-->
ഒരു ചര്‍ച്ച: ചര്‍ച്ചയില്‍ ഒരു തര്‍ക്കം. ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് മൂന്നു പേര്‍. നിര്‍മാതാവ്, സംവിധായകന്‍, കഥാകൃത്ത്. യേശുക്രിസ്തുവിന്റെ ജീവിതം ചിത്രീകരിക്കുന്ന ഒരു സിനിമ നിര്‍മിക്കുന്നതിനെപ്പറ്റിയാണ് ചര്‍ച്ച. കഥ നിര്‍മാതാവിനും സംവിധായകനും ഇഷ്ടപ്പെട്ടു. കഥാപാത്രങ്ങളെയും തീരുമാനിച്ചുറപ്പിച്ചു.
ഷൂട്ടിങ്ങിനു ഹോളിലന്‍ഡില്‍ പോകാനുള്ള ക്രമീകരണങ്ങള്‍വരെ ചെയ്തു കഴിഞ്ഞു. സിനിമയില്‍ ചേര്‍ക്കാനുള്ള ഗാനങ്ങളും തെരഞ്ഞെടുത്തു. അങ്ങനെ ചിട്ടവട്ടങ്ങളെല്ലാം ഒരുക്കി മുമ്പോട്ടു നീങ്ങുമ്പോഴാണു തര്‍ക്കമുണ്ടാകുന്നത്. കഥയുടെ ക്ലൈമാക്‌സില്‍ ഒരു ട്വിസ്റ്റ് വേണമെന്നാണ് നിര്‍മാതാവിന്റെ ആഗ്രഹം. അതായത്, ഉത്ഥാനരംഗം ഒഴിവാക്കുക; കുരിശുമരണത്തോടെ കഥ അവസാനിക്കണം. ഇവന്‍ ഇസ്രയേലിന്റെ രാജാവാണല്ലോ, കുരിശില്‍ നിന്നിറങ്ങിവരട്ടെ. ഞങ്ങള്‍ ഇവനില്‍ വിശ്വസിക്കാം (മത്തായി 27:42).
ഈ വെല്ലുവിളി സ്വീകരിച്ചുകൊണ്ട്, യേശു കുരിശില്‍ നിന്നറങ്ങിവരണം. വെല്ലുവിളിച്ചു നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിന്റെ മധ്യത്തില്‍ ഉദയസൂര്യശോഭയോടെ മഹത്വപൂര്‍ണനായി നില്‍ക്കുന്നതോടെ കഥ അവസാനിക്കണം! ഇതില്‍ ഡ്രാമാറ്റിക്ക് ഇഫക്ടുണ്ട്, സര്‍പ്രൈസുണ്ട്, ശത്രുക്കള്‍ക്കുള്ള ചുട്ടമറുപടിയുമാകും.
സംവിധായകന്‍ ഒരു പക്ഷവും ചേര്‍ന്നില്ല. തീരുമാനമനുസരിച്ചു സംവിധാനം നിര്‍വഹിച്ചുകൊള്ളാമെന്നു പറഞ്ഞു. പക്ഷേ, കഥാകൃത്ത് അതിനു വഴങ്ങിയില്ല, എന്തുകൊണ്ട്? പരിശോധിക്കാം.
നാട്യശാസ്ത്രവിധിയനുസരിച്ച്, ലക്ഷണമൊത്ത ഒരു കഥയ്ക്ക് ആന്റിക്ലൈമാക്‌സും ക്ലൈമാക്‌സും കഥാര്‍സിസും ഉണ്ടാവണം. യേശുവിന്റെ കുരിശുമരണം ക്ലൈമാക്‌സ് അല്ല, ആന്റിക്ലൈമാക്‌സ് ആണ്. ക്ലൈമാക്‌സ് ഉത്ഥാന സംഭവമാണ്. കുരിശുമരണം കഴിഞ്ഞുള്ള മൂന്നു ദിവസം ഡ്രാഗിങ് സൃഷ്ടിക്കുമെന്നാണ് നിര്‍മാതാവിന്റെ വാദം. അതു ശരിയല്ല. മരണസമയത്തുണ്ടായ സംഭവങ്ങള്‍ ശ്രദ്ധിച്ചാല്‍ അതു മനസിലാകും.
യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് ജീവന്‍ വെടിഞ്ഞു. അപ്പോള്‍ ദൈവാലയത്തിലെ തിരശീലകള്‍ മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി. ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു (മത്തായി 27:51). ഇനി എന്താണു സംഭവിക്കാന്‍ പോകുന്നത് എന്നറിയാതെ ആളുകള്‍ അന്ധാളിച്ചു നിന്നുപോയി. തിരുവചനം പറയുന്നു: യേശുവിനു കാവല്‍ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെയുണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു (മത്തായി 27:54). അതിശക്തമായ സസ്‌പെന്‍സാണ് അവിടെയുണ്ടായത്. ആ സസ്‌പെന്‍സ് തുടരുന്നു എന്നതിനുള്ള തെളിവാണ് പ്രധാന പുരോഹിതന്മാരുടെയും ഫരിസേയരുടെയും അങ്കലാപ്പും പരിഭ്രമവും. അവര്‍ പീലാത്തോസിന്റെ അടുത്തു ചെന്നു പറയുന്നു: യജമാനനേ, മൂന്നു ദിവസം കഴിഞ്ഞു ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ആ വഞ്ചകന്‍ ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞതു ഞങ്ങള്‍ ഇപ്പോള്‍ ഓര്‍മിക്കുന്നു (മത്തായി 27:63). അതുകൊണ്ട് അവര്‍ പീലാത്തോസിന്റെ അനുമതി വാങ്ങി യേശുവിന്റെ കല്ലറയ്ക്കു കാവല്‍ ഏര്‍പ്പെടുത്തുന്നു.
കല്ലറയിലാണ് യഥാര്‍ഥ ക്ലൈമാക്‌സ് ഉണ്ടാകുന്നത്. മഗ്ദലന മറിയവും മറ്റേ മറിയവും കല്ലറ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ വലിയ ഭൂകമ്പമുണ്ടായി, കര്‍ത്താവിന്റെ ദൂതന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്നു, കല്ലുരുട്ടിമാറ്റി അതിന്മേല്‍ ഇരുന്നു. അവന്റെ മുഖം മിന്നല്‍പ്പിണര്‍ പോലെ ആയിരുന്നു. വസ്ത്രം മഞ്ഞുപോലെ വെളുത്തതും. അവനെക്കുറിച്ചുള്ള ഭയം നിമിത്തം കാവല്‍ക്കാര്‍ മരിച്ചവരെപ്പോലെയായി (മത്തായി 27: 2-5).
ആന്റിക്ലൈമാക്‌സും ക്ലൈമാക്‌സും കഴിഞ്ഞുള്ള സംഭവ പരമ്പരകളിലൂടെയെല്ലാം നടന്നതു കഥാര്‍സിസ് ആണ്. അപ്പസ്‌തോലന്മാര്‍ക്കു പ്രത്യക്ഷപ്പെടുന്നതും അവരുടെ സംശയനിവാരണം വരുത്തുന്നതും പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്തിലൂടെ അത്ഭുതങ്ങളും അടയാളങ്ങളുണ്ടാകുന്നതും തിരുസഭ സ്ഥാപിതമാകുന്നതും അപ്പസ്‌തോലന്മാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു പോകുന്നതുമെല്ലാം കത്താര്‍സിസിന്റെ ഭാഗമാണ്.
ചുരുക്കത്തില്‍ യേശുവിന്റെ രക്ഷാകരവേല അപ്പസ്‌തോലന്മാര്‍ തുടര്‍ന്നു. അതോടൊപ്പം അവരുടെ പിന്‍ഗാമികളും അതു തുടര്‍ന്നു; ഇന്നും അതു തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ചര്‍ച്ചയില്‍ പങ്കെടുത്ത മൂന്നു പേരും നമ്മുടെ പ്രതിനിധികളാണ്. മൂന്നു പേര്‍ക്കും മൂന്നു ചിന്തകളും മൂന്നു നിലപാടുകളുമാണ്. പത്തു പേര്‍ കൂടിയാല്‍ പത്തു തരത്തിലുള്ള ചിന്തകളും നിലപാടുകളുമുണ്ടാകും. നൂറു പേരായാലും അതുതന്നെയാവും സംഭവിക്കുക.
ഇങ്ങനെയൊരു രക്ഷാകര പദ്ധതിയുടെ ആവശ്യംതന്നെയുണ്ടോ എന്നു ചിന്തിക്കുന്നവരുമുണ്ടാകാം. ആദിമാതാപിക്കാന്മാര്‍ പാപം ചെയ്തു. അത് ഒരു ലഘുപാപമായിട്ടേ തോന്നൂ. കൊടും കുറ്റവാളികളോടുപോലും ക്ഷമിക്കുന്ന ദൈവത്തിന്, ആ പാപം ഒന്നു ക്ഷമിച്ചു കൂടായിരുന്നോ? എങ്കില്‍പ്പിന്നെ ഇങ്ങനെയൊരു പദ്ധതിതന്നെ വേണ്ടിവരില്ലായിരുന്നല്ലോ!
രക്ഷാകര പദ്ധതിയിലെ ഓരോ സംഭവത്തെപ്പറ്റിയും വ്യത്യസ്തങ്ങളായ നിലപാടുകളുണ്ടാകാം. ഉദാഹരണത്തിനു യേശുവിന്റെ ജനനം. അതു കാലിത്തൊഴുത്തിലാണു നടന്നത്. ഏതെങ്കിലും രാജകൊട്ടാരത്തിലല്ലേ നടക്കേണ്ടിയിരുന്നത്. യേശുവിന്റെ ജനന സമയത്ത് എത്രയോ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളാണ് വധിക്കപ്പെട്ടത്! അങ്ങനെ നൂറുനൂറ് ചോദ്യങ്ങള്‍ ഉയരാം. അതിനുള്ള ഏക മറുപടി മാനുഷിക പദ്ധതികളല്ല, ദൈവികപദ്ധതി എന്നുമാത്രം.
ദൈവികപദ്ധതിയില്‍, മനുഷ്യപാപങ്ങള്‍ക്കു പരിഹാരം ചെയ്യാന്‍ ദൈവം മനുഷ്യനായി അവതരിക്കുകതന്നെ വേണം. യേശു പരിപൂര്‍ണ മനുഷ്യനാണ്. പാപം ഒഴികെ എല്ലാ കാര്യങ്ങളിലും അവിടുന്നു മനുഷ്യനാണ്. ബലഹീനനായ ഒരു ശിശുവായി ജനിക്കുന്നു. മാതാപിതാക്കളുടെ സംരക്ഷണയില്‍ വളരുന്നു, പരീക്ഷിക്കപ്പെടുന്നു. പരസ്യജീവിതത്തില്‍ ചുങ്കക്കാരോടും പാപികളോടുമൊപ്പം ജീവിക്കുന്നു. അങ്ങനെ, പച്ചയായ ഒരു മനുഷ്യനാണ് യേശു. മനുഷ്യന്റെ പാപങ്ങള്‍ക്കു ദൈവമാണോ പരിഹാരം ചെയ്യേണ്ടത്? അവിടെയാണു ദൈവത്തിന്റെ കരുണയും സ്‌നേഹവും കാണുന്നത്.
യേശുവിന്റെ അത്ഭുതകരമായ ശൂന്യവത്ക്കരണമാണു മനുഷ്യാവതാരത്തില്‍ ദര്‍ശിക്കുന്നത്.
പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്ക് ആകാശമുണ്ട്, മനുഷ്യപുത്രനു തല ചായ്ക്കാന്‍ ഇടമില്ലാത്ത അവസ്ഥ. ഒരു തെറ്റും ചെയ്യാത്ത യേശു പാപികളില്‍ ഒരുവനായി എണ്ണപ്പെടുന്നു. സെന്‍ ഹേദ്രനും റോമന്‍ കോടതിയും കുറ്റക്കാരനായി വിധിക്കുന്നു. നല്‍കിയ ശിക്ഷയാകട്ടെ, ഏറ്റവും നിന്ദ്യവും നികൃഷ്ടവുമായ കുരിശുമരണം. ഏറ്റവും കൊടിയ പാപികള്‍ക്ക് റോമന്‍ നിയമനുസരിച്ചു നല്‍കുന്ന ശിക്ഷയാണു കുരിശുമരണം. യേശുവിന്റെ ഇരുവശങ്ങളിലും തൂക്കപ്പെട്ട കള്ളന്മാര്‍ കൊടുംപാപികളാണ്. അവര്‍ക്കൊപ്പമാണ് അവിടുന്നു പരിഗണിക്കപ്പെട്ടത്. അവരെ കുരിശില്‍ തറക്കുന്നതായിമാത്രമേ നമ്മള്‍ കാണുന്നുള്ളൂ.
എന്നാല്‍, യേശുവിനെയാകട്ടെ, ഒരു മനുഷ്യനു ചിന്തിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള നിന്ദനവും അവഹേളനവും പീഡനങ്ങളും നല്കിക്കൊണ്ടു തെരുവിലൂടെ വലിച്ചിഴച്ച്, അവിടുത്തെ തറയ്ക്കാനുള്ള കുരിശും ചുമപ്പിച്ചുകൊണ്ടാണു കൊലക്കള്ളത്തിലേക്കു കൊണ്ടുപോകുന്നത്. ശത്രുക്കളുടെ പീഡനത്തേക്കാള്‍ അസഹ്യമായിരുന്നു തന്റെ അരുമ ശിഷ്യന്മാരില്‍ നിന്നുപോലും ഉണ്ടായത്. യൂദാസ് ഒറ്റിക്കൊടുക്കുന്നു, പത്രോസ് തള്ളിപ്പറയുന്നു, യോഹന്നാനൊഴികെ ആരെയും അവിടെ കാണുന്നില്ല. എല്ലാവരാലും അവഗണിക്കപ്പെട്ട, ഒറ്റപ്പെടുത്തപ്പെട്ട നിമിഷങ്ങള്‍! ഒരു ബന്ധവുമില്ലാത്ത കെവുറീന്‍കാരന്‍ ശിമയോനാണ്, കുരിശു ചുമക്കാന്‍ സഹായിക്കാന്‍ നിയോഗിക്കപ്പെടുന്നത്. കുരിശില്‍ക്കിടന്നു മരണവേദനയാല്‍ പുളയുന്ന അവിടുത്തേക്കു കുടിക്കാന്‍ കൊടുക്കുന്നത് നീര്‍പ്പഞ്ഞിയില്‍ മുക്കിയ വിനാഗിരി! അന്ധന്മാര്‍ക്കു കാഴ്ചയും ചെകിടന്മാര്‍ക്കു കേള്‍വിയും കുഷ്ഠരോഗികള്‍ക്കു സൗഖ്യവും പിശാചുബാധിതര്‍ക്കു മോചനവും തളവര്‍വാത രോഗികള്‍ക്കു സൗഖ്യവുമൊക്കെ നല്‍കി നന്മ ചെയ്തുകൊണ്ടു കടന്നുപോയ യേശുവിനു ലഭിച്ച പ്രതിഫലം കുരിശുമരണം! അതുകൊണ്ടാണു പൗലോസ് ശ്ലീഹാ പറയുന്നതുപോലെ യഹൂദന്മാര്‍ക്ക് ഇടര്‍ച്ചയും പ്രീശന്മാര്‍ക്കു ദോഷത്തവുമായ കുരിശുമരണം! ആന്റി ക്ലൈമാക്‌സായ കുരിശുമരണം കഴിഞ്ഞു പുനരുത്ഥാനമാകുന്ന ക്ലൈമാക്‌സിലേക്കു കടക്കുമ്പോള്‍ ലഭ്യമാകുന്ന ശാന്തിയും സമാധാനവും കണ്ണു കണ്ടിട്ടില്ലാത്തതും ചെവി കേട്ടിട്ടില്ലാത്തതുമായ സ്വര്‍ഗസൗഭാഗ്യം!
എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവന്‍ തന്റെ കുരിശുമെടുത്ത് എന്റെ പിന്നാലെ വരട്ടെ എന്ന് യേശു പറഞ്ഞതിന്റെ പൊരുള്‍ ഇതാണ്.
(ലേഖകന്റെ ഫോണ്‍: 9048117875)