-->
പൊതു വിദ്യാഭ്യാസ മേഖലയിൽ കിഫ്‌ബി ഫണ്ട് വരുത്തിയ വിപ്ലവകരമായ മാറ്റങ്ങളെന്നും സംസ്ഥാനത്ത് സർക്കാർ സ്കൂളുകളുടെ മുഖച്ഛായ മാറുകയാണെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്‌കൂളുകളിലെ ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി കിഫ്ബി ധനസഹായം വലിയ പങ്കുവഹിച്ചുവെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിൽ ഇപ്പോൾ കുട്ടികൾക്ക് പഠിക്കാൻ എസി മുറികൾ പോലുമുണ്ട്. സംസ്ഥാനത്ത് കിഫ്ബിയുടെ പിന്തുണയോടെ പുതുമോടിയിലെത്തുന്നത് 973 സർക്കാർ സ്കൂളുകളാണെന്നും 52,000 ക്ലാസ് മുറികൾ ഹൈടെക് ആക്കിയെന്നും മന്ത്രി പറഞ്ഞു. 3.75 ലക്ഷത്തോളം ഉപകരണങ്ങളും കിഫ്ബി വഴി വാങ്ങിനൽകി. ഏതാണ്ട് 2565 കോടി രൂപയുടെ ഭരണാനുമതി കിഫ്ബി മുഖേന ഭൗതിക സൗകര്യ വികസനത്തിനായി വിദ്യാഭ്യാസ വകുപ്പിന് ലഭ്യമായിട്ടുണ്ട്.
973 സ്കൂളുകൾക്ക് കിഫ്ബി വഴി ഫണ്ട് അനുവദിച്ചതിൽ 519 ഇടത്ത് പദ്ധതികൾ പൂർത്തിയായി. 454 ഇടത്ത് പുരോമഗിക്കുന്നു. എസിയുള്ള ക്ലാസ് മുറികളും ലിഫ്റ്റ് വച്ച സ്കൂളുകളുമാണ് കുട്ടികളുടെ ആവശ്യവും ആകര്‍ഷണവും. കെട്ടിട നിര്‍മാണത്തില്‍ മാത്രമല്ല, ഹൈടെക്കും സ്മാര്‍ട്ടുമായി ക്ലാസ് മുറികളെ മാറ്റി വിദ്യാഭ്യാസരംഗം ഡിജിറ്റൽവൽകരിക്കുന്നതിലും കിഫ്ബിക്ക് വലിയ പങ്കുണ്ടെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.
5 കോടി, 3 കോടി, 1 കോടി എന്നിങ്ങനെയുള്ള കിഫ്ബി ധനസഹായമാണ് പ്രാരംഭഘട്ടത്തിൽ സ്കൂളുകൾക്ക് വിഭാവനം ചെയ്തിട്ടുള്ളത്. ഫിഷറീസ് വകുപ്പിലൂടെയും മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന 57 സ്കൂളുകൾക്ക് 66 കോടി രൂപ ഭൗതിക സൗകര്യ വികസനത്തിനായി പ്രയോജനപ്പെടുത്തി. കായികവകുപ്പിന്റെ 5 സ്കൂളുകളുടെ കളിസ്ഥലം നിർമാണവുമായി ബന്ധപ്പെട്ട് 76.38 കോടി രൂപയുടെ പദ്ധതികൾക്കും കിഫ്ബി ധനസഹായം ലഭിച്ചു.
ഹൈടെക് സ്‌കൂൾ, ഹൈടെക് ലാബ് പദ്ധതി പ്രകാരം ലാപ്‌ടോപ്പ്, മൾട്ടിമീഡിയ, പ്രൊജക്ടർ, യുഎസ്ബി, സ്പീക്കർ, മൗണ്ടിങ് കിറ്റ്, സ്‌ക്രീൻ, ടെലിവിഷൻ, പ്രിൻറർ, ക്യാമറ എന്നിവ കിഫ്ബി മുഖേന വിവിധ സ്‌കൂളുകൾക്ക് വിതരണം ചെയ്തു. ഒന്ന് മുതൽ 12 വരെ ക്ലാസുകൾ ഉള്ള 16027 സ്‌കൂളുകളിൽ 3,74,274 ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്തു. 4752 സെക്കൻഡറി, ഹയർ സെക്കൻഡറി സ്‌കൂളുകളിലെ 45,000 ക്ലാസ് ക്ലാസ് മുറികൾ ഹൈടെക് ആക്കുകയും 16275 പ്രൈമറി വിഭാഗം സ്‌കൂളുകളിൽ ഹൈടെക് ലാബ് പദ്ധതി നടപ്പിലാക്കി.
സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്‌കൂളുകൾ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിന് കൈറ്റ് 682.06 കോടി രൂപ കിഫ്ബി മുഖേന ചെലവഴിച്ചിട്ടുണ്ട്. ക്ലാസ് റൂമുകൾ, ടീച്ചേഴ്സ് റൂം, എച്ച്എമ്മിന്റെയും പ്രിൻസിപ്പലിന്റെയും മുറികൾ, ഗ്രൗണ്ട് തുടങ്ങിയവയുടെ നവീകരണവും നടത്തി. അടുത്ത പത്തിരുപതു വർഷക്കാലത്തേക്ക് മറ്റൊരു നിർമാണപ്രവർത്തനങ്ങളും ആവശ്യമില്ലാത്ത നിലയിലുള്ള സംവിധാനങ്ങളാണ് ക്ലാസ് മുറികളിലുള്ളത്. സാങ്കേതിക തികവുള്ള ക്ലാസ് റൂമുകളിൽ പരിശീലിപ്പിക്കാൻ അധ്യാപകർക്കും സാങ്കേതിക പരിശീലനം കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എട്ട് മുതൽ 12 വരെയുള്ള ക്ലാസുകളിലെ 45,000 ക്ലാസ് മുറികൾ സാങ്കേതികവിദ്യാ സൗഹൃദമാക്കി. പ്രൈമറി സ്‌കൂളുകളിൽ കമ്പ്യൂട്ടർ ലാബുകൾ ഒരുക്കി. ഇതുവഴി ഒരുതരത്തിലുമുള്ള വിവേചനവും ഇല്ലാതെ മുഴുവൻ കുട്ടികൾക്കും പഠനത്തിന്റെ ഭാഗമായി നിർഭയമായി ആധുനിക സാങ്കേതിക ഉപകരണങ്ങൾ പ്രാപ്യമാക്കുന്ന അവസ്ഥയുണ്ടായി. എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം എന്ന സംസ്ഥാനത്തിന്റെ പുതുനിലപാട് ഉയർത്തിപ്പിടിക്കുവാൻ ഇതുവഴി സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
സമഗ്ര പ്ലസ്, സമ്പൂർണ, സഹിതം പോർട്ടലുകൾക്ക് പുറമേ ഇന്ത്യയിലെ സ്‌കൂൾ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്‌സ് പദ്ധതിക്കും ഈ സംവിധാനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ സ്‌കൂളുകളിൽ ഡിജിറ്റൽ വിദ്യാഭ്യാസം പ്രാവർത്തികമാക്കുന്നതിന് കിഫ്ബിയുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മണ്ഡലമായ തിരുവനന്തപുരം ജില്ലയിലെ നേമത്തെ കിഫ്ബി പദ്ധതികളെക്കുറിച്ച് മന്ത്രി വി. ശിവൻകുട്ടി....