-->
കൊച്ചി: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശി എന്‍ രാമചന്ദ്രന് നാട് വിട നല്‍കി. പൊതുദര്‍ശനത്തിനും സംസ്‌ക്കാര ശുശ്രൂഷകള്‍ക്കും ശേഷം ഇടപ്പള്ളി ശ്മശാനത്തില്‍ മൃതദേഹം ചിതയില്‍ വെച്ചു. കേരളത്തിന്റെയും ഗോവയുടേയും ഗവര്‍ണര്‍മാരും കേന്ദ്ര സംസ്ഥാന മന്ത്രിമാരും എംപിമാരും എംഎല്‍എ മാരും അന്തിമോപചാരം അര്‍പ്പിച്ച ശേഷം പുര്‍ണ്ണ ബഹുമതികളോടെയായിരുന്നു സംസ്‌ക്കാരം.
ഒന്നരയോടെയാണ് രാമചന്ദ്രന്റെ മക്കള്‍ ചിതയ്ക്ക് തീ കൊളുത്തിയത്. ഇന്ന് രാവിലെ ചങ്ങമ്പുഴ പാര്‍ക്കില്‍ അനേകായിരങ്ങളാണ് രാമചന്ദ്രന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. വിവിധ ജില്ലകളില്‍ നിന്നും ആള്‍ക്കാര്‍ ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്കിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. രാവിലെ 7 ന് ആരംഭിച്ച പൊതുദര്‍ശനത്തില്‍ ജില്ലാ കളക്ടര്‍, ഹൈബി ഈഡന്‍ എംപി, മന്ത്രി പി രാജീവ്, വി.ഡി. സതീശന്‍. ഗവര്‍ണര്‍മാരായ ആര്‍ലേക്കര്‍, ശ്രീധരന്‍ പിള്ള, സുരേഷ്‌ഗോപി, വി. മുരളീധരന്‍ തുടങ്ങി നിരവധി പ്രമുഖര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയ രാമചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ചങ്ങമ്പുഴ പാര്‍ക്കിലെത്തിയിരുന്നു.
കുടുംബത്തിന്റെ ആഗ്രഹപ്രകാരം പോലീസ് സംഘം വീട്ടിലെത്തിയാണ് രാമചന്ദ്രന് ആദരം അര്‍പ്പിച്ചത്. ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തിലായിരുന്നു രാമചന്ദ്രന്‍ കൊല്ലപ്പെട്ടത്. ഭാര്യയ്ക്കും മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം കശ്മീരിലേക്ക് യാത്രപോയ രാമചന്ദ്രന്‍ മകളുടെ കണ്‍മുന്നില്‍വെച്ചാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മകള്‍ ആരതിക്കുനേരെ ഭീകരര്‍ തോക്കുചൂണ്ടിയെങ്കിലും വെറുതെവിട്ടു.
പഹല്‍ഗാമിലെ ബൈസരണ്‍വാലിയിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഭീകരാക്രമണമുണ്ടായത്. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ലഷ്‌കര്‍ നേതാവ് സെയ്ഫുളള കസൂരിയാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് വിവരം.