാൽ, നയൻതാര, കുഞ്ചാക്കോ ബോബൻ എന്നിവരും ജോയിൻ ചെയ്യും. ഈ താരങ്ങളുമായി മമ്മൂട്ടിക്ക് കോമ്പിനേഷൻ സീനുകളുണ്ട്. കൊച്ചിക്ക് പുറമേ ശ്രീലങ്ക, ഹൈദരാബാദ്, ലണ്ടൻ, നാഗർകോവിൽ എന്നിവിടങ്ങളിലും ചിത്രീകരണം അവശേഷിക്കുന്നുണ്ട്. ഇതിനുശേഷം വീണ്ടും കൊച്ചിയിൽ ഒരു ഷെഡ്യൂൾ കൂടിയുണ്ട്.
മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ചിത്രമായതു കൊണ്ട് ഈ മഹേഷ് നാരായണൻ ചിത്രത്തെ ഏറെ ആവേശത്തോടെ
കാത്തിരിക്കുകയാണ് ആരാധകർ. വൻ താരനിരയിൽ ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലൂടെ ഇതാദ്യമായി മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണൻ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട്. രഞ്ജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് തുടങ്ങിയവരോടൊപ്പം മദ്രാസ് കഫേ, പത്താൻ തുടങ്ങിയ സിനിമയിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നുണ്ട്.