-->
മലയാളി ആരാധകര്‍ക്കായി മയലാളത്തില്‍ വിഷു ആശംസിച്ച് ബോളിവുഡ് താരവും ശ്രീദേവിയുടെ മകളുമായ ജാന്‍വി കപൂര്‍. മലയാളത്തിലും തമിഴിലും പ്രത്യേകം വീഡിയോ ആശംസയാണ് ജാന്‍വി പങ്കുവെച്ചിരിക്കുന്നത്. നടന്‍ റോഷന്‍ മാത്യുവും സംവിധായകനായ മാത്തുക്കുട്ടി സേവ്യറുമാണ് തന്റെ മലയാളം ഗുരുക്കളെന്നും കുറിപ്പില്‍ ജാന്‍വി പറയുന്നുണ്ട്.
‘എന്റെ മലയാളി-തമിഴ് കുടുംബാംഗങ്ങള്‍ക്ക് വരാനിരിക്കുന്ന വര്‍ഷം സ്‌നേഹവും സമൃദ്ധിയും സന്തോഷവും നിറഞ്ഞതായിരിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. നിങ്ങള്‍ എപ്പോഴും എനിക്ക് വളരെയധികം സ്‌നേഹവും പ്രോത്സാഹനവും നല്‍കി ഞാന്‍ നിങ്ങളുടെ ഭാഗമാണെന്ന് എന്നും എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. നിങ്ങളുടെ സ്‌നേഹം വിലമതിക്കാന്‍ കഴിയാത്തതാണ്. നിങ്ങളുടെ മധുരതരമായ ഭാഷയില്‍ തന്നെ ഈ ആശംസ പങ്കുവെച്ചില്ലെങ്കില്‍ നിങ്ങളുടെ സ്‌നേഹത്തിന് ഞാന്‍ അര്‍ഹയല്ല എന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടു തന്നെ എന്റെ ഈ ശ്രമത്തില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കൂ.
ഞാന്‍ പറയുന്നതില്‍ തെറ്റുകള്‍ ഉണ്ടാകാം. പക്ഷേ ഞാന്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ നിങ്ങള്‍ ആഗഹിക്കുന്ന പൂര്‍ണതയില്‍ ഞാന്‍ എത്തുകതന്നെ ചെയ്യും. എന്നെ മലയാളം പഠിപ്പിച്ച എന്റെ ഗുരുക്കന്മാരായ റോഷന്‍ മാത്യു, മാത്തുക്കുട്ടി സേവ്യര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക നന്ദി അറിയിക്കുന്നു.
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍. ഈ വര്‍ഷം സുഖവും സമൃദ്ധിയും നല്‍കട്ടെ. നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹത്തിന് ഒരുപാട് നന്ദി ’ജാന്‍വിയുടെ വാക്കുകള്‍.