-->
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നാടുകടത്താന്‍ വിധിക്കപ്പെട്ട പാകിസ്താന്‍ പൗരന്മാരില്‍ ശൗര്യചക്ര പുരസ്‌കാര ജേതാവിന്റെ മാതാവും. ഭീകരവിരുദ്ധ പോരാട്ടത്തിനിടെ വീരമൃത്യു വരിച്ച കോണ്‍സ്റ്റബിള്‍ മുദാസിര്‍ അഹമ്മദ് ഷെയ്ഖിന്റെ മാതാവ് ഷമീമ അക്തറിനാണ് ദുര്യോഗം. ജമ്മു കശ്മീരിലുള്ള അറുപതോളം പാക് സ്വദേശികളെയാണ് നാടുകടത്തുന്നത്.
വിവിധ ജില്ലകളില്‍നിന്ന് ഇവരെ കണ്ടെത്തി ബസുകളില്‍ പഞ്ചാബിലെത്തിച്ച് വാഗാ അതിര്‍ത്തിയില്‍ പാക് അധികൃതര്‍ക്കു കൈമാറാനാണു തീരുമാനം. 2010-ലെ പുനരധിവാസ നയപ്രകാരം താഴ്‌വരയിലേക്കു തിരികെയെത്തിയ മുന്‍ തീവ്രവാദികളുടെ ഭാര്യമാരും കുട്ടികളും അടക്കമുള്ളവരാണിവര്‍. ഇവരില്‍ 36 പേര്‍ ശ്രീനഗറിലും ഒന്‍പതുപേര്‍വീതം ബാരാമുള്ളയിലും കുപ്‌വാരയിലുമാണ് താമസിച്ചിരുന്നത്. നാലുപേര്‍ ബുദ്ഗാമിലും രണ്ടുപേര്‍ ഷോപിയാന്‍ ജില്ലയിലും. ഇവരിലൊരാളാണ് ഷമീമ അക്തറെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതിര്‍ത്തി കടന്നെത്തുന്ന ഭീകരരെ തടയാന്‍ നിയോഗിക്കപ്പെട്ട ജമ്മു കശ്മീര്‍ പോലീസിലെ രഹസ്യാന്വേഷണ സംഘാംഗമായിരുന്ന മുദാസിര്‍ അഹമ്മദ് ഷെയ്ഖ്. ഭീകരവിരുദ്ധ ദൗത്യത്തിനിടെ 2022 മേയില്‍ മുദാസിര്‍ വീരമൃത്യു വരിച്ചു. തുടര്‍ന്ന് മരണാനന്തര ബഹുമതിയായി ശൗര്യചക്ര നല്‍കി ആദരിച്ചു. ഭര്‍ത്താവിനൊപ്പമെത്തി ഷമീമ അക്തര്‍ 2023 മേയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍നിന്ന് പുരസ്‌കാരം സ്വീകരിച്ചു.
ഇതിനിടയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ മുദാസിറിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ബാരാമുള്ളയിലെ ടൗണ്‍ സ്‌ക്വയറിന് ഷഹീദ് മുദാസിര്‍ ചൗക് എന്ന് നാമകരണം ചെയ്തിട്ടുമുണ്ട്. പാക് അധീന കശ്മീര്‍ സ്വദേശിനിയായ ഷമീമ അക്തര്‍ 1990-ലാണ് പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മക്‌സൂദിനെ വിവാഹം കഴിച്ച് ബാരാമുള്ളയിലെത്തിയത്. 45 വര്‍ഷമായി ഇവിടെ താമസിക്കുന്ന ഷമീമയെ നാടുകടത്തേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്ന് ഉറ്റബന്ധുക്കള്‍ പ്രതികരിച്ചു. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ മണ്ണാണെന്നും പാകിസ്താനികളെ മാത്രമേ നാടുകടത്താന്‍ പാടുള്ളൂവെന്നുമായിരുന്നു അവരുടെ അടുത്തബന്ധുക്കളില്‍ ചിലരുടെ വാദം.