-->
തുടരും സിനിമയ്ക്ക് ലഭിക്കുന്ന ഹൃദയസ്പര്‍ശിയായ പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ മോഹന്‍ലാല്‍. പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ പ്രതികരണങ്ങള്‍ തന്നെ ആഴത്തില്‍ സ്പര്‍ശിക്കുകയും വിനീതനാക്കുകയും ചെയ്യുന്നുവെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘തുടരും എന്ന സിനിമയോടുളള നിങ്ങളുടെ സ്‌നേഹവും ഹൃദയസ്പര്‍ശിയായ പ്രതിരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ഓരോ സന്ദേശവും അഭിനന്ദനത്തിന്റെ ഓരോ വാക്കുകളും കണ്ട് മറുപടി പറയാന്‍ വാക്കുകള്‍ നഷ്ടമാവുകയാണ്. ഈ അഭിനന്ദന സന്ദേശങ്ങള്‍ എന്നെ കൂടുതല്‍ വിനീതനാക്കുന്നു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയം തുറന്നതിന്, അതിന്റെ ആത്മാവ് കണ്ടെത്തിയതിന് നന്ദി. ഈ നന്ദിവാക്കുകള്‍ എന്റേത് മാത്രമല്ല , ഓരോ ഫ്രെയിമിലും എനിക്കൊപ്പം നടന്ന് അവരുടെ സ്‌നേഹവും കഠിനാധ്വാനവും ആത്മാവും അര്‍പ്പിച്ച് എന്നോടൊപ്പം ഈ യാത്രയില്‍ സഞ്ചരിച്ച ഓരോ വ്യക്തികളുടേതുമാണ്.
രഞ്ജിത്ത് എം, തരുണ്‍ മൂര്‍ത്തി, കെ ആര്‍ സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ, ഷാജി കുമാര്‍, ജേക്‌സ് ബിജോയ് , പകരം വയ്ക്കാനില്ലാത്ത ഞങ്ങളുടെ ടീം, നിങ്ങളുടെ കലാപരമായ കഴിവും അഭിനിവേശവുമാണ് തുടുരും എന്ന സിനിമയെ അതിന്റെ ലക്ഷ്യത്തിലെത്തിച്ചത്. ഈ സിനിമ ശ്രദ്ധയോടെ ലക്ഷ്യബോധത്തോടെ എല്ലാറ്റിനുമുപരി സത്യസന്ധമായാണ് നിര്‍മിച്ചത്. ഇത്രയും ആഴത്തില്‍ അത് പ്രതിധ്വനിക്കുന്നത് കാണുന്നതാണ് ഏറ്റവും വലിയ പ്രതിഫലം. ഇതൊരു അനുഗ്രഹമാണ്. എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി’ മോഹന്‍ലാല്‍ കുറിച്ചു.